വിദ്യാഭ്യാസത്തിലെ സി.എച്ച് ടച്ച്
അബ്ദുല്ല വാവൂര്
വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം കൈവരിച്ച അപൂര്‍വ നേട്ടങ്ങളുടെ ചരിത്രവായനയിലേക്ക് കടന്നുവന്നാല്‍ സി.എച്ച് മുഹമ്മദ് കോയയുടെ ദീര്‍ഘവീക്ഷണവും നയപരിപാടികളും ജ്വലിച്ചു നില്ക്കുന്നതായി കാണാം. വിദ്യാഭ്യാസ വകുപ്പില്‍ ഏറ്റവും കൂടുതല്‍ കാലവും തവണയും മന്ത്രിയായിരുന്നിട്ടുണ്ട് സി.എച്ച്. അദ്ദേഹത്തിന്റെ വിയോഗത്തിന് നാലു പതിറ്റാണ്ടോടടുത്തെങ്കിലും പല മേഖലകളിലെന്നപോലെ, വിദ്യാഭ്യാസ മേഖലയിലും സി.എച്ചിന്റെ റെക്കോര്‍ഡ് ഇന്നുവരെ ആരും ഭേദിച്ചിട്ടില്ല. ആറ് മുഖ്യമന്ത്രിമാര്‍ക്കു കീഴിലും മുഖ്യമന്ത്രിപദത്തിലെത്തിയപ്പോഴും, ആകെ എഴു തവണ സി.എച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയില്‍ വന്നു. 1967 മാര്‍ച്ച് ആറിന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ സമയത്തു തുടങ്ങിയ സി.എച്ചിന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രയാണം - ഇടക്കാലത്ത് പാര്‍ലമെന്റ് അംഗമായ സമയത്തും ഒരു തെരഞ്ഞെടുപ്പു കേസിലെ ഹൈക്കോടതി വിധിയെ തുടർന്നുള്ള കാലവും ഒഴിച്ചുനിര്‍ത്തിയാല്‍ - 1983 സെപ്റ്റംബര്‍ 28 വരെ തുടര്‍ന്നു. ഇതില്‍ നായനാര്‍ മന്ത്രിസഭയില്‍ ഒന്നേമുക്കാല്‍ വര്‍ഷം മന്ത്രിയായ ബേബി ജോണിന്റെ സമയം മാറ്റിനിര്‍ത്തിയാല്‍, സി.എച്ചിന്റെ സഹപ്രവര്‍ത്തകരായ ചാക്കീരി അഹമ്മദ്കുട്ടിയും യു.എ ബീരാനും താന്‍ ഉപമുഖ്യമന്ത്രിയായ സമയത്ത് പി.ജെ ജോസഫും ടി.എം ജേക്കബും വകുപ്പിന് നേതൃത്വം നല്കിയപ്പോള് വിദ്യാഭ്യാസ മേഖലയില്‍ ഒരു സി.എച്ച് സ്വാധീനം ഉണ്ടായിട്ടുണ്ട്. 1967 മുതല്‍ 1983 സെപ്റ്റംബര്‍ 28 വരെയുള്ള ഇക്കാലയളവ് നമുക്ക് വിദ്യാഭ്യാസത്തിലെ സി.എച്ച് യുഗം എന്ന് വിശേഷിപ്പിക്കാം (കടപ്പാട്: പ്രൊഫ. സി.എ അബ്ദുസ്സലാം)
പൊതുവിദ്യാഭ്യാസ മേഖലയില്‍ സി.എച്ചിന്റെ കാലയളവിലുണ്ടായ സ്ഥാപനപരമായ വളര്‍ച്ച പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഐക്യകേരള രൂപീകരണ സമയത്ത് സര്‍ക്കാര്‍-എയ്ഡഡ്-അണ് എയ്ഡഡ് മേഖല ഉള്‍പ്പെടെ സംസ്ഥാനത്ത് 9,137 വിദ്യാലയങ്ങളാണ് ഉണ്ടായിരുന്നത്. അത് 1967 ലേക്കെത്തിയപ്പോള്‍ 10,788 ലെത്തി. പിന്നീട് 1967 മുതല്‍ 1983 വരെയുള്ള കാലം പൊതുവിദ്യാലയങ്ങളുടെ എണ്ണം 12,087 ലെത്തി. സി.എച്ചിന്റെ കാലയളവില്‍ 1,299 വിദ്യാലയങ്ങള്‍ കൂടി എന്ന് കാണാന്‍ കഴിയും. (വിശകലനം താഴെ ചാര്‍ട്ടില്‍)
വര്‍ഷം ഇനം എണ്ണം
1957 ഹൈസ്കൂള്‍ 762
ട്രെയിനിങ്
സ്കൂള്‍ 87
എല്‍.പി സ്കൂള്‍ 6,699
യു.പി സ്കൂള്‍ 1,589
1967 ഹൈസ്കൂള്‍ 1,275
ട്രെയിനിങ്
സ്കൂള്‍ 105
യു.പി സ്കൂള്‍ 2,475
എല്‍.പി സ്കൂള്‍ 6,933
ആകെ 10,788
1983 ഹൈസ്കൂള്‍ 2,331
ട്രെയിനിങ്
സ്കൂള്‍ 92
യു.പി സ്കൂള്‍ 2,822
എല്‍.പി സ്കൂള്‍ 6,842
ആകെ 12,087
പ്രൈമറി വിദ്യാലയങ്ങള്‍ സ്വാതന്ത്ര്യത്തിനു മുമ്പേ ഏറെക്കുറെ വ്യാപിച്ചിരുന്നെങ്കിലും സെക്കൻഡറി വിദ്യാലയങ്ങളുടെ വ്യാപനം പിന്നോക്ക പ്രദേശങ്ങളിലും പിന്നോക്ക ജനവിഭാഗങ്ങള്‍ വസിക്കുന്നിടത്തും കുറവായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി ആദ്യമായി സി.എച്ച് ചെയ്തത് പുതിയ വിദ്യാലയങ്ങള്‍ അനുവദിക്കാനുള്ള വ്യവസ്ഥകള്‍ മാറ്റി നിശ്ചയിച്ചതാണ്. ഓരോ പ്രദേശത്തിന്റെയും സ്കൂള്‍ ആവശ്യകത മനസിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍വേ നടത്തുകയും അതിനനുസരിച്ച് അനുവദിക്കുകയുമാണ് ചെയ്തത്. ഹൈസ്കൂളില്ലാത്ത എല്ലാ പഞ്ചായത്തിലും ഹൈസ്കൂള്‍ അനുവദിക്കാന്‍ തീരുമാനമെടുത്തു. സെക്കൻഡറി വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാക്കിയെങ്കിലേ പ്രൈമറി പഠനം കഴിഞ്ഞുവരുന്ന കുട്ടികള്‍ തുടര്‍പഠനത്തിന് എത്തുകയുള്ളൂ എന്ന് സി.എച്ച് ഉറച്ചുവിശ്വസിച്ചു. അങ്ങനെ 1969 ജനുവരി ആറിന് ഇന്ത്യയില്‍ ആദ്യമായി, കേരളത്തില്‍ സെക്കൻഡറി വിദ്യാഭ്യാസം സൗജന്യമാക്കി. 1969 -70ല്‍ ഒമ്പതു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ ഫീസ് വേണ്ടെന്നുവച്ചു. അങ്ങനെ സെക്കൻഡറി വിദ്യാഭ്യാസം സൗജന്യമായി തീര്‍ന്നു. സാര്‍വത്രികവും സൗജന്യവുമായ സെക്കൻഡറി വിദ്യാഭ്യാസം സി.എച്ച് നടപ്പാക്കുകവഴി സംസ്ഥാനത്ത് ഹൈസ്കൂളുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. 1967ല്‍ 1,275 ഹൈസ്കൂളുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 1983 ല്‍ എത്തിയപ്പോള്‍ അത് 2,331 ആയി ഉയര്‍ന്നു. വിദ്യാര്ഥിപ്രവേശന കാര്യത്തില്‍ വലിയ വര്‍ധനവും ഇക്കാലത്ത് ഉണ്ടായി. 1956-57 വര്‍ഷം 27 ലക്ഷം കുട്ടികളാണ് ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിച്ചിരുന്നത്. 1970-71 വര്‍ഷമായപ്പോള്‍ അത് 48 ലക്ഷമായി. 1956-57 ല്‍ ആകെ കുട്ടികളുടെ 66 ശതമാനം എല്‍.പി വിഭാഗത്തിലായിരുന്നു. യു.പിയിലെത്തുമ്പോഴേക്കും അത് 22 ശതമാനവും ഹൈസ്കൂളുകളില്‍ 12 ശതമാനവുമാണ്. അതായത്, ബഹുഭൂരിഭാഗം കുട്ടികളും പ്രൈമറി ഘട്ടത്തില്‍ പഠനം അവസാനിപ്പിക്കുകയായിരുന്നു. എല്ലാ പഞ്ചായത്തുകളിലും പിന്നോക്ക പ്രദേശങ്ങളിലും പിന്നോക്ക ജനവിഭാഗങ്ങള്‍ താമസിക്കുന്നിടത്തും ഹൈസ്കൂളുകള്‍ സ്ഥാപിക്കുകവഴി സെക്കൻഡറി ഘട്ടത്തിലേക്ക് കുട്ടികളുടെ പ്രവേശനത്തിൽ വലിയ പുരോഗതിയുണ്ടായി.
മലബാര്‍ മേഖലയില്‍ 1967ല്‍ 298 ഹൈസ്കൂളുകള്‍ ഉണ്ടായിരുന്നിടത്ത് 1983 ആയപ്പോഴേക്കും അത് 746 ആയി ഉയര്‍ന്നു. 1964ല്‍ 1,25,083 കുട്ടികള്‍ ഹൈസ്കൂളുകളില്‍ പഠിച്ചുവന്നത് 1983 ല്‍ എത്തിയപ്പോള്‍ 4,48,203 കുട്ടികളായി ഉയര്‍ന്നു. പത്താം തരത്തില്‍ 1964ല്‍ 27,163 കുട്ടികള്‍ ഉണ്ടായിരുന്നിടത്ത് 1983 ആയപ്പോള്‍ അത് 1,06,857 എണ്ണമായുയര്ന്നു.
സ്ഥാപന വളര്‍ച്ചയിലും അധ്യാപകരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായതായി കാണാം. 1956-57ല്‍ ആകെ അധ്യാപകരില്‍ 10 ശതമാനം മാത്രമേ (8,153) സെക്കൻഡറി തലത്തിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ അത് 1981 ആയപ്പോഴേക്കും 26.57 ശതമാനമായി ഉയര്‍ന്നു (46,601). സെക്കൻഡറി വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാക്കിയതിന്റെ ഭാഗമായുള്ള വികാസഘട്ടത്തില്‍ സംസ്ഥാനത്തിന്റെ ആകെ റവന്യൂ ചെലവിന്റെ നിര്‍ണായക ഭാഗം വിദ്യാഭ്യാസത്തിനായി നീക്കിവച്ചു. 1970-71ല്‍ മാത്രം 36.7 ശതമാനമായിരുന്നു ഇത്.
അറബി ഭാഷയെ
ചേർത്തുനിർത്തിയ മുന്നേറ്റം
സി.എച്ച് ഘട്ടം ഉടനീളം പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ തുക വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിവച്ചതായി കാണാം. 1982ല്‍ 37.2 ശതമാനം വരെ ഇത് എത്തി. (ഇക്കണോമിക് റിവ്യു-സംസ്ഥാന ആസൂത്രണ ബോര്‍ഡ്).
സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഒന്നാം തലമുറ പ്രശ്നങ്ങളായ ലഭ്യത (Access), സ്കൂള്‍ പ്രവേശനം (Enrolment) കൊഴിഞ്ഞുപോക്കില്ലാതെ നിലനില്ക്കല് (Retention) എന്നിവയില്‍ കേരളത്തിന്റെ സ്ഥിതി ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. അതിന് സി.എച്ച് മുഹമ്മദ് കോയയോട് കേരളം കടപ്പെട്ടിരിക്കുന്നു.
അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പരിഷ്കാരത്തില്‍ മറ്റൊരു ശ്രദ്ധേയമായ മുന്നേറ്റമായിരുന്നു അറബി, ഉറുദു, സംസ്കൃത ഭാഷാ പഠനം വ്യാപകമാക്കിയത്. 100 മുസ്ലിം കുട്ടികള്‍ ഉണ്ടെങ്കില്‍ മാത്രം അറബി അധ്യാപകരെ നിയമിക്കാം എന്ന വ്യവസ്ഥയായിരുന്നു 1967 വരെ ഉണ്ടായിരുന്നത്. മാത്രമല്ല, അറബിക് അധ്യാപകര്‍ 'സ്പെഷ്യലിസ്റ്റ്' അധ്യപകരുടെ വിഭാഗത്തില്‍ പെട്ടവരുമായിരുന്നു. സി.എച്ച് ഈ അധ്യാപകരെ സാധാരണ അധ്യാപകരുടെ തസ്തികയിലേക്കുയര്ത്തി. പ്രൈമറിയില്‍ 10 കുട്ടികള്‍ ഉണ്ടായാല്‍ പാര്‍ട്ട് ടൈം അധ്യാപകരെ നിയമിക്കാനും 1 മുതല്‍ 4 വരെ ക്ലാസുകളില്‍ മൊത്തം 27 കുട്ടികളുണ്ടായാല്‍ അവിടെ മുഴുസമയ അധ്യാപക തസ്തിക അനുവദിക്കാനും തീരുമാനിച്ചു. യു.പി തലത്തില്‍ അഞ്ചാം ക്ലാസില്‍ 12ഉം ആറാം ക്ലാസിൽ 6ഉം ഏഴാം തരത്തിൽ 3ഉം കുട്ടികളുണ്ടെങ്കില്‍ പാര്‍ട്ട് ടൈം അധ്യാപക തസ്തിക അനുവദിച്ചു. ആഴ്ചയില്‍ 15 പിരിയഡുണ്ടായാല് അത് ഫുള്‍ടൈം തസ്തികയായി. അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഒരധ്യാപകന് പാര്‍ട്ട് ടൈം ജോലി ചെയ്താല്‍ തുടര്‍ന്ന് അത് ഫുള്‍ടൈം ആനുകൂല്യത്തിന് അര്‍ഹത നേടി. അറബിക് കോളജുകള്‍ക്ക് എയ്ഡഡ് പദവി നല്കി ഉയര്‍ത്തിക്കൊണ്ടുവന്നു. 2013ലെ ഡി.പി.ഐ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് 7,285 വിദ്യാലയങ്ങളില്‍ ഇന്ന് അറബി ഭാഷാ പഠനമുണ്ട്. 1,505 വിദ്യാലയങ്ങളില്‍ ഉറുദു ഭാഷാ പഠനവുമുണ്ട്.
ഉന്നത വിദ്യാഭ്യാസ
രംഗത്തെ ജാഗ്രത
1969 വരെ കേരളത്തില്‍ ഒരേയൊരു സര്‍വകലാശാല മാത്രമേ ഉണ്ടായിരുന്നുള്ളൂ, കേരള സര്‍വകലാശാല. കല്‍ക്കത്ത സര്‍വകലാശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വകലാശാലയായിരുന്നു കേരള. 149 കോളജുകളും 25 പഠനവകുപ്പുകളും 1,42,000 കുട്ടികളുമുള്ള സര്‍വകലാശാലയായിരുന്നു അത്. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കടുത്ത അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകുന്നതിനു മുമ്പു തന്നെ കോഴിക്കോട്ട് ഒരു സര്‍വകലാശാലയെന്നത് സി.എച്ചിന്റെ സ്വപ്നമായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും വിദ്യാഭ്യാസ കമ്മിഷന് ചെയര്‍മാനും അക്കാലത്തെ യു.ജി.സി ചെയര്‍മാനുമായിരുന്ന ഡോ. ഡി.എസ് കോത്താരിയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തി നിലവിലുള്ള സര്‍വകലാശാലയുടെ അപര്യാപ്തത സി.എച്ച് ബോധ്യപ്പെടുത്തി. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ രണ്ട് സര്‍വകലാശാലകള്‍ വേണമെന്നും യു.ജി.സി ചെയര്‍മാനു മുന്നില്‍ വസ്തുതകള്‍ നിരത്തി സി.എച്ച് ആവശ്യപ്പെട്ടു. എന്നാല്‍, കോഴിക്കോട് സര്‍വകലാശാലയെന്ന ആവശ്യത്തെ കോത്താരി പിന്തുണച്ചു. തുടര്‍ന്ന് സി.എച്ചിന്റെ വാദഗതികള്‍ക്കു മുന്നില്‍ മറ്റൊരു സര്‍വകലാശാലകൂടി കോത്താരി ശുപാര്‍ശ ചെയ്തു. അതാണ് കൊച്ചിന് സര്‍വകലാശാല. 1968 ജൂലൈ 22ന് ഗവര്‍ണര്‍ കോഴിക്കോട് സര്‍വകലാശാല അനുവദിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.
1968 സെപ്റ്റംബര്‍ 13ന് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ത്രിഗുണ സെൻ കോഴിക്കോട് സര്‍വകലാശാല ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക മേഖലയിലെ സംസ്ഥാനത്തിന്റെ ഭാവി വികസനം ലക്ഷ്യം വച്ചുകൊണ്ട് സി.എച്ച് 1971ല്‍ തുടക്കമിട്ടതാണ് കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല. ഇതേക്കുറിച്ച് സി.എച്ച് പറയുന്നു; കൊച്ചിന് യൂനിവേഴ്സിറ്റിയില്‍നിന്നു ബിരുദമെടുത്ത ആരും ജോലിയില്ലാതെ നിലനില്‍ക്കില്ല. കൊച്ചിന് യൂനിവേഴ്സിറ്റി സാമ്പത്തികമായ കാരണങ്ങള്‍കൊണ്ട് വേണ്ടത്ര പുരോഗമിക്കുന്നില്ല എന്നല്ലാതെ വാസ്തവത്തില്‍ നല്ല ആശയമാണ് അതിന്റേത്. അത് വളര്‍ന്നു വരുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. (സി.എച്ച് മുഹമ്മദ് കോയ, വിദ്യാഭ്യാസ വകുപ്പ് ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടി. 1979 ഏപ്രില്‍).
സി.എച്ചിന്റെ കാലത്താണ് കേരളത്തിലെ പ്രൈവറ്റ് കോളജ് അധ്യാപകര്‍ക്ക് ഡയരക്ട് പേയ്മെന്റ് ലഭിക്കുന്നത്. ജോസഫ് മുണ്ടശ്ശേരിയുടെ കാലത്തുപോലും സാധ്യമാക്കാത്തത് സി.എച്ച് നടപ്പാക്കി. ഇതുസംബന്ധിച്ച് ഡോ. എസ്. ശാരദക്കുട്ടി പറയുന്നത്- അച്യുതമേനോന് മുഖ്യമന്ത്രിയും സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കാലം. മാനേജരുടെ വീട്ടിലെ തേങ്ങയിട്ടാലേ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ശമ്പളമുള്ളൂ എന്ന അവസ്ഥ. ശബരിമലയിലെ ഭണ്ഡാരപ്പെട്ടി തുറന്നുകഴിഞ്ഞാലേ മാസങ്ങള്‍ ജോലി ചെയ്തതിന്റെ കൂലി കോളജുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കിട്ടുകയുള്ളൂ എന്ന പരിതാപകരമായ നില. മഞ്ഞളും ഭസ്മവും പുരണ്ട നോട്ടുകള്‍ പിച്ചക്കാശുപോലെ മാനേജര്‍മാരില്‍നിന്ന് വാങ്ങിയ ആ കാലം. (ഡോ. എസ്. ശാരദക്കുട്ടി, പച്ചക്കുതിര മാസിക - 2017 ഫെബ്രുവരി).
സ്വകാര്യ കോളജ് അധ്യാപകര്‍ക്ക് ഇന്നുള്ള ജീവിതസൗകര്യവും ആത്മാഭിമാനവും ഉറപ്പാക്കിക്കൊടുത്തത് സി.എച്ച് ആയിരുന്നുവെന്നതിൽ തർക്കിക്കാനൊന്നുമില്ല.
തൊഴിൽ സാധ്യതാ വിദ്യാഭ്യാസം
പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ജോലി സംരക്ഷണം ആദ്യമായി നടപ്പാക്കിയത് സി.എച്ച് ആണ്. 1970-71 കാലയളവില്‍ ഇതിനായി ആറോളം ഉത്തരവുകളിറക്കിയിട്ടുണ്ട്. സംരക്ഷണമില്ലാതെ പുറത്തുപോകുന്ന അധ്യാപകര്‍ക്ക് പലകാരണങ്ങള്‍കൊണ്ട് ജോലി നഷ്ടപ്പെട്ടപ്പോള്‍ അവര്‍ക്ക് എല്ലാ സര്‍വിസ് ആനുകൂല്യങ്ങളും നല്കി. ഇന്നും കേരളത്തിലെ അധ്യാപകര്‍ ഈ സംരക്ഷണം ലഭിക്കുന്നവരാണ്.
വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്നുള്ളത് സി.എച്ചിന്റെ വിശാല കാഴ്ചപ്പാടായിരുന്നു. ജൂനിയര്‍ ടെക്നിക്കല്‍ സ്കൂളുകള്‍ ഇതിനായി തുടങ്ങി, പോളി ടെക്നിക്കുകള്‍ ആരംഭിച്ചു. പോളിടെക്നിക്കുകളില്‍ അക്കാലത്ത് തന്നെ പോളിമര്‍ ടെക്നോളജി, കംപ്യൂട്ടര്‍ ടെക്നോളജി, കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഹ്രസ്വകാല കോഴ്സുകള്‍ തുടങ്ങി. ഇത് നിരവധി തൊഴിലവസരങ്ങളുണ്ടാക്കി. തിരുവനന്തപുരം എൻജിനീയറിങ് കോളജില്‍ കേരളത്തില്‍ ആദ്യമായി ഒരു കംപ്യൂട്ടര്‍ സ്ഥാപിച്ചതും ഈ കാലയളവിലാണ്.
മലയാള ഭാഷയുടെ സമഗ്രപുരോഗതി ലക്ഷ്യംവച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത് സി.എച്ചിന്റെ കാലത്താണ്. 1968 മാര്‍ച്ച് 11ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ത്രിഗുണ സെൻ നിര്‍വഹിച്ചു. മലയാള ഭാഷയ്ക്ക് നിലവിലുണ്ടായിരുന്ന ലിപി ആധുനികമായി പരിഷ്കരിച്ചതും സര്‍വകലാശാല ഭരണസംവിധാനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാതിനിധ്യം നല്കിയതും ഈ കാലയളവിലാണ്. സെനറ്റിലും സിന്‍ഡിക്കേറ്റിലും അക്കാദമിക ബോഡികളിലും ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് വിദ്യാര്‍ഥി പ്രാതിനിധ്യം ഉറപ്പാക്കിയതിലൂടെ സി.എച്ച് ചെയ്തത് വിദ്യാര്‍ഥികളുടെ അവകാശ സംരക്ഷണമായിരുന്നു. കോളജ് വിദ്യാര്‍ഥികളുടെ പേടിസ്വപ്നമായിരുന്ന ഡിറ്റന്‍ഷന്‍ നിര്‍ത്തലാക്കിയതും സി.എച്ചിന്റെ കാലത്താണ്.
മുസ്ലിം വിദ്യാഭ്യാസരംഗമെടുത്താല് തുല്യതയില്ലാത്ത പുരോഗതിയാണ് സ്ഥാപന വളര്‍ച്ചയിലും വിദ്യാര്‍ഥി പ്രവേശനത്തിലും ഇക്കാലയളവിലുണ്ടായത്. 1965ല്‍ 15,109 മുസ്ലിം കുട്ടികള്‍ എസ്.എസ്.എല്‍.സി നേടിയെങ്കില്‍ 1982ല്‍ അത് 44,291ലെത്തി. 1967ല്‍ 5 മുസ്ലിം കോളജുകള്‍ ഉണ്ടായിരുന്നിടത്ത് 1983ല്‍ അത് 15 ആയി ഉയര്‍ന്നു. 1967ല്‍ 3,987 കുട്ടികള്‍ കോളജില്‍ പഠിച്ചിരുന്നുവെങ്കില്‍ 1983ല്‍ അത് 25,214 ലെത്തി. ഡിഗ്രി ക്ലാസില്‍ 1968ല്‍ 1,329 മുസ്ലിം കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1983ലെത്തിയപ്പോള്‍ 8,225 ആയി. സി.എച്ച് യുഗം അവസാനിക്കുമ്പോള്‍ അഞ്ചു സര്‍വകലാശാലകളും 66 പഠനവകുപ്പുകളും 172 അഫിലിയേറ്റഡ് കോളജുകളും 35 പ്രൊഫഷനല്‍ കോളജുകളും ഉള്ള സംസ്ഥാനമായി കേരളം മാറി.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."