മാറ്റം കൊതിച്ച് അല്‍ജീരിയ
ഹകീം പെരുമ്പിലാവ്
അല്‍ജീരിയയില്‍ അയ്മന്‍ ബിന്‍ അബ്ദുറഹ്മാന്‍ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഭരണമാറ്റത്തിലൂടെ പുതുരാഷ്ട്രീയ ഇടപെടലുകള്‍ നടത്തി രാജ്യത്തെ അടിമുടിമാറ്റിയില്ലെങ്കില്‍ പ്രക്ഷോഭങ്ങള്‍ ഇനിയും തുടര്‍ക്കഥയാകും. കഴിഞ്ഞ പത്ത് വര്‍ഷമായി പ്രക്ഷോഭങ്ങളുടെ പിടിയില്‍ ഉഴലുകയായിരുന്നു അല്‍ജീരിയ. തെരഞ്ഞെടുപ്പിനു മുമ്പേ പ്രസിഡന്റ് അബ്ദുല്‍ മജീദ് തിബൂനി വലിയ മാറ്റങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നിട്ടും രാജ്യ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ആളുകള്‍ പങ്കെടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞ ജൂണില്‍ നടന്നത്. 23% പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായില്ല. പുതിയ മുന്നണിസമവാക്യങ്ങളാണ് ഭരണമേറ്റെടുക്കുന്നത്. 2022ല്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് പ്രക്ഷോഭങ്ങള്‍ കാരണം നേരത്തേയാക്കുകയായിരുന്നു. അല്‍ജീരിയയുടെ സമ്പദ്ഘടനയുടെ വീണ്ടെടുപ്പ് ഉറപ്പുനല്‍കിയാണ് 34 അംഗ ഭരണകൂടം അധികാരത്തിലേറുന്നത്.
ജൂണ്‍ 12നു നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 105 സീറ്റുകളുമായി ഭരണമുന്നണി നയിക്കുന്ന നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് ഒന്നാമതെത്തി. മൂവ്‌മെന്റ് ഓഫ് സൊസൈറ്റി ഫോര്‍ പീസിന് 65 സീറ്റും ഡെമോക്രാറ്റിക് നാഷനല്‍ റാലി 58 സീറ്റും ഫ്യൂച്ചര്‍ പാര്‍ട്ടിക്ക് 48 സീറ്റും അല്‍ബിനാ മൂവ്‌മെന്റിനു 39 സീറ്റുമാണു ലഭിച്ചത്. എന്നാല്‍ 407 സീറ്റുകളുള്ള പാര്‍ലമെന്റ് ഭരിക്കണമെങ്കില്‍ 204 സീറ്റെങ്കിലുമുള്ള സഖ്യമുണ്ടാകണം. 407 സീറ്റുകളിലേക്ക് 1483 പേര്‍ മത്സരിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. 28 രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നുള്ള 646 പേരും 837 സ്വതന്ത്രരുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.
2020 നവംബറിലാണ് പ്രധാനമന്ത്രിക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടന ഭേദഗതി അല്‍ജീരിയ അംഗീകരിച്ചത്. 2017ല്‍ ബൂതഫ്‌ലീക്ക പക്ഷത്തിനു വലിയ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും 20 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച് അഞ്ചാം തവണയും മത്സരിക്കാനെത്തിയ പ്രസിഡന്റിന് 2019ല്‍ രാജിവയ്‌ക്കേണ്ടി വന്നു. ഒട്ടേറെ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് അധികാരമേറ്റ അബ്ദുല്‍ മജീദ് തിബ്ബൂനിയും ബൂത്ത്ഫ്‌ലിക്കയുടെ നയങ്ങള്‍ തുടരുകയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 34 അംഗ മന്ത്രിസഭയില്‍ നാലു വനിതകളുമുണ്ട്. ഭരണകൂടത്തെ നയിക്കുന്ന പ്രധാനമന്ത്രി അയ്മന്‍ ബിന്‍ അബ്ദുറഹ്മാന്‍ ധനകാര്യവകുപ്പിന്റെ ചുമതല കൂടി വഹിക്കും. കഴിഞ്ഞ ഭരണത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായും ധനകാര്യമന്ത്രിയായും പ്രവര്‍ത്തിച്ച പരിചയത്തോടെയാണ് പ്രധാനമന്ത്രിപഥത്തിലെത്തുന്നത്.
എഫ്.എല്‍.എന്‍ ആധിപത്യം
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തുവെന്ന ഒറ്റക്കാരണത്താല്‍ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് (എഫ്.എല്‍.എന്‍) കുത്തകയാക്കിവച്ച ഏകപാര്‍ട്ടി ഭരണമായിരുന്നു കുറേകാലം അല്‍ജീരിയയില്‍. 1962ല്‍ ഫ്രാന്‍സില്‍ നിന്ന് സ്വതന്ത്രമായത് മുതല്‍ 1989 വരെ ഇത് തുടര്‍ന്നു. 1989ലാണ് മറ്റുള്ള പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അനുവാദം ലഭിക്കുന്നത്. അതേത്തുടര്‍ന്ന് എഫ്.എല്‍.എന്നിന്റെ മുഖച്ഛായ മങ്ങിത്തുടങ്ങി. 1991ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് മറ്റു പാര്‍ട്ടികളേക്കാള്‍ സീറ്റുകള്‍ കുറഞ്ഞുപോകുകയും ചെയ്തു. 1997 മുതല്‍ എഫ്.എല്‍.എന്നിനോടൊപ്പം ആര്‍.എന്‍.ഡിയോ ഇസ്‌ലാമിക പാര്‍ട്ടികളോ ചേര്‍ന്ന സഖ്യമായിരുന്നു ഭരിച്ചിരുന്നത്. എന്നാല്‍ ഇക്കുറി 204 എന്ന ഭൂരിപക്ഷത്തിലെത്താന്‍ രണ്ടിലധികം പാര്‍ട്ടികളുടെ സഖ്യം അനിവാര്യമായിരുന്നു. എന്നാല്‍ എഫ്.എല്‍.എന്‍ അല്ലാത്ത സ്വതന്ത്രനായ, കഴിവുറ്റ ഒരാളെ പ്രധാനമന്ത്രിയാക്കുക വഴി സ്വതന്ത്രകക്ഷികളുടെ പിന്തുണ ഉറപ്പുവരുത്തുകയായിരുന്നു.
ഇസ്‌ലാമിക പാര്‍ട്ടികള്‍
പ്രബലരായ പല ഇസ്‌ലാമിക സംഘടനകളും രാഷ്ടീയത്തില്‍ ഇല്ല. 1990ല്‍ രൂപീകൃതമായ മൂവ്‌മെന്റ് ഓഫ് സൊസൈറ്റി ഫോര്‍ പീസ് (ങടജ) എന്ന സംഘടനയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന ഏറ്റവും വലിയ ഇസ്‌ലാമിക സംഘടന. നേരത്തേ ഹമാസ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്‌ലാമിക സംഘടനയെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റുകയായിരുന്നു. അബ്ദുല്‍ റസാഖ് അല്‍ മഖരിയാണ് പാര്‍ട്ടിയെ നയിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ, തങ്ങള്‍ക്കാണ് ഭൂരിപക്ഷം ലഭിക്കുകയെന്ന് പാര്‍ട്ടി അവകാശപ്പെട്ടെങ്കിലും ഫലം വന്നപ്പോള്‍ 65 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇത് ചതിയാണെന്നും അതിനാല്‍ ഭരണമെന്ന കൂട്ടുകച്ചവടത്തില്‍ പങ്കെടുക്കില്ലെന്നും നേതാക്കള്‍ പ്രതികരിച്ചിരുന്നു. 40 സീറ്റുകള്‍ നേടിയ ഹറകത്തുല്‍ ബിനാഉം ഹുറീയ്യ വല്‍ അദാല, അദാല വ തന്മിയ എന്നീ പാര്‍ട്ടികള്‍ക്ക് രണ്ട് വീതം സീറ്റുകളുമാണ് ലഭിച്ചത്. 108 സീറ്റുകളാണ് ഇസ്‌ലാമിക പാര്‍ട്ടികള്‍ക്ക് മൊത്തം ലഭിച്ചത്. എം.എസ്.പി ഭരണത്തില്‍ കൂട്ടുകക്ഷിയായി ഉണ്ടായിരുന്ന കാലമായിരുന്നു അല്‍ജീരിയയിലെ ഏറ്റവും സമാധാനമുള്ള കാലമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. അതിനാല്‍ ഇത്തവണയും അത്തരമൊരു സഖ്യത്തിലേക്ക് നിര്‍ദേശങ്ങളുണ്ടായെങ്കിലും ഇസ്‌ലാമിക് പാര്‍ട്ടികള്‍ അംഗീകരിക്കുകയുണ്ടായില്ല.
ഹിറാക് പ്രക്ഷോഭ മുന്നണി
മാറിവരുന്ന ഭരണകൂടങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട അല്‍ജീരിയന്‍ ജനതയെ അവരുടെ ഉദാസീനതയില്‍ നിന്നു രക്ഷിക്കാന്‍ 2019ല്‍ രൂപപ്പെട്ട പ്രക്ഷോഭ മുന്നണിയാണ് ഹിറാക്. നിയതമായ നേതൃത്വമോ ലിഖിതമായ നിയമങ്ങളോ വ്യവസ്ഥാപിതമായ ചട്ടക്കൂടുകളോ ഉണ്ടായിരുന്നില്ല. സമരത്തില്‍ പങ്കാളിയാകുന്നവര്‍ക്കെല്ലാം ഒരേ ലക്ഷ്യമായിരുന്നു. എന്നാല്‍ നിയമാനുസൃതമല്ലാത്ത വോട്ടിങ്ങാണ് രാജ്യത്ത് നടക്കുന്നതെന്നും സമ്പൂര്‍ണ തെരഞ്ഞെടുപ്പ് പരിഷ്‌കാരത്തിലൂടെ മാത്രമേ പരിഹാരമുണ്ടാകൂ എന്നും അവര്‍ വാദിക്കുന്നു. 'ഹിറാക്' ബാനറിനു കീഴില്‍ പതിനായിരങ്ങളാണ് വിവിധ നഗരങ്ങളില്‍ പ്രക്ഷോഭത്തിനെത്തിയിരുന്നത്. അതേസമയം, അനുവാദമില്ലാത്ത പ്രക്ഷോഭങ്ങള്‍ക്ക് കഴിഞ്ഞ മെയ് മാസം മുതല്‍ നിരോധനം കൊണ്ടുവന്നെങ്കിലും ഫലപ്രദമായില്ല. മാത്രമല്ല, ജനാധിപത്യപരമായ പ്രക്ഷോഭങ്ങളെ തടയാനാണ് ഇത്തരത്തിലൊരു നീക്കമെന്ന വിമര്‍ശനവുമുണ്ടായി. ഭരണഘടനയുടെ പുതിയ ഭേദഗതിയില്‍ പ്രക്ഷോഭങ്ങളെ നിരോധിച്ചുള്ള നിയമം കൊണ്ടുവരുമെന്ന് നേരത്തേ പ്രസിഡന്റ് തിബൂനി അറിയിക്കുകയും ചെയ്തിരുന്നു. ഭരണത്തില്‍ അതൃപ്തരായ ജനത ഇനിയും ഹിറാകിനു കീഴില്‍ അണിനിരക്കാനാണ് സാധ്യത.
ബഹിഷ്‌കരിച്ചവരുടെ ഭൂരിപക്ഷം
ബഹിഷ്‌കരണാഹ്വാനം നടത്തിയവരുടെ വിജയമാണ് തെരഞ്ഞെടുപ്പിലെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത 77 % ത്തെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. അല്‍ജീരിയന്‍ ജനതയോട് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഏറ്റവും ആദ്യം ആഹ്വാനം ചെയ്തത് ഹിറാക് പ്രക്ഷോഭമുന്നണിയായിരുന്നു. റാലി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഡെമോക്രസി, സോഷ്യലിസ്റ്റ് ഫോഴ്‌സസ് ഫ്രണ്ട് എന്നീ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. ഈ ഭൂരിപക്ഷത്തിനു യാതൊരു വിലയും കല്‍പ്പിക്കാതെയാണ് പ്രസിഡന്റ് അബ്ദുല്‍ അസീസ് തിബ്ബൂനി പുതിയ പ്രധാനമന്ത്രിയെ അവരോധിച്ച് ഭരണകൂടമുണ്ടാക്കിയിരിക്കുന്നത്.
സൈന്യത്തിന്റെ അപ്രമാദിത്വം
ജനാധിപത്യപരമായി തെരഞ്ഞെടുത്തിട്ടും പട്ടാളഭരണവും പ്രസിഡന്‍ഷ്യന്‍ വാഴ്ചയുമാണ് അല്‍ജീരിയയില്‍ നടപ്പിലാക്കുന്നതെന്ന് തദ്ദേശീയരായ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ വിമര്‍ശനമുണ്ട്. വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ വലിയ സൈനിക ശക്തിയായ അല്‍ജീരിയയുടെ രാഷ്ട്രീയത്തില്‍ പട്ടാളത്തിന്റെ അപ്രമാദിത്വം എന്നും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏറെ വിമര്‍ശനവിധേയമായതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിക്ക് അധികാരങ്ങള്‍ വര്‍ധിപ്പിച്ചത്. പ്രധാനമന്ത്രിയെന്ന പദവിയെ ഇനിയും റബര്‍ സ്റ്റാമ്പാക്കി പ്രസിഡന്റ് വാഴ്ച നടപ്പിലാക്കിയാല്‍ അല്‍ജീരിയ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷിയാകും.
വെല്ലുവിളികള്‍ അതിജീവിക്കും
കഴിഞ്ഞ ഒരു ദശകത്തിലധികമായി പ്രതിസന്ധികളിലൂടെയാണ് അല്‍ജീരിയ കടന്നുപോയത്. കൊവിഡ് 19 മഹാമാരിയുണ്ടാക്കിയ ആഘാതം വേറെയും. പുതിയ ഭരണത്തിനു മുന്നിലെ പ്രധാന വെല്ലുവിളി നട്ടൊല്ലൊടിഞ്ഞ സമ്പദ്ഘടനയെ നേരെയാക്കലാണ്. 44.6 മില്യണ്‍ വരുന്ന ജനസംഖ്യയുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നതിനുവേണ്ടി എണ്ണ വരുമാനത്തിനപ്പുറമൊരു മാര്‍ഗവും ഫലപ്രദമായി വിജയിപ്പിച്ചെടുക്കാന്‍ മാറിവന്ന ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. പ്രകൃതി വാതകങ്ങളുടെ വില കുത്തനെ ഇടിഞ്ഞതിനാല്‍ കഴിഞ്ഞ ഏതാനും കാലങ്ങളായി ജനജീവിതം ദുസ്സഹമാണ്. രൂക്ഷമായ തൊഴിലില്ലായ്മ യുവസമൂഹത്തെ പ്രക്ഷോഭങ്ങളിലേക്കും ദുര്‍മാര്‍ഗങ്ങളിലേക്കും നയിച്ചു. തൊഴിലില്ലായ്മ നിരക്ക് വര്‍ഷംപ്രതി വര്‍ധിക്കുകയാണെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചനകള്‍. 2020 ലെ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 12.83% ല്‍ എത്തി. ഏതാണ്ട് 1.4 മില്യന്‍ ജനങ്ങള്‍ തൊഴില്‍രഹിതരാണ്. നടപ്പുവര്‍ഷത്തെ ആളോഹരി കടം 2018 നേക്കാള്‍ ഇരട്ടിയാണ്. ടൂറിസം മേഖലയും കാര്‍ഷിക വരുമാനവും വേണ്ടത്ര പുരോഗതി പ്രാപിച്ചിട്ടുമില്ല. അടിസ്ഥാന സൗകര്യ വികസനത്തില്‍ മാറിവന്ന ഭരണകൂടങ്ങള്‍ ശ്രദ്ധിച്ചില്ല. അസന്തുഷ്ടരായ പൊതുസമൂഹത്തെ പുതിയ പദ്ധതികളിലൂടെ തിരിച്ചുപിടിക്കാന്‍ ഭരണ നേതൃത്വം നന്നായി വിയര്‍ക്കേണ്ടി വരും.
അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പ്രകൃതി വാതകങ്ങള്‍ കയറ്റി അയക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്നും അല്‍ജീരിയ. ഭൂമിശാസ്ത്രപരമായി യൂറോപ്യന്‍ രാജ്യങ്ങളോട് അടുത്തു നില്‍ക്കുന്നതിനാല്‍ വിശാലമായ വിപണന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. നിലവില്‍ ഒപെക് രാജ്യങ്ങളില്‍ അംഗമായ അല്‍ജീരിയക്ക് എണ്ണവിലയിലുണ്ടായ വര്‍ധന പ്രതിസന്ധിയില്‍ നിന്ന് താല്‍ക്കാലികമായി കരകയറാന്‍ അവസരമൊരുക്കുന്നുണ്ട്. പുതിയ ഭരണകൂടം ജനങ്ങളെ പരിഗണിക്കുന്ന നിലപാടെടുത്തുകൊണ്ട് അനുകൂലമായ മറ്റു സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തണം. രാജ്യത്തെ അഴിമതിമുക്തമാക്കി, തൊഴിലില്ലായ്മയെ കൃത്യമായി അഭിമുഖീകരിച്ച്, അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധപതിപ്പിക്കുകയും ചെയ്താല്‍ അടിമുടി മാറ്റത്തിനു തുടക്കമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."