അഭിരാമിയുടെ ആത്മഹത്യ; ജപ്തി നോട്ടിസ് പതിച്ചതിൽ ബാങ്കിന് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്
കൊല്ലം • വീടിന് മുന്നിൽ ജപ്തി നോട്ടിസ് പതിച്ചതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കേരള ബാങ്കിന് വീഴ്ചയുണ്ടായതായി റിപ്പോർട്ട്.
കൊല്ലം സഹകരണ രജിസ്ട്രാറുടെ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വായ്പയെടുത്ത പിതാവ് അജികുമാറിനായിരുന്നു നോട്ടിസ് നൽകേണ്ടിയിരുന്നത്.
അജികുമാർ സ്ഥലത്തുണ്ടായിട്ടും അസുഖ ബാധിതനായ പിതാവ് ശശിധരൻ ആചാരിക്ക് ജപ്തി നോട്ടിസ് കൈമാറിയത് തെറ്റാണ്. മാത്രമല്ല, നോട്ടിസിലെ കാര്യങ്ങൾ കൃത്യമായി ബാങ്ക് അധികൃതർ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയില്ല. കാര്യങ്ങൾ മനസിലാക്കാതെയാണ് ശശിധരൻ ആചാരി നോട്ടിസിൽ ഒപ്പിട്ടത്.
തുടർന്നാണ് അവിടെ ബോർഡ് സ്ഥാപിച്ചത്. ഇതിലെല്ലാം ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ. മറ്റ് നടപടികളെല്ലാം സർഫാസി ആക്ട് പ്രകാരമാണെന്നാണ് റിപ്പോർട്ടിലുള്ളത്. നടപടിക്രമങ്ങളിൽ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാൻ സർക്കാർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാർ കേരള ബാങ്കിന് കൈമാറി.
20ന് വൈകിട്ട് 4.30നാണ് വീടിന് മുന്നിൽ ജപ്തി നോട്ടിസ് പതിച്ചതിൽ മനംനൊന്ത് ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനം അജികുമാറിന്റെയും ശാലിനിയുടെയും ഏകമകൾ അഭിരാമി(19) വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."