മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ മലയാള നിഘണ്ടു മേധാവി; യോഗ്യതകള്‍ തിരുത്തിയ വിജ്ഞാപനം പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കേരള സര്‍വകലാശാല മലയാളം മഹാനിഘണ്ടു മേധാവിയായി (ലെക്സിക്കണ്‍) നിയമിച്ച സംഭവത്തില്‍ യോഗ്യതകള്‍ തിരുത്തിയ വിജ്ഞാപനം പുറത്ത്. പ്രൈവറ്റ് സെക്രട്ടറി ആര്. മോഹനന്റെ ഭാര്യ ഡോ: പൂര്‍ണിമ മോഹനനെ നിയമിക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ മലയാളത്തിലെ ബിരുദാനന്തര ബിരുദ യോഗ്യതകളോടൊപ്പം സംസ്കൃത ഭാഷാ ഗവേഷണ ബിരുദം കൂട്ടിച്ചേര്‍ത്തതായാണ് കണ്ടെത്തിയത്. നിലവില്‍ കാലടി സംസ്കൃത സര്‍വകലാശാലയിലെ അധ്യാപികയായ പൂര്‍ണിമയെ നിയമിക്കുന്നതു ലക്ഷ്യംവച്ചാണ് യോഗ്യതാ മാനദണ്ഡങ്ങളില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ജനുവരി 28ന് പുറപ്പെടുവിച്ച നിയമന വിജ്ഞാപനം പത്രങ്ങളിലോ യൂണിവേഴ്സിറ്റിയുടെ വകുപ്പുകളിലോ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ നിശ്ചയിച്ച യോഗ്യതകളില്‍ മാറ്റം വരുത്താന്‍ വി.സിക്കോ സിണ്ടിക്കേറ്റിനോ അധികാരമില്ല. എന്നാല്‍ വിജ്ഞാപനം തിരുത്തി പുറത്തിറക്കിയത് ചട്ടവിരുദ്ധമായാണെന്ന് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ലെക്സിക്കണ്‍ മേധാവിയുടെ യോഗ്യതകള്‍ നിശ്ചയിച്ച് നിയമനം നടത്തിയ വൈസ് ചാന്‍സലറെ മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നും നിഘണ്ടു മേധാവി സ്ഥാനത്തുനിന്ന് പൂര്‍ണിമയെ നീക്കം ചെയ്യണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."