പൊലിസിന് ഡി.ജി.പിയുടെ മാര്‍ഗനിര്‍ദേശം; ഉദ്യോഗസ്ഥര്‍ നവമാധ്യമങ്ങളില്‍ രാഷ്ട്രീയം പറയരുത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങളില്‍ രാഷ്ട്രീയം പറയേണ്ടെന്ന് സംസ്ഥാന പൊലിസ് മേധാവി അനില്‍ കാന്ത് ഇന്നലെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പരാതി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നേരിട്ട് കൈകാര്യം ചെയ്യണം. പരാതി ലഭിച്ചാല്‍ അടിയന്തര നടപടി സ്വീകരിക്കണം.
ഇരയുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. പൊലിസുകാര്‍ സമൂഹമാധ്യമങ്ങളില്‍ ഔദ്യോഗിക വിവരങ്ങളോ അക്കൗണ്ട് തുടങ്ങാന്‍ ഔദ്യോഗിക ഇ-മെയിലോ ഫോണ്‍ നമ്പറോ ഉപയോഗിക്കരുത്. രാത്രി കസ്റ്റഡിയിലെടുക്കുന്നവരുടെ വിവരം ഡിവൈ.എസ്.പിമാര്‍ അറിയണം. പരാതിക്കാരെക്കൊണ്ട് സ്റ്റേഷനിലേക്ക് സാധനങ്ങള്‍ വാങ്ങിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. പൊലിസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാനാണ് മാര്‍ഗനിര്‍ദേശം.
മറ്റ് നിര്‍ദേശങ്ങള്‍:
സ്റ്റേഷനില്‍ ലഭിക്കുന്ന പരാതികള്‍ക്ക് കൈപ്പറ്റ് രസീത് നല്‍കുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക്. സ്റ്റേഷനുകളില്‍ എത്തുന്നവരുടെ പരാതി ഇന്‍സ്‌പെക്ടര്‍ തന്നെ നേരിട്ട് കേള്‍ക്കണം. ഗൗരവമുള്ളവയില്‍ അടിയന്തരമായി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണം
. ഇക്കാര്യങ്ങള്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറോ ഡിവൈ.എസ്.പിയോ നിരീക്ഷിക്കണം.സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഓരോ ദിവസവും നല്‍കുന്ന ഡ്യൂട്ടി അവരുടെ നോട്ട്ബുക്കില്‍ രേഖപ്പെടുത്തണം.
പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവരുന്നവര്‍ മദ്യമോ ലഹരിയോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി നിയമനടപടി സ്വീകരിക്കണം.
ജാമ്യം ലഭിക്കാത്ത കേസുകളില്‍ അറസ്റ്റിലാകുന്നവരുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനകം കോടതിയില്‍ ഹാജരാക്കുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഉറപ്പാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."