വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്‌കോളര്‍ഷിപ്പ്; വ്യാജ പ്രചാരണത്തിനെതിരേ പൊലിസിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സപ്പോര്‍ട്ടിങ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുവെന്ന വ്യാജപ്രചാരണത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് പൊലിസ്.
കൊവിഡ് സപ്പോര്‍ട്ടിങ് പദ്ധതി പ്രകാരം ഒന്നു മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ കേന്ദ്ര ധനസഹായം നല്‍കുമെന്നാണ് പ്രചരിക്കുന്ന സന്ദേശം. രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപ ഈടാക്കിയും കുട്ടികളുടെ അടിസ്ഥാന വിവരങ്ങളും ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചുമാണ് തട്ടിപ്പ്. ഇതിനോടകം നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടതായി പൊലിസ് പറയുന്നു. അക്ഷയ സെന്ററുകളില്‍ നിരവധി പേര്‍ ഇതന്വേഷിച്ചെത്തുന്നുണ്ട്. ശേഖരിക്കുന്ന വിവരങ്ങള്‍ തട്ടിപ്പു സംഘങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയേറെയാണ്.
ഇതിനു പുറമെ 'അഞ്ചാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ 4,000 രൂപ കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു' എന്ന വ്യാജ സന്ദേശവും പ്രചരിക്കുന്നുണ്ട്.
ഇതു വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം തന്നെ വ്യക്തമാക്കിയിരുന്നു. ബിരുദ വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയുടെ സ്‌കോളര്‍ഷിപ്പ്, ലോക്ക്ഡൗണ്‍ കാലത്ത് വ്യാപരികള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം, ദിവസവേതന തൊഴിലാളികള്‍ക്കും അതിഥിത്തൊഴിലാളികള്‍ക്കും മൂന്നു മാസം 10,000 രൂപ വീതം തുടങ്ങിയ വ്യാജപ്രചാരണങ്ങളും സജീവമാണ്. സര്‍ക്കാരിന്റെയും ഐ.ടി മിഷന്‍, അക്ഷയ എന്നിവയുടെ ലോഗോ സഹിതമാണ് പ്രചാരണം.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ മാത്രമാണ് വിശ്വാസത്തിലെടുക്കേണ്ടതെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."