അദാനി തട്ടിപ്പ്: ഇനിയും കൊള്ള അനുവദിക്കരുത്
ഓഹരിമൂല്യവും വിപണിമൂല്യവും പെരുപ്പിച്ചുകാട്ടാൻ അടുപ്പമുള്ള വിദേശ കമ്പനികൾ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികൾ തന്നെ വൻതോതിൽ വാങ്ങിക്കൂട്ടിയെന്നാണ് അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ 'ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്' കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ അദാനി ഗ്രൂപ്പിനെതിരേ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിലെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് പുതിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
വിദേശരാജ്യങ്ങളിൽ ഷെൽ കമ്പനികളുണ്ടാക്കി നികുതി വെട്ടിച്ചും കള്ളപ്പണം വെളുപ്പിച്ചും ഓഹരികളിൽ കൃത്രിമം നടത്തിയും തെറ്റായ കണക്കുകൾ അവതരിപ്പിച്ചും കമ്പനികളുടെ മൂല്യം ഉയർത്തി, അദാനി വൻതോതിൽ തട്ടിപ്പ് നടത്തിയെന്നതാണ് ഹിൻഡൻബർഗ് റിപ്പോർട്ടിലുണ്ടായിരുന്നത്. ഹിൻഡൻബർഗിൽ പൊതുവായ ആരോപണങ്ങളാണെങ്കിൽ പുതിയ റിപ്പോർട്ടിൽ അക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ട്.
അദാനി ഗ്രൂപ്പ് കമ്പനികളിലെ മുൻ ഡയരക്ടർമാരും ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ അടുപ്പക്കാരുമായ തായ്‌വാൻ സ്വദേശി ചാങ് ചുങ് ലിങ്ങും യു.എ.ഇ സ്വദേശി നാസർ അലി ഷഹബാൻ അഹ്‌ലിയും മൗറീഷ്യസ്, ബ്രിട്ടിഷ് വെർജിൻ ഐലൻഡ്‌സ്, യു.എ.ഇ എന്നിവിടങ്ങളിലായി 4 കമ്പനികൾ രജിസ്റ്റർ ചെയ്യുകയും 2013-18 കാലയളവിൽ ഈ കമ്പനികളിൽനിന്ന് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപായ ബർമുഡയിലെ ഗ്ലോബൽ ഓപ്പർച്യൂണിറ്റീസ് ഫണ്ടിലേക്കും അവിടെനിന്നു മൗറീഷ്യസിലെ എമർജിങ് ഇന്ത്യ ഫോക്കസ് ഫണ്ട്‌സ്, ഇ.എം റിസർജന്റ് ഫണ്ട് എന്നീ ഫണ്ടുകളിലേക്കും പണമെത്തിച്ചുവെന്നാണ് റിപ്പോർട്ട് വ്യക്തമായി പറയുന്നത്. ഈ പണം ഉപയോഗിച്ച് അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി എന്റർപ്രൈസസ്, അദാനി പോർട്‌സ് എന്നീ കമ്പനികളുടെ ഓഹരികൾ വാങ്ങിക്കൂട്ടി.
2016ൽ മാത്രം 43 കോടി ഡോളറോളം നിക്ഷേപമുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരു കമ്പനിയുടെ പൊതുജനങ്ങൾക്കുള്ള ഓഹരി 25 ശതമാനത്തിൽ താഴെയാണെങ്കിൽ വിനിമയത്തിലുള്ള ഓഹരിയിൽ കുറവുണ്ടാകുകയും ഓഹരി മൂല്യം കുത്തനെ ഉയരുകയും ചെയ്യും. ഇത് കമ്പനി മെച്ചപ്പെട്ട നിലയിലാണെന്ന ധാരണയുണ്ടാക്കും. ഇത് വ്യാജമായുണ്ടാക്കുകയെന്നതാണ് തട്ടിപ്പ്.
മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടിൽ അദാനി ഗ്രൂപ്പ് മാത്രമല്ല, ഓഹരിവിപണിയിലെ തട്ടിപ്പുകൾ തടയുന്ന രാജ്യത്തെ ഏജൻസി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡും (സെബി) പ്രതിക്കൂട്ടിലാണ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഹരി തട്ടിപ്പിനെക്കുറിച്ച് ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് 2014ൽ സെബിയെ അറിയിച്ചിരുന്നെങ്കിലും അവർ ഒരു നടപടിയുമെടുത്തില്ലെന്ന് റിപ്പോർട്ടിലുണ്ട്. നരേന്ദ്രമോദി അധികാരത്തിലെത്തുന്നതിന് നാലുമാസം മുമ്പാണ് ആശയവിനിമയം നടക്കുന്നത്.
മോദി അധികാരത്തിലെത്തിയതോടെ അദ്ദേഹത്തിൻ്റെ സുഹൃത്ത് അദാനിക്കെതിരേ അന്വേഷണം നടത്താൻ സെബി മനപ്പൂർവം മടിച്ചുവെന്ന സൂചനയാണ് റിപ്പോർട്ട് നൽകുന്നത്. 2011 മുതൽ 2017വരെ യു.കെ സിൻഹയായിരുന്നു സെബി ചെയർമാൻ. അദാനി ഗ്രൂപ്പ് മാധ്യമസ്ഥാപനം തുടങ്ങിയപ്പോൾ സിൻഹ അതിന്റെ തലപ്പത്തെത്തി. നിലവിൽ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്കെതിരേ അന്വേഷണം നടത്തുന്നത് ഇതേ സെബിയാണെന്നോർക്കണം. കേസിൽ സുപ്രിംകോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാതെ സെബിയിപ്പോൾ സമയം നീട്ടിവാങ്ങി ഒളിച്ചു കളിക്കുകയാണ്.
അദാനി ഗ്രൂപ്പിന്റെ ആസ്തിയിൽ 100 ബില്യൻ ഡോളർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കൂട്ടിച്ചേർത്തത് സ്റ്റോക്ക് വില വർധനയിലൂടെയാണ്. വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിന്റെ ഏഴ് പ്രധാന കമ്പനികളുടെയും യഥാർഥമൂല്യം നിലവിലുള്ളതിനേക്കാൾ 85 ശതമാനം കുറവാണെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടും പുതിയ റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, നികുതിദായകരുടെ പണം തട്ടിയെടുക്കൽ, അഴിമതി എന്നീ നാല് മേഖലകളിലായി 1,38,000 കോടി രൂപ(17 ബില്യൻ ഡോളർ)യുടെ ഇടപാട് നടന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് അന്വേഷണം നേരിട്ടിട്ടുണ്ട്.
2004-2005 കാലയളവിൽ ഡയമണ്ട് ഇറക്കുമതിക്ക് ഗൗതം അദാനിയുടെ സഹോദരൻ രാജേഷ് അദാനി നേതൃത്വം നൽകി. വ്യാജരേഖ ചമയ്ക്കൽ, നികുതിവെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി രണ്ടുതവണ രാജേഷിനെ അറസ്റ്റു ചെയ്തു. ഇതിനുശേഷം രാജേഷ് അദാനി ഗ്രൂപ്പിന്റെ മാനേജിങ് ഡയരക്ടറായി. ഗൗതം അദാനിയുടെ ഭാര്യാ സഹോദരൻ സമീർ വോറയും വജ്ര വ്യാപാര അഴിമതിയിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ഡയരക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു. പിന്നാലെ അദാനിയുടെ ആസ്‌ത്രേലിയ ഡിവിഷന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടറായി സമീർ നിയമിതനായി. തട്ടിപ്പിനുവേണ്ടി രൂപീകരിച്ച വിദേശത്തെ തട്ടിക്കൂട്ട് കമ്പനികൾ കൈകാര്യം ചെയ്തിരുന്നത് ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയായിരുന്നു.
ഇദ്ദേഹത്തിൻ്റെയോ കൂട്ടാളികളുടെയോ നിയന്ത്രണത്തിൽ മൗറീഷ്യസിൽ 38 ഷെൽ കമ്പനികളുണ്ടെന്ന് വിവിധ റിപ്പോർട്ടുകളിലുണ്ട്. സൈപ്രസ്, യു.എ.ഇ, സിംഗപ്പുർ, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ വിനോദ് അദാനി രഹസ്യമായി നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുണ്ട്.
അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ 43,500 കോടിയുടെ ഓഹരികളുള്ള മൂന്ന് വിദേശ കമ്പനികളുടെ ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കൽ (തടയൽ) നിയമപ്രകാരം നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് കുറച്ച് മാസങ്ങൾക്ക് മുമ്പ് മരവിപ്പിച്ചിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താത്തതിനെ തുടർന്നാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാണ് വിവരം. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുമുമ്പ് ഈ വിദേശ കമ്പനികൾക്ക് അറിയിപ്പ് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച ശേഷം പ്രധാനമന്ത്രി പദവിയേറ്റെടുക്കാൻ നരേന്ദ്രമോദി അഹമ്മദാബാദിൽനിന്ന് ഡൽഹിയിലേക്ക് പറന്നത് അദാനിയുടെ വിമാനത്തിലായിരുന്നു. അവിടുന്നിങ്ങോട്ടാണ് അദാനിയുടെ അത്ഭുതകരമായ വളർച്ചയുടെ തുടക്കം. ഹിൻഡൻബർഗ് റിപ്പോർട്ടും ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടും മുന്നിൽ നിൽക്കുമ്പോൾ രാജ്യത്തെ ഓരോ പൗരനും പ്രധാനമന്ത്രിയോട് ചോദിക്കേണ്ട ചോദ്യമുണ്ട്. മോദീ, താങ്കൾ 2014ൽ പ്രഖ്യാപിച്ച കള്ളപ്പണത്തിനെതിരായ പോരാട്ടം എന്തായി. ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾക്കൊപ്പം ഈ ചോദ്യങ്ങളെയും മുങ്ങിത്താഴാൻ വിടരുത്. രാജ്യത്തെ കൊള്ളയടിക്കാൻ ഒരു കമ്പനിയെ അനുവദിച്ചുകൂടാ.
Content Highlights:Editorial in sep 2 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."