യുഎഇ കെ.എം.സി.സി സൗഹൃദ സംഗമം സംഘടിപ്പിച്ചു
ദുബൈ: ബഹുസ്വരതയാണ് നാടിന്റെ നട്ടെല്ലെന്നും എന്തു വില കൊടുത്തും അത് സംരക്ഷിക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. മുസ്‌ലിം ലീഗ് പ്രസിഡന്റായ ശേഷം നടത്തുന്ന ആദ്യ വിദേശ പര്യടനത്തില്‍ യുഎഇ കെ.എം.സി.സി ദേര ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമ, ആദര വിരുന്നില്‍ സംസാരിക്കുകയായിരുന്നു സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
'മുസ്‌ലിം ലീഗ് അധ്യക്ഷനായ ശേഷം കേരളമുടനീളം നടത്തിയ ഒരു സ്‌നേഹ സൗഹൃദ യാത്രയെ കുറിച്ച് പറഞ്ഞ് തുടങ്ങാമെന്ന് കരുതുന്നു. യാത്രക്ക് തുടക്കം കുറിച്ച കാസര്‍കോട്ട് ചിന്‍മയാ മിഷന്റെ സൗത്തിന്ത്യയുടെ ചീഫ് പങ്കെടുത്തിരുന്നു. പാണക്കാട്ട് നിന്നും ആ വാക്ക് വന്നു കഴിഞ്ഞാല്‍ പിന്നെ എല്ലാ അസ്വാസ്ഥ്യങ്ങളും മാറി ശാന്തി ലഭിക്കാറുണ്ട് എന്ന്. അതു തന്നെയായിരുന്നു ആ യാത്രയുടെ ഉദ്ദേശ്യവും' തങ്ങള്‍ പറഞ്ഞു.
ചിക്കാഗോയില്‍ നടന്ന ആഗോള സമ്മേളനത്തില്‍ താന്‍ മതസൗഹാര്‍ദത്തിന്റെയും ബഹുസ്വരതയുടെയും നാട്ടില്‍ നിന്നാണ് വരുന്നതെന്നായിരുന്നു സ്വാമി വിവേകാനന്ദന്‍ സദസ്സിനെ പരിചയപ്പെടുത്തിയത്. ആ ബഹുസ്വരതയെ ശക്തിപ്പെടുത്തലാണ് ഇന്നത്തെ കാലത്ത് ഏറ്റവും ആവശ്യമായിട്ടുള്ളത്. നാവു കൊണ്ടുള്ള തീപ്പൊരിയില്‍ നാടും ജനങ്ങളും നശിച്ചു പോകാമെന്ന് തിരുവള്ളുവര്‍ 'തിരുക്കുറളി'ല്‍ പറഞ്ഞിട്ടുണ്ട്. ഒന്നിച്ചിരിക്കാനും ഇരുത്താനും മുസ്‌ലിം ലീഗിനേ സാധിക്കൂവെന്നും ഈ സ്‌നേഹ ശൃംഖലയില്‍ ഏവരും അണി ചേര്‍ന്ന് സമൂഹത്തിന് സ്വാസ്ഥ്യം പകരണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
സൗഹൃദം ഏറ്റവും ആവശ്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ട് പോകുന്നത്. ആ പശ്ചാത്തലത്തില്‍ സാദിഖലി തങ്ങള്‍ നടത്തിയ സൗഹൃദ സംഗമത്തിന്റെ ഒരു തുടര്‍ച്ചയാണിത്. നമ്മുടെ മഹാഭാരതത്തില്‍ കലഹിച്ച് എങ്ങനെ മുന്നോട്ട് പോകാനാണ്. കടുത്ത വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ദൂഷ്യങ്ങളെ തൂത്തെറിയാന്‍ ഈ അവസരം നാം വിനിയോഗിക്കണം പരിപാടിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മനുഷ്യത്വമെന്ന മൂല്യമാണ് ഒരു സംസ്‌കൃത സമൂഹമെന്ന നിലയില്‍ നമ്മെ നയിക്കേണ്ടതെന്ന് പത്മശ്രീ എം.എ യൂസഫലി അഭിപ്രായപ്പെട്ടു. സൗഹൃദ സംഗമവും ആദര വിരുന്നും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാര്‍മെന്ന ആശയത്തിലൂന്നി ഇത്തരമാരു പരിപാടി സംഘടിപ്പിച്ച കെഎംസിസിയെ മുക്തകണ്ഠം പ്രശംസിച്ച യൂസഫലി, മുസ്ലിം ലീഗ് ഈ മഹത്തായ മൂല്യത്തെ ജ്വലിപ്പിച്ചുവെന്നും അഭിപ്രായപ്പെട്ടു.
യുഎഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. എ.കെ.എം അഷ്‌റഫ് എംഎല്‍എ, ഷംസുദ്ദീന്‍ബിന്‍ മുഹ്‌യുദ്ദീന്‍, യഹ്‌യ തളങ്കര, പി.കെ ഫിറോസ് സംബന്ധിച്ചു. സൗഹൃദ സംഗമത്തില്‍ വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് എം.എം അക്ബര്‍, ഫാ.ഷാജി ജേക്കബ്, എം.കെ രാജന്‍, ഫാ.ബിനീഷ് ബാബു, ഫാ.അബിന്‍ ബേബി, ഹുസൈന്‍ സലഫി, റവ.ഫാ. സച്ചിന്‍ തിമോത്തി, അഡ്വ. ഹാഷിഖ്, മുബാറക് അബ്ദുറസാഖ്, എം.സി ജലീല്‍, യഹ്‌യ സഖാഫി, ഹസൈനാര്‍ അന്‍സാരി, ലൈജു അഹ്മദ്, ഇ.പി ജോണ്‍സണ്‍, മാധ്യമ പ്രവര്‍ത്തകന്‍ എം.സി.എ നാസര്‍, എഴുത്തുകാരായ ഇ.കെ ദിനേശന്‍, ജാസ്മിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യുഎഇ കെഎംസിസി വര്‍ക്കിംഗ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി ഉപസംഹാരം നിര്‍വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി മറുപടി പ്രസംഗം നടത്തി. യുഎഇ കെ.എം.സി.സി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ സ്വാഗതവും ട്രഷറര്‍ നിസാര്‍ തളങ്കര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."