തൃണമൂല്‍ കോണ്‍ഗ്രസിനെ ബി.ജെ.പിക്കു തുല്യരായി പ്രചരിപ്പിച്ചത് തെറ്റായിപ്പോയെന്ന് പശ്ചിമബംഗാള്‍ സി.പി.എം
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെ ബി.ജെ.പിക്കു തുല്യരായി പ്രചരിപ്പിച്ചത് തെറ്റായിപ്പോയെന്ന നിലപാടുമായി സി.പി.എം പശ്ചിമ ബംഗാള്‍ ഘടകം. ആരാണ് യഥാര്‍ഥ എതിരാളിയെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പമുണ്ടായതായും ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതായും സംസ്ഥാന സെക്രട്ടറി ഡോ. സുര്യകാന്ത മിശ്ര പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനു മുന്നോടിയായി ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി സംസാരിക്കുകയായിരുന്നു മിശ്ര.
2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പമുണ്ടായിട്ടുണ്ടെന്ന് മിശ്ര പറഞ്ഞു. തൃണമൂലിനെ തുല്യശത്രുവാക്കിയ നിലപാട് രണ്ടു പതിറ്റാണ്ടിലധികമായി പാര്‍ട്ടി തുടരുന്ന നയത്തിനെതിരായിരുന്നു. പാര്‍ട്ടി അണികളിലും അനുഭാവികളിലും ഇത് തെറ്റിദ്ധാരണ പടര്‍ത്താനിടയാക്കി. തൃണമൂലിനെയും ബി.ജെ.പിയെയും ഒരുപോലെ ചേര്‍ത്ത് 'ബി.ജെ.മൂല്' എന്ന് മുദ്രാവാക്യമുണ്ടാക്കിയത് തിരിച്ചടിയായി. ബി.ജെ.പിയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണി.
കോണ്‍ഗ്രസിനെയോ തൃണമൂല്‍ കോണ്‍ഗ്രസിനെയോ മറ്റേതെങ്കിലും പാര്‍ട്ടിയെയോ ഇക്കാര്യത്തില്‍ ബി.ജെ.പിക്കു തുല്യമായി കാണാനാവില്ല. ആരാണ് പ്രധാന എതിരാളിയെന്ന് തിരിച്ചറിയുന്നത് ജനാധിപത്യത്തില്‍ സുപ്രധാനമാണ്. തൃണമൂലല്ല, ബി.ജെ.പിയാണ് മുഖ്യശത്രു. ഇക്കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ ബോധ്യമുണ്ടാകണം.
ബംഗാളില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് മമതാ ബാനര്‍ജി മാത്രമാണ് ഉത്തരവാദി. അല്ലാതെ എങ്ങനെ ബി.ജെ.പിക്ക് ഇത്രയധികം എം.എല്‍.എമാരെ കിട്ടി? പാര്‍ട്ടി വോട്ട് ബാങ്കില്‍ എങ്ങനെ ചോര്‍ച്ചയുണ്ടായെന്ന് കണ്ടെത്തണം. ബംഗാള്‍ ഇടതുപക്ഷത്തിനു മുന്നിലുള്ളത് വലിയ വെല്ലുവിളികളാണെന്നും മിശ്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."