ആര്യാടൻ
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
ആര്യാടൻ എന്ന പേരിൽ എല്ലാമുണ്ട്. രാഷ്ട്രീയത്തിന്റെ കരുത്തും നിലപാടുകളും തീക്ഷ്ണതയും ചോദ്യം ചെയ്യലിന്റെ ശക്തിയുമെല്ലാം. രാഷ്ട്രീയപ്രവർത്തനം എപ്പോഴും ഒരു പോരാട്ടമായിരുന്നു അദ്ദേഹത്തിന്. നീണ്ടകാല പോരാട്ടത്തിന്റെയും സ്വയം ശീലിച്ചെടുത്ത പഠനരീതികളുടെയും തീ പാറുന്ന പ്രസംഗങ്ങളുടെയും ചരിത്രം അവശേഷിപ്പിച്ച് ആര്യാടൻ കടന്നുപോയിരിക്കുന്നു.
ആര്യാടൻ മുഹമ്മദ്, കേരളത്തിലെ കോൺഗ്രസിന്റെ കരുത്തിന്റെയും ശക്തിയുടെയും മുഖമായിരുന്നു. നിയമനിർമാണത്തിന്റെയും ധനകാര്യ ചിന്തകളുടെയും ചട്ടത്തിലും നിയമത്തിലുമൂന്നിയുള്ള തികവാർന്ന ഇടപെടലുകളുടെയും തമ്പുരാനായിരുന്നു കേരള നിയമസഭയിൽ ആര്യാടൻ മുഹമ്മദ്. ചടുലവും മൂർച്ചയേറിയതുമായ പ്രസംഗങ്ങളിലൂടെ അദ്ദേഹം എപ്പോഴും ശത്രുപക്ഷത്തെ നിഷ്പ്രഭമാക്കി.
കോൺഗ്രസിൽ ദശകങ്ങളോളമായി തുടർന്നുകൊണ്ടിരിക്കുന്ന ഗ്രൂപ്പ് പോരാട്ടത്തിൽ എപ്പോഴും എ.കെ ആന്റണിയോടൊപ്പമായിരുന്നു ആര്യാടൻ. ആന്റണി പക്ഷത്തിന്റെ മുൻനിരയിൽ അദ്ദേഹംതന്നെ നിന്നപ്പോൾ രണ്ടാമനായി എപ്പോഴും ഉമ്മൻചാണ്ടി നിലയുറപ്പിച്ചു. തൊട്ടുപിന്നാലെ തന്ത്രങ്ങളും കുരുക്കുകളുമൊരുക്കി ആര്യാടന്റെ കിഴിഞ്ഞ ബുദ്ധിയും.
2001ൽ എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോൾ കെ. മുരളീധരൻ കെ.പി.സി.സി അധ്യക്ഷനായി നിയമിതനായതും 2004ൽ ആ സ്ഥാനം രാജിവച്ച് ആന്റണി മന്ത്രിസഭയിൽ വിദ്യുച്ഛക്തി വകുപ്പു മന്ത്രിയായതും നിയമസഭാംഗമാകാൻ വടക്കാഞ്ചേരിയിൽ സ്ഥാനാർഥിയായതും അവിടെ പരാജയപ്പെട്ട് കനത്ത തിരിച്ചടി വാങ്ങിയതുമെല്ലാം ആരോ എഴുതിയ തിരക്കഥയനുസരിച്ചല്ലെന്ന് ആർക്കെങ്കിലും പറയാനാകുമോ? കെ. മുരളീധരന്റെ വീഴ്ചയിലേക്കാനയിച്ച നാടകങ്ങൾക്ക് തന്ത്രം മെനഞ്ഞത് ആര്യാടൻ തന്നെയാണെന്നാണ് ആന്റണി പക്ഷത്തെ പിന്നാമ്പുറ വർത്തമാനം.
കഴിഞ്ഞ നാലു പതിറ്റാണ്ടത്തെ കോൺഗ്രസിന്റെ ചരിത്രം അതിശക്തമായ ഗ്രൂപ്പ് പോരാട്ടത്തിന്റെയും ചരിത്രമാണ്. കെ. കരുണാകരനും എ.കെ ആന്റണിയും തമ്മിൽ നടന്ന പോരാട്ടം. ആദർശത്തെയും യുവത്വത്തെയും ആയുധമാക്കി ആന്റണി പക്ഷം കരുണാകര വിഭാഗത്തെ ഒതുക്കാൻ നോക്കിക്കൊണ്ടിരുന്നപ്പോൾ ചാണക്യതന്ത്രങ്ങളിലൂടെ പിടിച്ചുനിൽക്കാനായിരുന്നു കരുണാകരൻ എപ്പോഴും ശ്രമിച്ചത്. പക്ഷേ, ആന്റണിപക്ഷത്തിന്റെ വലിയ മുന്നേറ്റത്തിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഇറങ്ങിപ്പോകേണ്ടിവന്നു കരുണാകരന്. ആ വലിയ നീക്കത്തിലും ആന്റണിക്കും ഉമ്മൻചാണ്ടിക്കും തിരുത്തൽവാദി നേതൃത്വത്തിനും പിന്നിൽ സൂക്ഷ്മമായ രാഷ്ട്രീയ തന്ത്രങ്ങളുമായി ആര്യാടൻ മുഹമ്മദുണ്ടായിരുന്നു.
എക്കാലത്തും തികഞ്ഞ മതേതരത്വത്തിന്റെ മുഖവും ശബ്ദവുമായിരുന്നു ആര്യാടന്റേത്. മുസ്‌ലിം ലീഗ് സമുദായത്തിന്റെ സ്വന്തം രാഷ്ട്രീയകക്ഷിയായി വളരുകയും കോൺഗ്രസിനോടു ചേർന്ന് ഒരു പ്രബല കക്ഷിയായി ഐക്യജനാധിപത്യ മുന്നണിയിൽ ആധികാരകതയോടെ നിൽക്കുകയും ചെയ്യുമ്പോഴും കോൺഗ്രസിന്റെ കൊടിപിടിച്ച് ഒരുറച്ച കോൺഗ്രസുകാരനായി ആര്യാടൻ മുഹമ്മദുണ്ടായിരുന്നു.
നിയമസഭാംഗമായും മന്ത്രിയായും സ്ഥാനാമാനങ്ങളൊന്നുമില്ലെങ്കിലും കാര്യങ്ങൾ എപ്പോഴും മനസ്സിരുത്തി പഠിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. ധനകാര്യ വിഷയങ്ങളായാലും നിയമ വിഷങ്ങളായാലും അദ്ദേഹം ആഴത്തിൽ പഠിച്ചു. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ആര്യാടനെ വെല്ലാൻ ശത്രുപക്ഷത്തെ ആർക്കുമാവില്ല. ഇംഗ്ലീഷ് ഭാഷയിലും ഭാഷയുടെയും വാക്കുകളുടെയും പ്രയോഗങ്ങളിലും അദ്ദേഹത്തിന് വലിയ ഗ്രാഹ്യമുണ്ടായിരുന്നു. നിയമസഭയിൽ നിയമനിർമാണ വേളയിലെ ചർച്ചകളിൽ ആര്യാടൻ മുഹമ്മദ് ഒരു തികഞ്ഞ നിയമവിദഗ്ധനായി തിരുത്തുന്നതു കാണാം.
1980 മുതൽ കോൺഗ്രസിൽ ആന്റണി പക്ഷത്തുനിന്ന് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ പല നീക്കങ്ങളിലും പങ്കാളിയായി അദ്ദേഹം. അതിൽ ഏറ്റവും പ്രധാനം സി.പി.എമ്മിനൊപ്പം ചേർന്ന് ഇടതുപക്ഷമുന്നണി മന്ത്രിസഭയിൽ ചേർന്നതാണ്. അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് പിളരുകയും ദേവരാജ് അറസിന്റെ നേതൃത്വത്തിൽ ആന്റണി വിഭാഗം അണിചേരുകയും ചെയ്തതോടെയാണ് ഇങ്ങനെയൊരു നീക്കത്തിനു വഴിയൊരുക്കിയത്. സി.പി.ഐയെയും മുസ്‌ലിം ലീഗിനെയുമെല്ലാം കൂട്ടുപിടിച്ച് 1969ൽ പുതിയ മുന്നണിയുണ്ടാക്കി ഭരണത്തിലേറിയ കെ. കരുണാകരനു മറുപടിയായിരുന്നു 1980ലെ ഇടതുമുന്നണി ഭരണം. അതിൽ കോൺഗ്രസ് മന്ത്രിമാരിൽ ഒരാളായിരുന്നു ആര്യാടൻ മുഹമ്മദ്. സി.പി.എം നേതാവ് കുഞ്ഞാലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്യാടൻ പ്രതിക്കൂട്ടിൽ നിൽക്കുന്ന സമയവുമായിരുന്നു അത്. മന്ത്രിസഭാ രൂപീകരണത്തിനു ശേഷം നിയമസഭാംഗമാവാൻ നിലമ്പൂരിൽ മത്സരിക്കാനിറങ്ങിയ ആര്യാടനു വേണ്ടി സാക്ഷാൽ ഇ.എം.എസ് നമ്പൂതിരിപ്പാടും പ്രസംഗിക്കാനെത്തിയെന്നത് കേരള രാഷ്ട്രീയത്തിലെ പ്രത്യേകമായൊരു വിശേഷം. നായനാർ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരിക്കുമ്പോഴാണ് കർഷകത്തൊഴിലാളി പെൻഷൻ അദ്ദേഹം കൊണ്ടുവന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരുന്നു ഇതു പോലെയൊരു നീക്കം. പിന്നീടു കേരളത്തിൽ പ്രാബല്യത്തിൽ വന്ന സാമൂഹ്യക്ഷേമ പദ്ധതികളുടെയെല്ലാം തുടക്കം ഈ നിയമനിർമാണത്തിൽ നിന്നായിരുന്നു. രണ്ടുവർഷം പൂർത്തിയാവും മുമ്പ് ആ മന്ത്രിസഭ മറിച്ചിട്ട് ഇറങ്ങിപ്പോന്ന ആന്റണി പക്ഷത്ത് ആര്യാടനുമുണ്ടായിരുന്നു.
വിദ്യുഛക്തി മന്ത്രിയായിരുന്നപ്പോൾ പൂർണ വിദ്യുഛക്തി വിതരണം സാധ്യമാക്കാനുള്ള കൃത്യമായ നടപടികൾ രൂപീകരിക്കാനും അദ്ദേഹം തയാറായി. വകുപ്പ് ഏതായാലും ഭരണത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ആര്യാടനു കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തെക്കുറിച്ചു പറയാനാവുന്ന ഏറ്റവും വലിയ കാര്യം. ഓരോ വകുപ്പിനെപ്പറ്റിയും ഓരോ മേഖലയെപ്പറ്റിയും വായിച്ചും പഠിച്ചും വിദഗ്ധരോടു സംസാരിച്ചും കൂടുതൽ അറിവു നേടാൻ ആര്യാടൻ എപ്പോഴും ശ്രമിച്ചു. ഭരണാധികാരിയെന്ന നിലക്കും രാഷ്ട്രീയ നേതാവെന്ന നിലക്കും കേരള രാഷ്ട്രീയത്തിൽ എപ്പോഴും തലയുയർത്തി നിൽക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത് അതുകൊണ്ടുതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."