പ്രതിഷേധത്തിനൊടുവിൽ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്‌കരിച്ചു റിസോർട്ട് സർക്കാർ പൊളിച്ചത് തെളിവ് നശിപ്പിക്കാനെന്ന് കുടുംബം
ഋഷികേശ് • ഉത്തരാഖണ്ഡിൽ ബി.ജെ.പി നേതാവിന്റെ റിസോർട്ടിൽ കൊല്ലപ്പെട്ട വനിതാ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം പ്രതിഷേധത്തിനൊടുവിൽ സംസ്‌കരിച്ചു. പോസ്റ്റ്‌മോർട്ടം വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട കുടുംബം മൃതദേഹം സംസ്‌കരിക്കാൻ വിസമ്മതിച്ചിരുന്നു. സംഭവം എസ്.ഐ.ടി അന്വേഷിക്കണമെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഉച്ചയോടെ കുടുംബവുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് മൃതദേഹം സംസ്‌കരിക്കാൻ നടപടിയായത്. പ്രതികൾക്ക് കടുത്ത ശിക്ഷ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഇന്നലെ ദേശീയപാത തടഞ്ഞിരുന്നു.
റിസോർട്ട് പൊളിച്ച സംസ്ഥാന സർക്കാർ നടപടിയെ കുടുംബം ചോദ്യംചെയ്തു. കേസിൽ തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് ധൃതിപിടിച്ച് റിസോർട്ട് പൊളിച്ചതെന്ന് കുടുംബം ആരോപിച്ചു. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നിർദേശപ്രകാരം കഴിഞ്ഞദിവസമാണ് റിസോർട്ട് ഇടിച്ചുനിരത്തിയത്. അതിനുമുമ്പ് നാട്ടുകാർ റിസോർട്ടിന് തീയിട്ടിരുന്നു. ഭോഗ്പുരിലെ റിസോർട്ടിൽനിന്ന് കഴിഞ്ഞ 18ന് കാണാതായ അങ്കിത (19)യുടെ മൃതദേഹം ശനിയാഴ്ച രാവിലെയാണ് ഋഷികേശിലെ ചീ കനാലിൽനിന്ന് കണ്ടെടുത്തത്. സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയുടെതാണ് റിസോർട്ട്. പുൾകിത്, റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവർ കേസിൽ അറസ്റ്റിലായിട്ടുണ്ട്. അതിഥികൾക്കായി കിടക്ക പങ്കിടാൻ വിസമ്മതിച്ചതിന് പുൾകിതും കൂട്ടാളികളും കൊലപ്പെടുത്തിയെന്നാണ് കേസ്. അതേസമയം, മുഖ്യപ്രതിയായ മകൻ പുൾകിതിനെ ന്യായീകരിച്ച് വിനോദ് ആര്യ രംഗത്തുവന്നു. പുൾകിതിനെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച വിനോദ്, മകൻ നിരപരാധിയാണെന്നും എളിയ മനുഷ്യൻ ആണെന്നും പറഞ്ഞു. കൊലപാതകത്തിനുപിന്നാലെ വിനോദ് ആര്യയെയും മറ്റൊരു മകനും യുവ നേതാവുമായ അങ്കിത് ആര്യയെയും ബി.ജെ.പി പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."