മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോകാന്‍ ആഹ്വാനം; സി.എ.എ സമരക്കാരെ വെടിവച്ച 'ഗോഡ്‌സെ രണ്ടാമന്‍' വീണ്ടും അറസ്റ്റില്‍
ന്യൂഡല്‍ഹി: 2020 ജനുവരി 30ന് ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാരെ വെടിവച്ചതിനെ തുടര്‍ന്ന് 'ഗോഡ്‌സെ രണ്ടാമന്‍' എന്നു വിളിക്കപ്പെട്ടിരുന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. പട്ടൗഡിയിലെ മഹാപഞ്ചായത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് നടപടി. മുസ്‌ലിങ്ങളെ ആക്രമിക്കണമെന്നും മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോകണമെന്നും ഇയാള്‍ പ്രസംഗത്തിനിടെ ആഹ്വാനം നടത്തി.
പ്രസംഗത്തിനെതിരെ പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ജാമിഅ വരെ പോയിട്ടുണ്ടെങ്കില്‍ പട്ടൗഡി അത്ര അകലയല്ലെന്നായിരുന്നു പ്രസംഗത്തില്‍ യുവാവിന്റെ മുന്നറിയിപ്പ്. മുസ്‌ലിംകളെ ആക്രമിച്ച് റാം റാം വിളിപ്പിക്കണമെന്നും പ്രസംഗത്തില്‍ ആഹ്വാനമുണ്ടായിരുന്നു.
മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതവികാരങ്ങളെ വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ഹരിയാനയിലെ പട്ടൗഡിയില്‍ നടന്ന മഹാപഞ്ചായത്തിലായിരുന്നു സിഎഎ സമരക്കാര്‍ക്കെതിരായ വെടിവയ്പ്പിന്റെ പേരില്‍ 'ഗോഡ്‌സെ രണ്ടാമന്‍' എന്നു വിളിക്കപ്പെട്ടിരുന്ന യുവാവിന്റെ വിവാദപ്രസംഗം. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍, ഗ്രാമമുഖ്യന്മാര്‍, വിവിധ ഗോരക്ഷാ സംഘങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. മതപരിവര്‍ത്തനം, ലൗ ജിഹാദ്, ജനസംഖ്യാ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയത്. ചടങ്ങില്‍ ബിജെപി ഹരിയാന സംസ്ഥാന ഘടകം വക്താവും കര്‍ണി സേനാ തലവനുമായ സുരാജ് പാല്‍ അമുവും വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. നൂറോളം പൊല്ിസുകാരെ സാക്ഷിനിര്‍ത്തിയായിരുന്നു ഇത്.
അതേസമയം, സുരാജ് പാല്‍ അമുവിനെതിരെ ഇതുവരെ പൊലീസ് നടപടിയെടുത്തിട്ടില്ല. നിങ്ങള്‍ക്ക് ഈ രാജ്യത്ത് ചരിത്രം സൃഷ്ടിക്കണമെങ്കില്‍, ചരിത്രമായിത്തീരണമെന്ന് കൊതിയില്ലെങ്കില്‍ ഇനിയിവിടെ തൈമൂറോ ഔറംഗസേബോ ബാബറോ ഹൂമയൂണോ ജനിക്കരുതെന്നും മുസ് ലിംകളെ രാജ്യത്ത് ജീവിക്കാന്‍ അനുവദിക്കരുതെന്നും പ്രസംഗത്തില്‍ അമു ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, പ്രസംഗത്തിനെതിരെ പരാതി ലഭിക്കാത്തതിനാലാണ് നടപടിയെടുക്കാത്തതെന്നാണ് പൊലിസ് വിശദീകരണം.
2020 ജനുവരി 30നായിരുന്നു ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ സിഎഎ വിരുദ്ധ സമര്‍ക്കാര്‍ക്കെതിരെ അന്ന് 17 വയസുണ്ടായിരുന്ന ഇയാള്‍ വെടിയുതിര്‍ത്തത്. ഇതേതുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്ത ഇയാള്‍ ഒരു മാസം ജുവനൈല്‍ തടവില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."