എ.കെ.ജി സെന്റര്‍ ആക്രമണം: 'കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി'; പൊലിസ് മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും കുറ്റം സമ്മതിപ്പിച്ചതാണെന്ന് ജിതിന്
കോഴിക്കോട്: പൊലിസ് മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും കുറ്റം സമ്മതിപ്പിച്ചതാണെന്ന് എ.കെ.ജി സെന്റര്‍ ആക്രമിച്ച കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്. കോടതിയിലേക്ക് കൊണ്ടുപോകവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജിതിന്.
'ഞാന്‍ ചെയ്തിട്ടില്ല, ഒരു തെളിവുമില്ല, പൊലിസ് മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. എനിക്കെതിരെയുള്ളത് കള്ളക്കേസാണ്'- ജിതിന് പറഞ്ഞു. കഞ്ചാവു കേസില്‍ കുടുക്കുമെന്ന് തന്നെ പൊലിസ് ഭീഷണിപ്പെടുത്തിയെന്നും ജിതിന് കൂട്ടിച്ചേര്‍ത്തു.
അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലിസ് ആവശ്യം. ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് ജിതിന്. ഏറെ വിവാദമായ കേസില്‍ രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ജിതിനാണ് അക്രമണത്തിനുപിന്നിലെന്ന് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചത് ടീഷര്‍ട്ട്, ഷൂസ്, കാര്‍ എന്നിവയില്നിന്നാണെന്ന് അന്വേഷണ സംഘം അവകാശപ്പെടുന്നു. എ.കെ.ജി സെന്ററിന് മുന്നിലെ സി.സി ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യത്തിലുള്ളയാള്‍ ധരിച്ചിരുന്ന തരത്തിലുള്ള ടീഷര്‍ട്ടിട്ട് ജിതിന് ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ടിരുന്നു. ജിതിന് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പ്രത്യേക ബ്രാന്‍ഡിന്റേതാണെന്ന് പരിശോധനയില്‍ മനസ്സിലായി. വസ്ത്രങ്ങള്‍ വിറ്റ കടയില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇവിടെനിന്ന് വിറ്റ 2022 മേയില്‍ പുറത്തിറക്കിയ ഈ ബ്രാന്‍ഡിലുള്ള 12 ടീഷര്‍ട്ടുകളില്‍ ഒന്ന് വാങ്ങിയത് ജിതിനാണെന്ന് കണ്ടെത്തിയതാണ് നിര്‍ണായകമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."