രോഗം പരത്തുന്ന മരുന്ന് കമ്പനികൾ!
ഹബീബ് റഹ്‌മാൻ കരുവൻ പൊയിൽ
രോഗികൾക്ക് ഡോളോ 650 മരുന്ന് കുറിക്കാൻ മരുന്ന് നിർമാതാക്കളായ മൈക്രോ ലാബ്‌സ് ലിമിറ്റഡ് ഡോക്ടർമാർക്ക് കൈക്കൂലിയായി 1000 കോടിയുടെ സമ്മാനങ്ങൾ നൽകിയെന്ന് മെഡിക്കൽ റെപ്രസൻ്റേറ്റീവുമാരുടെ സംഘടന സുപ്രിംകോടതിയെ അറിയിച്ചത് ആരോഗ്യമേഖലയിൽ ഞെട്ടലുണ്ടാക്കിയിരുന്നു. സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'വിഷയം ഗൗരവതരമാണ്, നിങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാൻ അത്ര സുഖമുള്ളതല്ല'. അദ്ദേഹം തന്റെ അനുഭവം വിവരിച്ചു; 'കൊവിഡ് ബാധിച്ചപ്പോൾ ഡോക്ടരുടെ നിർദേശപ്രകാരം ഡോളോ 650 ആണ് കഴിച്ചത്. തന്നോട് ആ ഗുളിക തന്നെ കഴിക്കാൻ ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു'. അമിത ലാഭം നേടുന്നതിനും മരുന്നുകൾ വിറ്റുപോകുന്നതിനും ഉയർന്ന വിലയുള്ള അനാവശ്യ മരുന്നുകൾ രോഗികൾക്ക് നിർദേശിക്കുന്നതിനും ഫാർമസ്യുട്ടിക്കൽ കമ്പനികൾ ഡോക്ടർമാർക്ക് കൈക്കൂലി നൽകുന്നുവെന്ന് വ്യക്തമാക്കിയാണ് മെഡിക്കൽ റെപ്രസന്റേറ്റീവുമാരുടെ സംഘടന ഹരജി സമർപ്പിച്ചത്. ഡോളോയുടെ 500 മില്ലിഗ്രാം ഡോസ് വരെയുള്ള മരുന്നുകൾ വിപണി വില നിയന്ത്രിതമായതിനാൽ അതിന് മുകളിലുള്ളതിന് കമ്പനിക്ക് യഥേഷ്ടം വിലയിടാമെന്ന തന്ത്രമാണ് ഈ കൈക്കൂലിക്ക് പിന്നിലുള്ളതെന്നാണ് മെഡിക്കൽ ഹരജിക്കാരുടെ അഭിഭാഷകനായ സഞ്ജയ് പരീഖ് വ്യക്തമാക്കിയത്.
കൊവിഡ്കാലത്ത് രോഗികൾ ഉൾപ്പെടെയുള്ളവർ ഏറ്റവുമധികം കഴിച്ചത് ഡോളോ 650 ഗുളികകളാണ്. മഹാമാരി വ്യാപിച്ച 2020 മാർച്ച് മുതൽ 567 കോടിയുടെ 350 കോടി ഗുളികകളാണ് വിറ്റുപോയത്! ഇതോടെ ഡോളോ രാജ്യത്ത് ഏറ്റവുമധികം വിറ്റുപോയ ആന്റി വൈറൽ ഗുളികയായി മാറി.
ആരോഗ്യമേഖലയിൽ സമൂല മാറ്റം നിർദേശിക്കുന്ന ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) ബിൽ 2019ൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ജനാധിപത്യപരമായി പ്രവർത്തിച്ചിരുന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എം.സി.ഐ) സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് ഈ ബില്ലെന്നാരോപിച്ച് അവതരണത്തിനു മുൻപുതന്നെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) രംഗത്തെത്തിയിരുന്നു.
ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് കഴിക്കുന്ന സംസ്ഥാനം കേരളമാണെന്ന് ഈയിടെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. ലോക്സഭയിലെ ചോദ്യത്തിനുത്തരമായി ആരോഗ്യ മന്ത്രാലയം തയാറക്കിയ മറുപടി പ്രകാരം കേരളത്തിൽ പ്രതിവർഷമുള്ള ആളോഹരി മരുന്ന് ചെലവ് 2567 രൂപയാണ്. ഇതിൽ 88.43% വും ഡോക്ടർമാർ കുറിച്ച് നൽകുന്നതാണ്. അപ്പോൾ ഈ കുറിപ്പടികളിൽ സ്വാധീനം ചെലുത്താനുള്ള മരുന്ന് കമ്പനികളുടെ വ്യഗ്രത മനസ്സിലാക്കാവുന്നതേയുള്ളൂ.
കൊവിഡ് വാക്സിൻ വിതരണത്തിലെ വേഗതയും ആ സമയത്ത് തന്നെ കമ്പനികൾ അനന്തരഫല ഉത്തരവാദിത്വം ഒഴിഞ്ഞതുമൊക്കെ നമുക്കറിയാവുന്നതാണ്. പേവിഷബാധ രൂക്ഷമായതിനാൽ വിഷബാധക്കെതിരായ വാക്സിൻ ഉടൻ എത്തിക്കണമെന്നാവശ്യപ്പെട്ട കേരള മെഡിക്കൽ സർവിസ് കോർപറേഷനോട് മരുന്നെത്തിച്ചുകൊണ്ട് കമ്പനി പറഞ്ഞത് 'വല്ലതും സംഭവിച്ചാൽ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നണ്'.
ലോകത്ത് ആയുധക്കച്ചവടം കഴിഞ്ഞാൽ ഏറ്റവും വലിയ കച്ചവടം പൊടിപൊടിക്കുന്നത് ആരോഗ്യമേഖലയിലാണെന്നത് സുവിദിതമാണല്ലോ. പതിമൂവായിരത്തി ഒരുനൂറ് ലക്ഷം ഡോളറിന്റെ കച്ചവടം ഫൈസർ എന്ന മരുന്നു കമ്പനി മാത്രം കൊളസ്‌ട്രോൾ മരുന്നു വിറ്റ് കീശയിലാക്കി. ബയേർ എന്ന ആ കൊളസ്‌ട്രോൾ മരുന്ന് ഒടുവിൽ നിരോധിക്കപ്പെട്ടു. ഇൗ മരുന്ന് കഴിച്ചതിനാൽ 31 മരണങ്ങളുണ്ടായെന്ന് സംശയാതീതമായി തെളിഞ്ഞിരുന്നു. 1992 മുതൽ 2001 വരെയായിരുന്നു ഈ മരണങ്ങൾ. 117 ലക്ഷം ഡോളറിന്റെ നഷ്ടപരിഹാരമാണ് ദുരിതത്തിലായവർക്കും മരണങ്ങൾക്കും ഇതേവരെ അമേരിക്കയിൽ ഈ കമ്പനി നൽകിയിട്ടുള്ളത്.
ആസ്ട്രസനക എന്ന മരുന്നു കമ്പനി കോടതി കേസുകൾ ഒത്തുതീർപ്പാക്കാൻ 686 ലക്ഷം ഡോളറിന്റെ നഷ്ടപരിഹാരമാണ് 2011ൽ നൽകിയത്. 2009 മുതൽ തന്നെ ക്രിസ്റ്റർ എന്ന കൊളസ്‌ട്രോൾ മരുന്ന് പിൻവലിക്കണമെന്ന ആവശ്യം വിവിധ സംഘടനകളിൽ നിന്നുയർന്നിരുന്നെങ്കിലും കമ്പനിയും എഫ്.ഡി.എയും വഴങ്ങിയിരുന്നില്ല. ലോകത്ത് മൂന്നാമത് നിൽക്കുന്ന മരുന്നു കമ്പനിയായ മെസിക്ക് കേസുകൾ തീർക്കാൻ 6880 ലക്ഷം ഡോളറാണ് ചെലവായത്. ജി.എസ്.കെ എന്ന ഗ്ലാക്സോയും സനാഫിയുമെല്ലാം കേസുകളും പിഴകളുമായി നടപ്പാണ്.
മനുഷ്യരുടെ രോഗം എന്ന നിസ്സഹായാവസ്ഥയെ മുതലെടുത്ത് നേരും നെറിയുമില്ലാതെ മരുന്ന് കമ്പനി കോർപറേറ്റുകൾ തടിച്ചുകൊഴുക്കുന്നു. ഭീമൻ മരുന്ന് ലോബികളുടെ പരീക്ഷണ സ്ഥലങ്ങളാണ് പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള മൂന്നാം ലോക രാജ്യങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."