രണ്ടാംതരംഗ ലോക്ക്ഡൗണ്‍ 74 ദിവസം പിന്നിടുന്നു കൊവിഡ് നിയന്ത്രണം: വിദഗ്ധ സമിതിയില്‍ അഭിപ്രായഭിന്നത
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം തുടരുന്നതില്‍ വിദഗ്ധസമിതിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. നിലവിലെ നിയന്ത്രണത്തില്‍ ഇളവുകള്‍ നല്‍കണമെന്ന് ഒരു വിഭാഗം സര്‍ക്കാരിനെ അറിയിച്ചു.
ആരാധനാലയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും വാരാന്ത്യ ലോക്ക്ഡൗണിലും ഒന്നിടവിട്ട ദിവസങ്ങളില്‍ ബാങ്കുകളും കടകളും തുറക്കുന്നതിലുമാണ് വിദഗ്ധസമിതിയിലെ ഒരു വിഭാഗം സര്‍ക്കാരിനെ വിയോജിപ്പ് അറിയിച്ചത്.വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് അനുമതി നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് പലപ്രദേശങ്ങളില്‍ പല വിഭാഗങ്ങളിലായുള്ള ലോക്ക്ഡൗണ്‍ 74 ദിവസം പിന്നിടുമ്പോഴാണ് പട്ടിണിയിലായ ചെറുകിട കച്ചവടക്കാര്‍ പരസ്യപ്രതിഷേധവുമായി ഇപ്പോള്‍ തെരുവിലിറങ്ങിയത്. പെട്ടിക്കടകളും തട്ടുകടകളും നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നവര്‍ ഇപ്പോള്‍ പട്ടിണിയിലാണ്. കടകള്‍ തുറക്കാന്‍ നിയന്ത്രണം മാത്രമല്ല തുറന്നാല്‍ കടകള്‍ അടപ്പിക്കുകയും പൊലിസ് ഭീഷണിയും നേരിടുന്നുണ്ട്. ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ ഉള്‍പ്പെടെ തുറക്കുമ്പോഴാണ് സാധാരണക്കാരുടെ കടകള്‍ തുറക്കാന്‍ അനുമതി നിഷേധിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡം അനുസരിച്ച് കടകള്‍ പ്രവര്‍ത്തിക്കാം എന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടും ഏതൊരു വിധ നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്ന് അവര്‍ പരാതിപ്പെടുന്നു.
മൂന്നാഴ്ച മുമ്പ് വിദഗ്ധസമിതിയിലെ ഒരു വിഭാഗം ഡോക്ടര്‍മാരും ഈ പ്രശ്‌നം ഉന്നയിച്ചു. വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രയോജനം ചെയ്യുന്നുണ്ടോ എന്നതിലാണ് പ്രധാന സംശയം. വെള്ളിയാഴ്ചയും തിങ്കളാഴ്ചയും റോഡുകളിലും കടകളിലും വന്‍തിരക്കാണ്.
ഒന്നിടവിട്ട ദിവസങ്ങളിലെ തുറക്കലിന്റെ ശാസ്ത്രീയപ്രശ്‌നമാണ് മറ്റൊന്ന്. തുറക്കുന്ന ദിവസം ജനം ഒഴുകിയെത്തുന്നതിനാല്‍ രീതി മാറ്റണമെന്നാണ് അഭിപ്രായം ഉയര്‍ന്നത്.
എന്നാല്‍ കേസുകള്‍ ഇങ്ങിനെയെങ്കിലും പിടിച്ചുനിര്‍ത്താനായത് അടക്കല്‍ കൊണ്ടുതന്നെയാണെന്നാണ് വിദഗ്ധസമിതിയിലെ മറ്റൊരുവിഭാഗത്തിന്റേയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടേയും നിലപാട്.ഈയാഴ്ച ചേരുന്ന അവലോകനയോഗം കൂടുതല്‍ ഇളവ് വേണോ എന്നതില്‍ അന്തിമതീരുമാനം എടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."