'അവനോന്റെ തല അവനോന് തന്നെ കാക്കണം'; കല്ലേറ് തടുക്കാന്‍ ഹെല്‍മെറ്റ് ധരിച്ച് ബസ് ഓടിച്ച് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍
കൊച്ചി: ബസ് പൊതുജനങ്ങളുടേതാണേലും കണ്ണും തലയും സ്വന്തമാണല്ലോ. അത് സംരക്ഷിക്കേണ്ട ബാധ്യതയും സ്വന്തത്തിന്. പറന്നു വരുന്ന കല്ലുകളെ പ്രതിരോധിക്കാന്‍ ഹെല്‍മെറ്റും ധരിച്ചെത്തി കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ആണ് ഈ ഹര്‍ത്താല്‍ ദിനത്തിലെ രസകരമായ കാഴ്ച. എറണാകുളം ജില്ലയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്ന ലത്തീഫ് പി എസ് ആണ് കല്ലേറില്‍ നിന്ന് തലയ്ക്കും കണ്ണിനും സംരക്ഷണം ലഭിക്കാന്‍ ഹെല്‍മറ്റ് ധരിച്ചെത്തിയത്.
മുന്‍ അനുഭവമാണ് ഹെല്‍മറ്റ് ധരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ലത്തീഫ് പറയുന്നു. പത്തുവര്‍ഷം മുന്‍പ് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് നിന്ന് തൊടുപുഴയ്ക്ക് വരുമ്പോള്‍ കല്ലേറ് കിട്ടിയിരുന്നു. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്ന് ചില്ലിന്റെ തരി കണ്ണില്‍ പോയി. ഇതുമൂലം കണ്ണില്‍ മുറിവുണ്ടായി. രണ്ടുവര്‍ഷത്തോളമാണ് ചികിത്സയില്‍ കഴിഞ്ഞത്. ഇപ്പോഴും ഇടയ്ക്കിടെ കണ്ണിന് വേദനയും കണ്ണില്‍ നിന്ന് വെള്ളം വരുന്നുമുണ്ട്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താലിന് ഹെല്‍മറ്റ് ധരിച്ച് മാത്രമേ സര്‍വീസിന് പോകുകയുള്ളൂ എന്ന് തീരുമാനിച്ചത്- ലത്തീഫ് പറയുന്നു.
ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് കേരള പൊലീസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സുരക്ഷ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇറങ്ങുന്നിടത്ത് മാത്രമേയുള്ളൂ എന്നും ലത്തീഫ് പറയുന്നു.
നിരവധി കെ.എസ്.ആര്.ടി.സി ബസുകളാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തത്. ചിലയിടത്തൊക്കെ ഡ്രൈവര്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."