വസന്ത ഗീതമാണ്... ഫെഡറർ
പരാശരൻ
2017ൽ റോജർ ഫെഡറർ ഇങ്ങനെ പറഞ്ഞു- ‘ഞാൻ വിശ്വസിക്കുകയും സ്വപ്നം കാണുകയും ചെയ്യുമായിരുന്നു’- അന്ന് ഇത് ലോകത്തോട് പറയുമ്പോൾ അയാളുടെ കൈയിൽ എട്ടാം വിംബിൾഡൺ കിരീടമുണ്ടായിരുന്നു. 2014ലും 15ലും ദ്യോകോവിച്ചിന് മുന്നിൽ തോറ്റതിനു ശേഷം താൻ സഞ്ചരിച്ച വഴികളെയാണ് ഫെഡറർ ഇങ്ങനെ സമർഥിച്ചത്.
പിന്നീടൊരിക്കൽ ഫെഡറർ പറഞ്ഞു- ‘കഥ തുടരുകയാണ്, ഒരു സ്വപ്നം പൂവണിയുകയാണ് ’- അന്ന് ഇരുപതാം ഗ്രാൻഡ്സ്ലാം കിരീടമെന്ന മഹത്തായ നേട്ടത്തിൻ്റെ അടയാളമായി അയാൾ ആസ്ത്രേലിയൻ ഓപൺ കിരീടം ‘നോർമൻ ബ്രൂക്ക് ചലഞ്ച് കപ്പ് ’നെഞ്ചോട് ചേർത്തുവച്ചിരുന്നു.
ഫെഡറർ തീർത്ത സ്വപ്നങ്ങളിൽ നാം ഇറങ്ങി നടന്നു... ആനന്ദിച്ചു, ഭ്രാന്തമായി ആവേശം പൂണ്ടു, രോമാഞ്ചം കൊണ്ടു, കരഞ്ഞു. ആ സ്വപ്നങ്ങളിൽനിന്ന് ഓർമകൾ പൊതിഞ്ഞ് സൂക്ഷിച്ച് ഇനി മടക്കം... അതെ, ഫെഡറർ ടെന്നീസ് മതിയാക്കുന്നു...
അത്ര മൃദുലവും സവിശേഷവും ലാവണ്യപരവുമാണ് ഫെഡറർ വ്യാഖ്യാനിച്ച ടെന്നീസ്. അനുകരണങ്ങൾക്ക് വഴങ്ങാത്ത ഫെഡറർക്ക് മാത്രം സാധ്യമായ ഒരു വേറിട്ട കളിക്കാഴ്ച. മഹാരഥൻമാരായ കളിയുടെ സകല വഴികളും തുറന്നിട്ട അസാമാന്യ പ്രതിഭാശാലികൾ ധാരാളമുണ്ട് ടെന്നീസിൽ. അവരൊന്നും സഞ്ചരിക്കാത്ത വഴികളിലൂടെ ഒറ്റയ്ക്ക് നടന്ന ഏകാന്ത വിസ്മയമാണ് ഫെഡറർ.
ബെയ്സ് ലൈൻ, സെർവ് ആൻഡ് വോളി ഗെയിമുകൾ ഒരുപോലെ വഴങ്ങി സ്വിസ് മാസ്റ്റർക്ക്. ഒറ്റക്കൈ ബാക്ക് ഹാൻഡുകളുടെ കളിയഴകുകൾ ലോകം പല തവണ കണ്ണുകൊണ്ട് കൃത്യമായി നിർണയിച്ചു. എതിരാളിയെ ഒരു നർത്തകൻ്റെ മെയ്വഴക്കത്തോടെ ഫെഡറർ അതിശയിപ്പിച്ച് നിർത്തി. കളിയിൽ തെറ്റുകൾ (error) വരുത്താൻ പ്രേരിപ്പിക്കുന്ന ഷോട്ടുകൾ പായിച്ചു. പറന്നെത്തിയ എയ്സുകളുടെ കൊടുംചൂടിൽ എതിരാളികൾ വെട്ടിവിയർത്തു.
നൈസർഗിക കളി വഴക്കങ്ങളാണ് ഫെഡററുടെ ആത്മബലം. അയാൾ നിരന്തരം സ്വയം നവീകരിച്ചു. എതിരാളി കളിക്കാൻ പോകുന്ന ഷോട്ട് ഉള്ളിൽ കണ്ടു. ഒട്ടും ബഹളങ്ങളില്ലാതെ സാധനത്തികവോടെ ബെയ്സ് ലൈൻ കളിയെ സെർവ് ആൻഡ് വോളിയാക്കി ഫെഡറർ പരിവർത്തിപ്പിച്ചു. വളരെ വ്യത്യസ്തങ്ങളായ ടെന്നീസ് ശൈലികളോട് ഏറ്റവും ശാന്തമായി പോരാടുന്ന ഓരോ സമയത്തും ഫെഡറർ ശ്രുതി ശുദ്ധമായ കേളീചാരുത മൈതാനത്ത് പടർത്തി.
2008ലെ വിംബിൾഡൺ ഫൈനൽ ടെന്നീസിലെ ഒരു മഹത്തായ അധ്യായമാണ്. ഫെഡററെ നദാൽ വീഴ്ത്തിയ ക്ലാസിക്. തുടർച്ചയായി അഞ്ചുവട്ടം കിരീടമുയർത്തിയ അതേ വേദിയിൽ ഫെഡറർ പരാജിതനായി നിന്ന രാത്രി. 6–4, 6–4, 6–7 (5–7), 6–7 (8–10), 9–7... ഇതാണ് അന്നത്തെ സ്കോർ നില. കളിയുടെ ദുർഘടതയിൽ കാലിടറിയ ഓരോ സമയത്തും അപാരമായ ഇച്ഛാശക്തിയോടെ ഫെഡറർ തിരിച്ചുകയറി. ലോക കായിക ചരിത്രത്തെ ആ മത്സരം മനക്കരുത്തിൻ്റെ അനർഘ നിമിഷങ്ങളാൽ സമ്പന്നമാക്കി.
നാലേമുക്കാൽ മണിക്കൂർ നീണ്ട ആ പോരാട്ടത്തിൽ എയ്സുകളും വിന്നറുകളും ഫോർഹാൻഡുകളും ബാക്ക് ഹാൻഡുകളും നിറയെ പൂത്തു. അന്ന് ഓൾ ഇംഗ്ലണ്ട് ടെന്നീസ് കോർട്ടിൽ മഴ പെയ്തിരുന്നു! ഫെഡറർ തോൽക്കുന്നതിനു പോലും എന്തൊരു സൗന്ദര്യം...
ഫെഡററുടെ ടെന്നീസിനെ അവിസ്മരണീയമാക്കുന്നത് അതിൻ്റെ സൗമ്യമായ ധ്യാനാത്മകതയാണ്. ഫെഡറർ പുഴയാണ്. ഉത്ഭവസ്ഥാനം നിർണയിക്കാൻ സാധിക്കാത്തത്രമേൽ ഒഴുക്ക്. റോളണ്ട് ഗാരോസിലും റോഡ് ലേവർ അരീനയിലും തുടങ്ങി ലോകത്തിൻ്റെ വിവിധയിടങ്ങളിൽ കാവ്യാത്മക ടെന്നീസിൻ്റെ ആഴവും പരപ്പും നിറഞ്ഞ ‘ഫെഡററിസം’ നാം വായിച്ചുകൊണ്ടേയിരിക്കും.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."