വിഴിഞ്ഞം: ആറാംവട്ട ചർച്ചയും പരാജയം; സമരം തുടരും
തിരുവനന്തപുരം • വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ആറാംവട്ട ചർച്ചയിലും സമവായമായില്ല.
സമരസമിതി മുന്നോട്ടു വച്ച ഏഴ് ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നു കൃത്യമായ ഉറപ്പു ലഭിച്ചിട്ടില്ലെന്നും വ്യക്തമായ തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും സമിതി ജനറൽ കൺവീനർ ഫാദർ യൂജിൻ എച്ച്.പെരേര പറഞ്ഞു.
തുറമുഖ നിർമാണം നിർത്തിവച്ച് ഒത്തുതീർപ്പു സാധ്യമല്ലെന്നു മന്ത്രിസഭാ ഉപസമിതി ആവർത്തിച്ചു. തീരശോഷണം പഠിക്കാൻ സമിതിയെ നിയോഗിക്കും. കൂടിയോലോചനകൾക്കുശേഷം തിങ്കളാഴ്ച തീരുമാനം അറിയിക്കാമെന്നു സമരസമിതി അറിയിച്ചെന്നും മന്ത്രിമാരായ കെ.രാജൻ, വി.അബ്ദുറഹ്മാൻ, വി.ശിവൻകുട്ടി എന്നിവർ പറഞ്ഞു.
തുറമുഖ നിർമാണം നിർത്തിവച്ച് ഒത്തുതീർപ്പിനില്ലെന്ന് സർക്കാർ ഇന്നലേയും ആവർത്തിച്ചു.
ഏഴ് ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം ഒരു മാസം പിന്നിടുകയാണ്. സമഗ്ര പുനരധിവാസത്തിനും വീട് നഷ്ടപ്പെട്ടവരെ അടിയന്തരമായി വാടക വീടുകളിലേക്കു മാറ്റാനും സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ച് നിൽക്കുകയാണ്.
വീട് നഷ്ടപ്പെട്ട് ക്യാംപിൽ കഴിയുന്നവർക്ക് വാടക വീട്ടിലേക്ക് മാറാൻ മാസം 5500 വാടക നൽകാമെന്ന് സർക്കാർ അറിയിച്ചെങ്കിലും അത് 54 കുടുംബം മാത്രമാണ് ഇതു സ്വീകരിച്ചത്.
അതിനിടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ വലിയൊരു വിഭാഗം നഷ്ടപരിഹാര പാക്കേജിൽനിന്ന് ഒഴിവാക്കപ്പെട്ടെന്ന് ആരോപിച്ച് മുസ്‌ലിം ജമാഅത്ത് ഐക്യവേദിയും പ്രതിഷേധവുമായി രംഗത്തുണ്ട്.
ചെയർമാൻ എച്ച്.എ റഹ്മാന്റെ നേതൃത്വത്തിൽ ഐക്യവേദി ഭാരവാഹികളും മന്ത്രിതല സമിതിയുമായി ചർച്ചക്കെത്തി. ജാതിമത ഭേദമില്ലാതെ എല്ലാ മത്സ്യത്തൊഴിലാളികളേയും പാക്കജിനായി പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഒഴിവാക്കപ്പെട്ട തൊഴിലാളികളെ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പ് കിട്ടിയെന്നും തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന് അഭിപ്രായമില്ലെന്നും ചർച്ചയ്ക്ക് ശേഷം ജമാഅത്ത് ഐക്യവേദി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."