HOME
DETAILS

ചന്ദ്രൻ കടന്ന് സൂര്യനിലേക്ക്…

  
backup
September 03 2023 | 04:09 AM

crossing-the-moon-to-the-sun

ഡോ. അബേഷ് രഘുവരൻ


ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയാഘോഷങ്ങൾ തുടരുമ്പോൾ തന്നെ മറ്റൊരു ചരിത്രദൗത്യത്തിനാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ) തുടക്കമിട്ടിരിക്കുന്നത്. സൂര്യനെക്കുറിച്ചു പഠിക്കുവാനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശാധിഷ്ഠിത ദൗത്യമായ 1,480.7 കിലോഗ്രാം ഭാരമുള്ള 'ആദിത്യ എൽ 1' ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് ഇന്നലെ 11.50 ഓടെ പി.എസ്.എൽ.വി- സി 57 റോക്കറ്റിൽ വിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ആദ്യരാജ്യമായി ഇന്ത്യ മാറിയതിനൊപ്പം, ആദിത്യയിലൂടെ ഇന്ത്യയുടെ ബഹിരാകാശഗവേഷണ രംഗത്തെ മറ്റൊരു നാഴികക്കല്ലാണ് നാം താണ്ടിയിരിക്കുന്നത്. റോക്കറ്റ് കുതിച്ചുയർന്നു 64 മിനിറ്റിനുശേഷം ഭൂമിയിൽനിന്നും 648 കിലോമീറ്റർ അകലെ ‘ആദിത്യ’ റോക്കറ്റിൽ നിന്നും വേർപെടും. തുടർന്ന് 125 ദിവസത്തിനിടെ നാല് തവണയായി ഭ്രമണപഥം ഉയർത്തി ലഗ്രാൻജ് ബിന്ദുവിൽ എത്തും. ഏകദേശം 10 വർഷത്തോളമായി സൂര്യനിലേക്കുള്ള ഈ ദൗത്യത്തിന്റെ പണിപ്പുരയിലായിരുന്നു ഐ.എസ്.ആർ.ഒ. അതിന്റെ സാക്ഷാത്കാരമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.


കോടികണക്കിന് നക്ഷത്രങ്ങളുള്ള ഈ സൗരയൂഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് സൂര്യൻ. ഭൂമിയിലെ ജീവന്റെതന്നെ ആധാരമായി കണക്കാക്കുന്ന സൂര്യനെക്കുറിച്ചു കൂടുതൽ വിശദമായി പഠിക്കുകവഴി ശാസ്ത്രരംഗം ലക്ഷ്യമിടുന്നത് സൂര്യനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല, സമാനമായ മറ്റു നക്ഷത്രങ്ങളെ പറ്റിയുള്ള പഠനം കൂടിയാണ്. സൂര്യനെക്കുറിച്ചുള്ള പഠനംവഴി നമ്മുടെ ക്ഷീരപഥത്തിലെ മറ്റു നക്ഷത്രങ്ങളെക്കുറിച്ചും വിവിധ ഗ്യാലക്സികളിലെ നക്ഷത്രങ്ങളെക്കുറിച്ചും അതുവഴി പ്രപഞ്ചോൽപത്തിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാനും സാധിക്കും.


സൂര്യന്റെ ഉപരിതലത്തെക്കുറിച്ചു കൂടുതൽ പഠിക്കുവാനായി 2008ൽ ആണ് ഐ.എസ്.ആർ.ഒ ആദ്യമായി പദ്ധതിയിടുന്നത്. എന്നാൽ, സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണം ഏറെയുണ്ടാകുന്ന ഓർബിറ്റിലൂടെയുള്ള യാത്രയ്ക്ക് വലിയ വെല്ലുവിളികൾ ഉണ്ട്. ഗുരുത്വാകർഷണ വലയത്തിലൂടെ സഞ്ചരിക്കുന്നത് വലിയ ഇന്ധനച്ചെലവും ഒപ്പം ഹ്രസ്വമായ കാലത്തേക്ക് മാത്രം ചെയ്യുവാൻ കഴിയുന്ന ദൗത്യവും ആയതിനാലാണ് പല ദൗത്യങ്ങൾക്കും വലിയ ലക്ഷ്യങ്ങൾ പ്രാപ്തമാക്കാൻ കഴിയാതെ വരുന്നത്. എന്നാൽ, സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണം പൂജ്യം ആയ അഞ്ച് പോയന്റുകളാണ് ഉള്ളത്. ഈ പോയന്റുകൾക്ക് പറയുന്ന പേരാണ് 'ലഗ്രാൻജ് പോയന്റ്'. ഇവിടെ സൂര്യന്റെയും ഭൂമിയുടെയും ആകർഷണ വികർഷണ പരിധിയിൽ ഇന്ധനത്തിന്റെ ഉപഭോഗം കുറച്ച് ഒരേപാതയിൽ സന്തുലിതമായി തുടരുവാൻ സാധിക്കുന്നു. ഇറ്റാലിയൻ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ജോസഫ് ലൂയി ലഗ്രാൻജിന്റെ ബഹുമാനാർഥമാണ് ആ പേര് നൽകിയിരിക്കുന്നത്.

എൽ-1, എൽ-2, എൽ-3, എൽ-4, എൽ-5 എന്നിങ്ങനെയാണ് അവയെ വിളിക്കുന്നത്. ജയിംസ് വെബ്ബ് ബഹിരാകാശ ദൂരദർശിനി എൽ-1 ലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെത്തന്നെയാണ് ആദിത്യാ പേടകത്തെയും സ്ഥാപിക്കുവാൻ പോകുന്നത്. അതുകൊണ്ടാണ് ആദിത്യ എൽ-1 എന്ന് പേരും നൽകിയിരിക്കുന്നത്. ഇവിടെയുള്ളപ്പോൾ പേടകത്തിൽ ഗുരുത്വാകർഷണം ബാധിക്കുന്നില്ല എന്നുമാത്രമല്ല, ഭൂമിയോ മറ്റു ഗ്രഹങ്ങളോ നിഴൽ വീഴ്ത്തുന്നുമില്ല. അതിനാൽ കൂടുതൽ സ്ഥിരത കൈവരിക്കുവാനും 24 മണിക്കൂറും സൂര്യനെ നിരീക്ഷിക്കുവാനും ചിത്രങ്ങൾ എടുക്കുവാനും സാധിക്കുന്നു.


ഇന്നലെ വിക്ഷേപിക്കപ്പെട്ട ആദിത്യ 109 ദിവസത്തിനുശേഷമാണ് ലക്ഷ്യസ്ഥാനത്തു എത്തുവാൻ പോകുന്നത്. ഏകദേശം 15 ലക്ഷം കിലോമീറ്ററുകൾ താണ്ടിയാണ് ആദിത്യ എൽ-1 ഓർബിറ്റിൽ എത്തുവാൻ പോകുന്നത്. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരമായ 15 കോടി കിലോമീറ്ററിന്റെ വെറും ഒരുശതമാനം മാത്രമാണ് ആ ദൂരമെങ്കിലും അത്രയും അടുത്ത് നമുക്ക് എത്താൻ കഴിയുന്നു എന്നത് വലിയ നേട്ടമാണ്.
ആദിത്യയുടെ പ്രധാന ലക്ഷ്യങ്ങൾ സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം പഠിക്കുക, ബഹിരാകാശകാലാവസ്ഥ മനസിലാക്കുക, സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളെക്കുറിച്ചു പഠിക്കുക എന്നിവയാണ്. അതിനൊപ്പം സൂര്യന്റെ ബാഹ്യവലയങ്ങൾ എന്നിവയെക്കുറിച്ചും വിശദമായ പഠനം കൂടി ഇത് ലക്ഷ്യംവയ്ക്കുന്നു. ഇതിൽ ബഹിരാകാശ കാലാവസ്ഥാപഠനം ഏറെ പ്രധാനമാണ്.

നമുക്ക് ഭൂമിയുമായി ബന്ധപ്പെട്ടുകിടക്കുന്ന കാലാവസ്ഥാപഠനം തന്നെ ഏതാണ്ട് 80 ശതമാനത്തോളം കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞത് വർഷങ്ങൾ നീണ്ട ഗവേഷണങ്ങളുടെ ഫലമായാണ്. എന്നാൽ, സൂര്യനിലേയും ബഹിരാകാശ കാലാവസ്ഥയുടെ പഠനം ഇന്നും ശൈശവാവസ്ഥയിലാണ്. ബഹിരാകാശ കാലാവസ്ഥ (Space Weather) എങ്ങിനെയാണ് നമ്മെ ബാധിക്കുന്നത്? സൂര്യന്റെ ആളിക്കത്തൽ (Solar Flare), കൊറോണൽ മാസ് ഇജക്ഷൻ, സൗരവാതം (Solar Wind) എന്നിങ്ങനെയുള്ള പ്രതിഭാസങ്ങൾ ഊർജപ്രവാഹങ്ങളായി സൂര്യനിൽ നിന്നും പുറത്തേക്കുവരുന്നുണ്ട്. ഇവയാണ് ബഹിരാകാശ കാലാവസ്ഥയെ വലിയ അളവിൽ സ്വാധീനിക്കുന്നത്. ഭൂമിയ്ക്ക് ഉള്ള ശക്തമായ കാന്തികവലയം ഈ പ്രതിഭാസങ്ങളുടെ കാഠിന്യം ഭൂമിയിലേക്ക്‌ എത്തുന്നത് തടയുന്നുണ്ട്. നാം ഇതിൽ നിന്നൊക്കെ ഇന്ന് സുരക്ഷിതരാണെങ്കിലും ഭാവിയിലും അങ്ങനെയാകുമെന്ന് ഉറപ്പിക്കാൻ സാധ്യമല്ല. അതിനാൽ ഈ പ്രതിഭാസങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും പ്രവചിക്കാനുള്ള സാങ്കേതികവിദ്യയും ഏറെ പ്രാധാന്യം അർഹിക്കുന്നു.


സൂര്യന്റെ ഉപരിതലതാപനില ഏകദേശം 5,700 ഡിഗ്രി സെൽഷ്യസ് ആണ്. എന്നാൽ, സൂര്യന്റെ മുകളിലെ അന്തരീക്ഷത്തിലെ താപനില ഏകദേശം 10 ലക്ഷം ഡിഗ്രിയ്ക്ക് മുകളിൽ ആണ്. അതെങ്ങനെ എന്നത് ഉത്തരംകിട്ടാത്ത ചോദ്യമായി നിലനിൽക്കുന്നു. സൂര്യനിൽ നിന്നുള്ള വികിരണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തെയും കാന്തികവലയത്തെയും എങ്ങിനെ സ്വാധീനിക്കുന്നു എന്നതും നാം കൂടുതലായി പഠനവിധേയമാക്കിയിട്ടില്ല. കൂടാതെ സൂര്യന്റെ വിവിധ പാളികളിൽ ഏതുതരത്തിലാണ് ഊർജ കൈമാറ്റം നടക്കുന്നത് എന്നതൊന്നും ശാസ്ത്രലോകം കൃത്യമായി പഠനവിധേയമാക്കിയിട്ടില്ല. ഇവയ്‌ക്കെല്ലാം ഒരു ഉത്തരം ആദിത്യയിലൂടെ ലഭിക്കുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.


ഈ പേടകത്തിൽ പ്രധാനമായും ഏഴു ഉപകരണങ്ങൾ (പേലോഡുകൾ) ആണുള്ളത്. ആദ്യത്തേത് വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (VEL) ആണ്. വിസിബിൾ, ഇൻഫ്രാറെഡ് ലൈറ്റിൽ സൂര്യനെ നിരീക്ഷിച്ചു കൊറോണൽ മാസ് ഇജക്ഷനെക്കുറിച്ചും സോളാർ ഫ്‌ളെയറിനെക്കുറിച്ചും പഠിക്കുകയാണ് ഇതിന്റെ ലക്ഷ്യം. രണ്ടാമത്തേത് സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ്പാണ് (SUIT). സൂര്യന്റെ ഓരോ പാളികളെക്കുറിച്ചു പഠിക്കുന്നതിനായാണ് ഇത് പ്രയോജനപ്പെടുന്നത്. പിന്നെ ഹൈ എനർജി എൽ-1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ (HEL-1OS), ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ് (ASPEX), പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (PAPA), മാഗ്നെറ്റോമീറ്റർ (Magnetometer), സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ (SOLEXS) എന്നിവയാണ് മറ്റു പേലോഡുകൾ. ഓരോന്നിനും ഓരോ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുണ്ട്.


നിലവിൽ നാസയുടെയും യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെയും പാർക്കർ സോളാർ പ്രോബ്, സോളാർ ഓർബിറ്റർ എന്നീ ദൗത്യങ്ങൾ സൂര്യന്റെ കൂടുതൽ അടുത്ത് ഗവേഷണങ്ങൾ നടത്തുന്നുണ്ട്. അവയിലൂടെ ഒരുപാട് വിവരങ്ങൾ നാം അറിയുന്നുമുണ്ട്. അതിൽ കൂടുതലായി എന്താണ് നമ്മുടെ ആദിത്യ എൽ-1 ശാസ്ത്രലോകത്തിന് സംഭവന ചെയ്യാൻ പോകുന്നതെന്ന് നമുക്ക് തോന്നിയേക്കാം. ബഹിരാകാശഗവേഷണങ്ങളിൽ ഉണ്ടാകുന്ന ഓരോ ചെറിയ കണ്ടെത്തലുകളും വലിയ ശാസ്ത്രനേട്ടങ്ങൾ തന്നെയാണ്. ചന്ദ്രനിൽ മറ്റുരാജ്യങ്ങൾ പോയി വർഷങ്ങൾക്കുശേഷമാണ് നമുക്ക് പോകുവാൻ കഴിഞ്ഞതെങ്കിലും സ്വതവേ ബുദ്ധിമുട്ടേറിയ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തി നാം ചരിത്രം സൃഷ്ടിച്ചപോലെ ഇതുവരെ കണ്ടെത്താത്ത എന്തെങ്കിലും ഒക്കെ ശാസ്ത്രസത്യങ്ങൾ ആദിത്യയ്ക്കായി പ്രപഞ്ചം കാത്തുവച്ചിട്ടുണ്ടാകും. വരുന്ന നാലുമാസം അവിടെനിന്നുള്ള വിശേഷങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.

(കൊച്ചി സർവകലാശാല, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago