മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പ്രവര്‍ത്തന രഹിതം: തിരിഞ്ഞു നോക്കാതെ അധികൃതര്‍
എരുമേലി: കൊടിത്തോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രാമപഞ്ചായത്ത് വക മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ മേല്‍ക്കൂരയും പുകക്കുഴലും തകര്‍ന്നു വീണത് പ്ലാന്റിനോടുളള അവഗണനയെന്ന് ആക്ഷേപം. എരുമേലിയില്‍ ഉണ്ടാകുന്ന ടണ്‍ കണക്കിനു മാലിന്യം കത്തിച്ചു കളയുന്ന മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പ്രവര്‍ത്തന രഹിതമായതോടെ മാലിന്യ സംസ്‌ക്കരണം അവതാളത്തിലാകുമോയെന്ന ആശങ്ക ഉയരുന്നു.
മേല്‍ക്കൂര തകര്‍ന്ന് ഏതു നിമിഷവും നിലംപൊത്താവുന്ന രീതിയില്‍ ആയിരുന്ന പ്ലാന്റ് അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനം നടത്തി വരികയായിരുന്നു. വര്‍ഷം തോറും ലക്ഷക്കണക്കിനു രൂപ പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വകയിരുത്തുന്നുണ്ടെങ്കിലും പ്രയോജന പ്രദമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ജീര്‍ണ്ണാവസ്ഥയിലായ മേല്‍ക്കൂരയും പുകക്കുഴലും തകര്‍ന്നു വീണതോടെ ഈ പ്ലാന്റില്‍ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയാതാകുന്നത് ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ എത്തുന്ന ശബരിമല സീസണേയും ബാധിക്കുമെന്ന് ഉറപ്പാണ്. ഇതിന് പരിഹാരമുണ്ടാക്കുവാന്‍ ഗ്രാമപഞ്ചായത്ത് അധികാരികള്‍ നന്നേ പാടുപെടേണ്ടി വരും. കവുങ്ങുംകുഴിയിലുളള സംസ്‌ക്കരണ പ്ലാന്റില്‍ ടണ്‍ കണക്കിന് വരുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുകയെന്നത് പ്രാവര്‍ത്തികമല്ലെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പത്തുലക്ഷം രൂപ പദ്ധതി ഇനത്തില്‍ വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രൊജക്ട് അംഗീകരിച്ചു വരുവാന്‍ കാലതാമസം നേരിടുമെന്ന് അറിയുന്നു. കവുങ്ങുംകുഴിയിലെ മാലിന്യ പ്ലാന്റില്‍ മാലിന്യം സംസ്‌ക്കരിക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്കു ബുദ്ധിമുട്ടുകള്‍ നേരിടാതെ മാലിന്യ നിര്‍മാര്‍ജ്ജനത്തിനുളള പരിഹാരം കണ്ടെത്തുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."