ആര്യാടന്‍...നിലമ്പൂരുകാരുടെ സ്വന്തം നേതാവ്
നിലമ്പൂരുകാര്‍ക്ക് ആര്യാടന്‍ അവരുടെ സ്വന്തമാണ്. നിലമ്പൂരുകാര്‍ ഇത്രമേല്‍ ചേര്‍ത്തു പിടിച്ച മറ്റൊരു നേതാവുണ്ടാവില്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഈ ഒറ്റയാനെ രൂപപ്പെടുത്തുന്നതില്‍ മണ്ഡലത്തിന് പ്രസക്തിയേറെയാണ്. 1965ല്‍ മണ്ഡലം രൂപവത്കരിച്ചതു മുതല്‍ ആര്യാടന്‍ മുഹമ്മദിന്റെ സാന്നിധ്യമാണ് നിലമ്പൂരിന്റെ പ്രത്യേകത. എട്ടു തവണയാണ് അദ്ദേഹത്തെ നിലമ്പൂരുകാര്‍ അവരുടെ പ്രതിനിധിയായി നിയമസഭയിലേക്കയച്ചത്.
നിലമ്പൂരില്‍ വേരോടിച്ച് അങ്ങ് ഡല്‍ഹിയോളം പടര്‍ന്നു പന്തലിച്ച വട വൃക്ഷം, കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായരിലൊരാള്‍, മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിന്റെ അവസാനവാക്കുകളിലൊന്ന്, ഏത് പ്രതിസന്ധികളിലും തളരാതെ നിന്ന പോരാളി... തുടങ്ങി വിശേഷണങ്ങള്‍ ഏറെയാണ് ആര്യാടന്. ആറ് പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തിലും ഭരണത്തിലും നിറഞ്ഞു നിന്നു ഈ അതികായന്‍.
എന്നാല്‍ അത്ര എളുപ്പമായിരുന്നില്ല ആര്യാടന്റെ രാഷ്ട്രീയ യാത്ര. 1965ല്‍ മുപ്പതാം വയസില്‍ ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ കുഞ്ഞാലിയോട് പരാജയമേറ്റു വാങ്ങിയാണ് തെരഞ്ഞെടുപ്പ് അങ്കങ്ങളുടെ തുടക്കം. 1967ല്‍ വീണ്ടും മത്സരിച്ചെങ്കിലും കുഞ്ഞാലിയോട് അടിയറവു പറഞ്ഞു. പിന്നീട് 1969ല്‍ കുഞ്ഞാലി കൊല്ലപ്പെട്ടതോടെ ആര്യാടനെ കാത്തിരുന്നത് പരീക്ഷണങ്ങളുടെ കാലമായിരുന്നു. കുഞ്ഞാലിയുടെ വധവുമായി ബന്ധപ്പെട്ട് 1969ല്‍ ജൂലൈ 28ന് ആര്യാടന്‍ ജയിലിലായി. പിന്നീട് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.
തൊഴിലാളി പ്രസ്ഥാനരംഗത്ത് സജീവമായിരുന്നു ആര്യാടന്‍. അദ്ദേഹത്തിന്റെ പ്രയത്‌നഫലമാണ് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ച. സി.കെ. ഗോവിന്ദന്‍ നായരെ രാഷ്ട്രീയ ഗുരുവായി കണ്ട ആര്യാടന്‍ കോഴിക്കോട് ഡി.സി.സി ജനറല്‍ സെക്രട്ടറി, മലപ്പുറം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, രാഷ്ട്രീയ കാര്യസമിതി അധ്യക്ഷന്‍ എന്നീ പാര്‍ട്ടി സ്ഥാനങ്ങളും നിരവധി ട്രേഡ് യൂനിയന്‍ സംഘടനകളുടെ അധ്യക്ഷ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
1977ലാണ് നിലമ്പൂരില്‍ നിന്ന് കന്നി വിജയം നേടാനായത്. തോല്‍പ്പിച്ചത് സി.പി.എം പ്രമുഖന്‍ കെ. സെയ്ദാലിക്കുട്ടിയെ. 1980ല്‍ സി. ഹരിദാസ് രാജി വെച്ച ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് (ഐ)യിലെ മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പിച്ച് നായനാര്‍ മന്ത്രിസഭയില്‍ വനം, തൊഴില്‍ വകുപ്പ് മന്ത്രിയായി. 1982ല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മല്‍സരിച്ച ഡി.സി.സി പ്രസിഡന്റ് ടി.കെ. ഹംസയോട് 1800 വോട്ടിന് തോല്‍വി. 1987 മുതല്‍ 2016 വരെ തുടര്‍ച്ചയായി നിലമ്പൂരില്‍ നിന്ന് തോല്‍വിയറിയാതെ നിയമസഭാംഗമായി.
95ല്‍ എ.കെ. ആന്റണി, 2004 ലും 2011ലും ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും മന്ത്രിയായി. വനം, തൊഴില്‍, വിനോദ സഞ്ചാരം, വൈദ്യുതി, ഗതാഗതം, മലിനീകരണ നിയന്ത്രണം തുടങ്ങിയ വകുപ്പുകള്‍ വിവിധ കാലങ്ങളിലായി കൈകാര്യം ചെയ്തു. നിയമസഭയില്‍ 35 വര്‍ഷം നിലമ്പൂരിനെ പ്രതിനിധീകരിച്ചു.
സംസ്ഥാന ആസൂത്രണ കമീഷന്‍ അംഗം, സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പ്രസിഡന്റ്, നാഫെഡ് ഡയറക്ടര്‍, എന്‍.സി.ഡി.സി ഡയറക്ടര്‍ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1952ല്‍ കോണ്‍ഗ്രസ് അംഗത്വം എടുത്ത ആര്യാടന്‍ 1958ല്‍ കെ.പി.സി.സി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
ആര്യാടന്‍ ഉണ്ണീന്റേയും കദിയുമ്മയുടേയും മകനായി 1935 മേയ് 15നാണ് ആര്യാടന്റെ ജനനം. നിലമ്പൂര്‍ ഗവണ്‍മെന്റ് മാനവേദന്‍ ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം. പി.വി.മറിയുമ്മയാണ് ഭാര്യ. മക്കള്‍: അന്‍സാര്‍ ബീഗം, ഷൗക്കത്ത് (നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍, കെപിസിസി സംസ്‌കാര സാഹിതി അധ്യക്ഷന്‍), കദീജ, ഡോ.റിയാസ് അലി. മരുമക്കള്‍: ഡോ.ഹാഷിം ജാവേദ് , മുംതാസ് ബീഗം, ഡോ.ഉമ്മര്‍ സിമി ജലാല്‍. !
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."