മുജാഹിദ് സംഘടനകളുടെ പെരുന്നാള്‍ പ്രഖ്യാപനം വിചിത്രം
കോഴിക്കോട്: ബലിപെരുന്നാല്‍ പ്രഖ്യാപനത്തില്‍ പല വഴിക്കു തിരിഞ്ഞു മുജാഹിദ് സംഘടനകള്‍. കേരളത്തില്‍ ജൂലൈ 21 നു ബുധനാഴ്ച പെരുന്നാളായും 20 ചൊവ്വാഴ്ച അറഫാദിനമായും സമസ്തയുള്‍പ്പെടെയുള്ള സുന്നി സംഘടനകളുടെ കീഴിലുള്ള ഖാസിമാര്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് മുജാഹിദ് സംഘടനകളുടെ വിചിത്രമായ പ്രഖ്യാപനങ്ങള്‍ പുറത്തുവന്നത്. അറഫാദിനം ജൂലൈ 19 നു തിങ്കളാഴ്ചയാണെന്നും പെരുന്നാള്‍ ബുധനാഴ്ചയാണെന്നുമാണ് മര്‍കസുദ്ദഅ്‌വ വിഭാഗം പ്രഖ്യാപിച്ചത്. ഇതു അറിയിക്കാന്‍ പുറത്തിറക്കിയ പത്രകുറിപ്പിലാണ് വിചിത്രമായ വിശദീകരണം നല്‍കിയിരിക്കുന്നത്. അറഫാദിനം തിങ്കളാഴ്ച ആചരിക്കുകയാണെങ്കില്‍ സ്വാഭാവികമായും അടുത്തദിവസമാണ് പെരുന്നാള്‍ ആഘോഷിക്കേണ്ടത്. എന്നാല്‍ ഒരു ദിവസം കഴിഞ്ഞു ബുധനാഴ്ചയാണ് പെരുന്നാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ കാരണമായി പറയുന്നത് പെരുന്നാള്‍ ജനങ്ങളോടൊപ്പമായിരിക്കണമെന്ന പ്രവാചക നിര്‍ദേശം അംഗീകരിച്ചെന്ന വാദമാണ്. സഊദിയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സഊദിയില്‍ അറഫാദിനം ജൂലൈ 19നു തിങ്കളാഴ്ചയും ബലിപെരുന്നാള്‍ 20ന് ചൊവ്വാഴ്ചയും ആയിരിക്കുമെന്ന് സഊദി സുപ്രീം കോര്‍ട്ട് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ അറഫാദിനം കേരളത്തില്‍ ആചരിക്കുന്നതില്‍ മാത്രം സഊദി സുപ്രീം കോര്‍ട്ടിന്റെ വിധി പിന്തുടരുകയും പെരുന്നാള്‍ തീരുമാനിക്കുന്നതില്‍ കേരളത്തിലെ സംഘടന തീരുമാനമെടുക്കുകയുമാണ് ചെയ്യുന്നത്. നിലവില്‍ ഇതുവരെ മുജാഹിദ് സംഘടനകളുടെ അറഫാദിനാചരണങ്ങളെല്ലാം സഊദി പ്രഖ്യാപന പ്രകാരമായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം പെരുന്നാളും ആഘോഷിച്ചിരുന്നു. എന്നാല്‍ ഇതിനു രണ്ടിനുമിടയില്‍ ഒരു ദിവസം ഒഴിവു വന്നത് ആദ്യമായിട്ടാണ്.
അതേ സമയം മുജാഹിദ് ഒദ്യോഗിക വിഭാഗത്തിന്റെ കീഴിലുള്ള ഹിലാല്‍ കമ്മിറ്റി തന്ത്രപൂര്‍വമുള്ള പത്രകുറിപ്പാണ് പുറത്തിറക്കിയത്. പെരുന്നാള്‍ ബുധനാഴ്ചയാണെന്ന് മാത്രം പ്രഖ്യാപിച്ച് മൗനം പാലിച്ചു. ഏറ്റവും പ്രധാനപ്പെട്ട അറഫാദിനാചരണത്തെ കുറിച്ചു ഒരു വിശദീകരണവും നല്‍കിയിട്ടില്ല. വിസ്ഡം വിഭാഗം പുറത്തിറക്കിയ കുറിപ്പിലും അറഫാദിനത്തെ കുറിച്ച് ഒന്നും പറയുന്നില്ല.
തിങ്കളാഴ്ച ദുല്‍ഹിജ്ജ ഒന്നാണെന്നും പെരുന്നാള്‍ 21 ബുധനാഴ്ചയാണെന്നും മാത്രമേ പറയുന്നുള്ളൂ. അറഫാദിനാചരണം പ്രഖ്യാപിക്കേണ്ടത് അവരവരുടെ ഖാസിമാരുടെ തീരുമാനപ്രകാരമാവണമെന്നാണ് ഇസ്‌ലാമിക നിയമം. ഇതിനു വിപരീതമായി സഊദി മാസത്തിനനുസരിച്ച് അറഫാദിനം ആചരിക്കുന്ന മുജാഹിദ് രീതിയാണ് അവര്‍ക്ക് പുതിയ പ്രതിസന്ധിയുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."