അഞ്ചിടത്ത് നിയമസഭാ തെരഞ്ഞെടുപ്പ് : പൊതുതെരഞ്ഞെടുപ്പിൻ്റെസെമി ഫൈനല്‍
യു.എം മുഖ്താർ
അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയും എതിരാളി 'ഇന്‍ഡ്യ' സഖ്യവും നേരിടുന്ന ആദ്യ ബലപരീക്ഷണമാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍. മധ്യപ്രദേശ് (230 സീറ്റ്), രാജസ്ഥാന്‍ (200 സീറ്റ്), തെലങ്കാന (119 സീറ്റ്), ഛത്തിസ്ഗഡ് (90 സീറ്റ്), മിസോറം (40 സീറ്റ്) എന്നിവിടങ്ങളിലാണ് മാസങ്ങള്‍ക്കുള്ളില്‍ ജനവിധി നടക്കാന്‍ പോകുന്നത്. മധ്യപ്രദേശ് ബി.ജെ.പി ഭരണത്തിലാണെങ്കില്‍ രാജസ്ഥാനും ഛത്തിസ്ഗഡും കോണ്‍ഗ്രസിന്റെ കൈകളിലാണ്. കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസിന്റെ കൈകളിലാണ് തെലങ്കാന. എന്‍.ഡി.എ സഖ്യകക്ഷി മിസോ നാഷനല്‍ ഫ്രണ്ട്(എം.എന്‍.എഫ്) ആണ് മിസോറം ഭരിക്കുന്നതെങ്കിലും ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണുള്ളത്. മിസോറമിലെ നിയമസഭയുടെ കാലാവധി ഡിസംബര്‍ 17ന് അവസാനിക്കാനിരിക്കുകയാണ്. ഛത്തിസ്ഗഡ്, മധ്യപ്രദേശ് നിയമസഭകളുടെ കാലാവധി ജനുവരി മൂന്നിനും പൂര്‍ത്തിയാകും. ജനുവരി 14, 16 ആണ് യഥാക്രമം രാജസ്ഥാന്‍, തെലങ്കാന നിയമസഭകളുടെ കാലാവധി പൂര്‍ത്തിയാകുക. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പദ്ധതി ധൃതിപിടിച്ച് നടപ്പാക്കുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ ഈ മാസം അവസാനം പ്രഖ്യാപിക്കാനാണ് സാധ്യത.
അഞ്ചിടത്തെയും ഫലം എന്തായാലും അത് ദേശീയരാഷ്ട്രീയത്തെ വലിയ തോതില്‍ സ്വാധീനിക്കും. കാരണം മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ടേറ്റുമുട്ടുകയാണ്. ഈ മൂന്നിടത്തും ബി.എസ്.പി പോലുള്ള കക്ഷികള്‍ മത്സരരംഗത്തുണ്ടെങ്കിലും കാര്യമായ സ്വാധീനം ചെലുത്തില്ല. അതിനാല്‍ സീറ്റ് വിഭജനം പോലുള്ള അതി നിര്‍ണായക ചര്‍ച്ചകള്‍ 'ഇന്‍ഡ്യ' മുന്നണിക്കുള്ളില്‍ നടക്കുമ്പോള്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എത്ര സീറ്റുകള്‍ നേടുന്നത് അനുസരിച്ചായിരിക്കും കോണ്‍ഗ്രസിനോടുള്ള മറ്റു കക്ഷികളുടെ പെരുമാറ്റം. മൂന്നിടത്തും വിജയിക്കുകയാണെങ്കില്‍ ഇന്‍ഡ്യ സഖ്യത്തിന് നേതൃത്വം നല്‍കുന്നതില്‍നിന്ന് കോണ്‍ഗ്രസിനെ ആര്‍ക്കും ചോദ്യംചെയ്യാനാകില്ല. കാരണം ബി.ജെ.പിയോട് ഏറ്റുമുട്ടിയാണ് അവര്‍ മൂന്നു സംസ്ഥാനങ്ങളിലും അധികാരത്തിലേറുക. എന്നാല്‍, മൂന്ന് സംസ്ഥാനങ്ങളും നഷ്ടമാകുകയും മിസോറമിലും തെലങ്കാനയിലും നിലവിലെ സര്‍ക്കാര്‍ തുടരുകയും ചെയ്താല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാകും, വിലപേശല്‍ ശക്തി ദുര്‍ബലമാകുകയും ചെയ്യും.
മധ്യപ്രദേശ്
രാജസ്ഥാനിലേതുപോലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം കുറവാണ്. മുന്‍ മുഖ്യമന്ത്രികൂടിയായ ദിഗ് വിജയ് സിങ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ ബി.ജെ.പിക്കുള്ളില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കോണ്‍ഗ്രസില്‍നിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പടലപ്പിണക്കം തലവേദനയാണ്.
2018ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കമല്‍നാഥ് ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയും മുഖ്യമന്ത്രിയാവുകയും ചെയ്‌തെങ്കിലും കോണ്‍ഗ്രസ് എം.എല്‍.എമാരെ അടര്‍ത്തിമാറ്റി ഭരണം ബി.ജെ.പി അട്ടിമറിക്കുകയായിരുന്നു. 120 സീറ്റായിരുന്നു കമല്‍നാഥിന് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ്- 113, ബി.എസ്.പി- രണ്ട്, എസ്.പി- ഒന്ന്, സ്വതന്ത്രര്‍- നാല് എന്നിങ്ങനെയായിരുന്നു അംഗബലം.
ബി.ജെ.പിക്ക് 107 അംഗങ്ങളും ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ യുവ മുഖമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ തങ്ങളുടെ പാളയത്തില്‍ എത്തിച്ചാണ് ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. സിന്ധ്യക്കൊപ്പം ഏതാനും എം.എല്‍.എമാരും ബി.ജെ.പിക്കൊപ്പം ചേർന്നു. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കമല്‍നാഥിന് രാജിവയ്‌ക്കേണ്ടിവന്നു.
രാജസ്ഥാന്‍
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് അശോക് ഗെലോട്ട് അധികാരത്തിലേറിയത്. എങ്കിലും കോണ്‍ഗ്രിനുള്ളില്‍നിന്ന് തന്നെയുള്ള സച്ചിന്‍ പൈലറ്റിന്റ നേതൃത്വത്തിലുള്ള വിമതനീക്കങ്ങളെയും പ്രതിപക്ഷ എതിര്‍പ്പുകളെയും അവഗണിച്ചാണ് ഗെലോട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാനിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പ് വിജയസാധ്യതയെ ഇല്ലാതാക്കുന്ന വിധത്തിലാണ്. നേരിയ ഭൂരിപക്ഷത്തിന് അശോക് ഗെലോട്ട് ഭരണത്തില്‍ തുടരുന്നത് ബി.ജെ.പിയുടെ കാരുണ്യം കൊണ്ടാണെന്നും മുന്‍ മുഖ്യമന്ത്രി വസുന്ദര രാജയില്‍ ബി.ജെ.പിക്ക് താല്‍പ്പര്യം ഇല്ലാഞ്ഞിട്ടാണെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്.
ഛത്തിസ്ഗഡ്
ഭൂപേഷ് ഭാഗലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കാര്യമായ തലവേദനകളില്ലാത്തതാണ് കോണ്‍ഗ്രസിനുള്ള ഏക ആശ്വാസം. കഴിഞ്ഞ തവണ 90ല്‍ 68 സീറ്റുകളും നേടിയാണ് ഭൂപേഷ് ഭാഗല്‍ ഭരണം തിരിച്ചുപിടിച്ചത്. മാര്‍ച്ചില്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം ഭംഗിയായി നടത്തി നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റാനും ഭാഗലിനായി. പാര്‍ട്ടിയിലും പുറത്തും കരുത്തനാണ് ഭാഗല്‍. കൂടാതെ, കാര്യമായ സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങളും ഇല്ല. വലിയ അട്ടിമറികളില്ലെങ്കില്‍ ഛത്തിസ്ഗഡില്‍ ഭാഗല്‍ ഭരണം നിലനിര്‍ത്തേണ്ടതാണ്.
തെലങ്കാന
കോണ്‍ഗ്രസ് കേന്ദ്രത്തിലുള്ളപ്പോഴാണ് തെലങ്കാന രൂപീകരിച്ചതെങ്കിലും തുടക്കം മുതല്‍ സംസ്ഥാനം ബി.ആര്‍.എസ് എന്ന പഴയ ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര്‍ റാവുവിന്റെ കരങ്ങളിലാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി തെലങ്കാന പിടിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് കോണ്‍ഗ്രസ്. മാസങ്ങളായി പ്രിയങ്കാഗാന്ധി സംസ്ഥാനത്ത് ക്യാംപ് ചെയ്താണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ് ഷര്‍മിളയെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള ശ്രമം വിജയിച്ചിട്ടുണ്ട്. ഷര്‍മിള ഉടൻ കോണ്‍ഗ്രസില്‍ ചേരാനിരിക്കുകയാണ്. തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയാവും ചെയ്യുക.
മിസോറം
കൊച്ചു സംസ്ഥാനമായ മിസോറമില്‍ പേരിന് മാത്രമാണ് എന്‍.ഡി.എ മുന്നണിയുള്ളത്. മലപ്പുറം ജില്ലയുടെ ഏറെക്കുറേ നാലിലൊന്ന് ജനസംഖ്യയെ സംസ്ഥാനത്തുള്ളൂ. ക്രിസ്ത്യന്‍ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനമാണിത്. 87 ശതമാനമാണ് ഇവിടെയുള്ള ക്രിസ്ത്യന്‍ ജനത.മണിപ്പൂരില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനമനസ് എങ്ങനെ ചിന്തിക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പില്‍ അറിയും. മണിപ്പൂരില്‍ മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ അവിടത്തെ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മിസോറമിലെ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അടുത്തിടെയാണ് രാജിവച്ചത്. ഇത്തരം വിഷയങ്ങള്‍ ഏതുവിധത്തില്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."