ആര്യാടൻ മുഹമ്മദ് അന്തരിച്ചു
നിലമ്പൂർ • മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഇന്നലെ രാവിലെ 7.40ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു. നാലു തവണ മന്ത്രിയും എട്ടു തവണയായി 34 വർഷം നിലമ്പൂർ എം.എൽ.എയുമായിരുന്നു. വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. പരേതരായ ആര്യാടൻ ഉണ്ണീന്റെയും കദിയമുണ്ണിയുടെയും മകനായി 1935 മെയ് 15നായിരുന്നു ജനനം. കോൺഗ്രസ് അംഗമായി 1952ലാണ് രാഷ്ട്രീയപ്രവേശനം. 1958 മുതൽ കെ.പി.സി.സി അംഗമാണ്. മലപ്പുറം ജില്ല രൂപീകൃതമായപ്പോൾ ആദ്യ ഡി.സി.സി പ്രസിഡന്റായി. 11 വർഷം ഡി.സി.സി പ്രസിഡന്റ് സ്ഥാനം വഹിച്ചു. 13 വർഷം കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. 1977, 1980, 1987, 1991, 1996, 2001, 2006, 2011 വർഷങ്ങളിൽ നിലമ്പൂരിൽനിന്ന് നിയമസഭയിലെത്തി.
1980-82ൽ നായനാർ മന്ത്രിസഭയിൽ തൊഴിൽ, വനം മന്ത്രിയായിരുന്നു. 1995ൽ ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും, 2004-06 ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായും പ്രവർത്തിച്ചു. 1965ലും 1967ലും നിലമ്പൂരിൽനിന്നു നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ഇടത് സ്ഥാനാർഥി കെ. കുഞ്ഞാലിയോടും 1982ൽ ടി.കെ ഹംസയോടും പരാജയപ്പെട്ടു. 1980ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ജി.എം ബനാത്ത് വാലയോടു പരാജയപ്പെട്ടു. 1987 മുതൽ 2011വരെ നിലമ്പൂരിൽനിന്നു തുടർച്ചയായി വിജയിച്ചു. 1969ൽ കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായെങ്കിലും കോടതി കുറ്റവിമുക്തനാക്കി.
മികച്ച നിയമസഭ സാമാജികനായിരുന്ന ആര്യാടൻ്റെ സഭാപ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. സഹകരണ മേഖലയിൽ നിലമ്പൂർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റായി തുടങ്ങി മലപ്പുറം ജില്ലാ ബങ്ക് ഡയരക്ടർ, സംസ്ഥാന സഹകരണ ബാങ്ക് ഡയരക്ടർ, കേരളാ സ്റ്റേറ്റ് മാർക്കറ്റിങ് ഫെഡറേഷൻ പ്രസിഡന്റ്, നാഫെഡ് വൈസ് പ്രസിഡന്റ്, എൻ.സി.ഡി.സി ഡയരക്ടർ എന്നീ നിലകളിലെത്തി. മരണവിവരമറിഞ്ഞ് രാഹുൽ ഗാന്ധിയടക്കം വസതിയിലും മലപ്പുറം ഡി.സി.സി ഓഫിസിലുമെത്തി ആദരാഞ്ജലിയർപ്പിച്ചു.
ഭാര്യ: പി.വി മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെ.പി.സി.സി സംസ്‌കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ. റിയാസ് അലി (പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് അസ്ഥിരോഗ വിദഗ്ധൻ). മരുമക്കൾ: ഡോ. ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ധൻ, മസ്‌കറ്റ്), മുംതാസ് ബീഗം, ഡോ. ഉമ്മർ (കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റൽ, ന്യൂറോളജിസ്റ്റ്), സിമി ജലാൽ. മയ്യത്ത് നിസ്‌കാരം ഇന്നുരാവിലെ ഒമ്പതിന് മുക്കട്ട വലിയ ജുമാമസ്ജിദിൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."