കടക്കെണി സങ്കടം പറയാൻ വീട്ടുകാരറിയാതെ 16കാരൻ മുഖ്യമന്ത്രിയെ കാണാനെത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം • പണം കടം വാങ്ങി വീട്ടുകാർ പ്രതിസന്ധിയിലായ സങ്കടം മുഖ്യമന്ത്രിയോട് നേരിൽ പറയാൻ 16കാരൻ വീട്ടുകാരറിയാതെ തിരുവനന്തപുരത്തെത്തി. കോഴിക്കോട് സ്വദേശിയായ ആവള ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥി ദേവനന്ദനാണ് മുഖ്യമന്ത്രിയെ കാണാൻ വീട് വിട്ടിറങ്ങിയത്.
ഒടുവിൽ കുട്ടിയുടെ പിതാവിനെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. കുറ്റ്യാടി കാക്കുനി സ്വദേശി ദേവനന്ദനാണ് ശനിയാഴ്ച രാവിലെ വടകരയിൽ നിന്ന് ഏറനാട് എക്സ്പ്രസിൽ രാത്രി 9 മണിക്ക് തിരുവനന്തപുരത്തെത്തിയത്. തമ്പാനൂരിൽ നിന്ന് ഓട്ടോയിൽ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോർഡ് ജങ്ഷനിലെത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണം എന്ന് സുരക്ഷ ചുമതലയിലുള്ള പൊലിസുകാരോട് പറഞ്ഞു. പൊലിസുകാർ കുട്ടിയെ മ്യൂസിയം സ്റ്റേഷനിലെത്തിച്ചു. രാത്രി ഭക്ഷണം വാങ്ങി നൽകിയ പൊലിസ് വിവരം പിതാവ് തറക്കണ്ടി രാജീവനെ അറിയിച്ചു.
രാവിലെ രാജീവൻ സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണാനാണ് വന്നതെന്ന് പറഞ്ഞതോടെ പൊലിസ് വിവരം മുഖ്യമന്ത്രിയുടെ ഓഫിസിലറിയിച്ചു. മുഖ്യമന്ത്രി ദേവനന്ദനെയും പിതാവിനെയും ചേംബറിലേക്ക് വിളിപ്പിച്ചു. വീട്ടുകാർ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പണം പലിശക്ക് വാങ്ങിയെന്നും തിരിച്ചടവ് മുടങ്ങിയതോടെ ശല്യമുണ്ടെന്നുമായിരുന്നു ദേവനന്ദന്റെ പരാതി. കാര്യങ്ങൾ കേട്ട മുഖ്യമന്ത്രി വീട്ടുകാരോട് പറയാതെ യാത്ര ചെയ്യരുതെന്ന് സ്നേഹപൂർവം ദേവനന്ദനെ ഉപദേശിച്ച് യാത്രയാക്കി. പരാതിയിൽ എന്തെങ്കിലും ചെയ്യാനാകുമോയെന്ന് പരിശോധിക്കാൻ നിർദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."