അക്കാദമിക് രംഗം തകര്‍ക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍
യോഗ്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചു മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോള്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയുമായ ഉദ്യോഗസ്ഥന്റെ ഭാര്യയെ കേരള സര്‍വകലാശാലയുടെ മലയാള മഹാനിഘണ്ടു (ലെക്‌സിക്കന്‍) എഡിറ്ററായി നിയമിച്ചത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. കാലടി സര്‍വകലാശാലയിലെ സംസ്‌കൃതം അധ്യാപിക ഡോ. പൂര്‍ണിമാ മോഹനനെയാണ് മലയാളം മഹാനിഘണ്ടു എഡിറ്ററായി നിയമിച്ചിരിക്കുന്നത്. മലയാളത്തില്‍ ഇവര്‍ക്ക് ഗവേഷണ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഇല്ല. ഇതു സംബന്ധിച്ചു സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലറോട് വിശദീകരണം തേടിയിരിക്കുകയാണ്. വൈസ് ചാന്‍സലറുടെ വിശദീകരണം ലഭിച്ചശേഷം ഗവര്‍ണര്‍ നടപടിയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കാം. നാളെ ഗവര്‍ണര്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ടെങ്കിലും അത്തരമൊരു യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായിക്കൊള്ളണമെന്നില്ല.
സിന്‍ഡിക്കേറ്റിനെ നോക്കുകുത്തിയാക്കിയാണ് വി.സിയും അന്നത്തെ രജിസ്ട്രാറും ചേര്‍ന്ന് മഹാനിഘണ്ടു വിഭാഗം മേധാവി (എഡിറ്റര്‍)യായി യോഗ്യതയില്ലാത്ത ഡോ. പൂര്‍ണിമ മോഹനനെ നിയമിച്ചത്. ഇതിനായി യോഗ്യതാ വ്യവസ്ഥയില്‍ മാറ്റം വരുത്തുകയായിരുന്നു. മലയാള ഭാഷയിലോ സംസ്‌കൃതത്തിലോ പിഎച്ച്.ഡി മതിയെന്ന് ഇവര്‍ തിരുത്തി. ഡോ. പൂര്‍ണിമാ മോഹന് മലയാള ഭാഷയില്‍ പിഎച്ച്.ഡിയില്ല. അതിനാലാണ് സംസ്‌കൃതത്തിലോ പിഎച്ച്.ഡി മതിയെന്ന് നിശ്ചയിച്ചത്. ഇതു ശരിവയ്ക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ടെന്നും ഇതു സംബന്ധിച്ചു സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ഡി.ജി.പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
2020 ഡിസംബര്‍ 29 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വി.സിയുടെ നിര്‍ദേശാനുസരണം പ്രത്യേക അജന്‍ഡയായി ഡോ. പൂര്‍ണിമാ മോഹനന്റെ മഹാനിഘണ്ടു എഡിറ്ററായുള്ള നിയമനം പരിഗണിക്കുകയായിരുന്നു. നേരത്തെ ഈ തസ്തികക്ക് വേണ്ടി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ യോഗ്യത മലയാള ഭാഷയിലുള്ള ബിരുദാനന്തര ബിരുദമായിരുന്നു. അതുവെട്ടി പകരം സംസ്‌കൃതത്തില്‍ പിഎച്ച്.ഡി കൂട്ടിച്ചേര്‍ത്തു. അനധികൃത നിയമനത്തിനു ന്യായീകരണമായി വൈസ് ചാന്‍സലര്‍ പറഞ്ഞത് 'ഭാഷാ പദങ്ങളുടെ നിരുക്തിയും ധാതുവും കണ്ടുപിടിക്കുന്നതിന് സംസ്‌കൃതത്തിലെ അറിവ് പ്രയോജനപ്പെടുമെന്നായിരുന്നു'. അതിനാലാണത്രേ മലയാള മഹാനിഘണ്ടു തയാറാക്കാന്‍ സംസ്‌കൃതത്തില്‍ പിഎച്ച്.ഡി യോഗ്യതയായി നിശ്ചയിച്ചത്. വിചിത്രമായ ഈ ന്യായവാദത്തില്‍ നിന്നുതന്നെ വ്യക്തമാണ് അനധികൃത നിയമനത്തിനു വേണ്ടിയാണ് വൈസ് ചാന്‍സലറും അന്നത്തെ രജിസ്ട്രാറും ചേര്‍ന്ന് യോഗ്യതാ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതെന്ന്.
സര്‍വകലാശാല വിജ്ഞാപനത്തില്‍ നിശ്ചയിച്ച യോഗ്യതയില്‍ മാറ്റം വരുത്താന്‍ വൈസ് ചാന്‍സലര്‍ക്കോ സിന്‍ഡിക്കേറ്റിനോ അധികാരമില്ല. ഇതു മറികടന്നാണ് വൈസ് ചാന്‍സലര്‍ അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുന്നത്. വിജ്ഞാപനം പത്രങ്ങളിലോ യൂനിവേഴ്‌സിറ്റി വകുപ്പുകളിലോ പ്രസിദ്ധീകരിക്കാതിരുന്നതും ബോധപൂര്‍വമായിരുന്നു.
സി.പി.എം നേതാവും മുന്‍ എം.പിയും ഇപ്പോള്‍ നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷിന്റ ഭാര്യ നിനിത കണിച്ചേരിയെ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അനധികൃതമായി നിയമിച്ചതിന്റെ വിവാദത്തിന് പിറകെയാണിപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയുമായ ഉദ്യോഗസ്ഥന്റെ ഭാര്യയെ കേരള സര്‍വകലാശാലയില്‍ അനധികൃതമായി നിയമിച്ചിരിക്കുന്നത്. നിനിത കണിച്ചേരിയെ കാലടി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതിനെതിരേ സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. നിനിതയെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതും അഭിമുഖത്തിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കി നിയമനം നല്‍കിയതും ക്രമവിരുദ്ധവും സ്വജനപക്ഷപാതപരവും അഴിമതിയുമാണെന്ന് ആരോപിച്ചായിരുന്നു വിജിലന്‍സ് ഡയരക്ടര്‍ക്ക് പരാതി നല്‍കിയത്. യു.ജി.സി നിര്‍ദേശപ്രകാരം 60 മാര്‍ക്കാണ് അഭിമുഖത്തിന് ക്ഷണിക്കാനുള്ള കുറഞ്ഞ മാര്‍ക്കായി സര്‍വകലാശാല നിശ്ചയിച്ചിട്ടുള്ളത്. അഭിമുഖത്തില്‍ പങ്കെടുത്ത മറ്റു ഉദ്യോഗാര്‍ഥികള്‍ക്ക് 60 മാര്‍ക്കില്‍ കൂടുതലുണ്ടായിരുന്നു. നിനിതയ്ക്ക് 60 മാര്‍ക്കിനുള്ള അക്കാദമിക് യോഗ്യതകളില്ല. അഭിമുഖം നടത്തിയ വിഷയ വിദഗ്ധന്‍ ഡോ. ഉമര്‍ തറമേല്‍ ആയിരുന്നു നിനിതാ കണിച്ചേരിയുടെ അയോഗ്യത മാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവന്നത്. വിഷയ വിദഗ്ധര്‍ ഉപജാപം നടത്തിയെന്ന് ആരോപിച്ചായിരുന്നു എം.ബി രാജേഷ് അന്ന് ഭാര്യയുടെ യോഗ്യതയെ ന്യായീകരിച്ചത്. തലശ്ശേരി എം.എല്‍.എയും സി.പി.എം നേതാവുമായ എ.എന്‍ ഷംസീറിന്റെ ഭാര്യയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപികയായി നിയമനം നേടാന്‍ നടത്തിയ ശ്രമവും വലിയ വിവാദമുണ്ടാക്കുകയുണ്ടായി. കണ്ണൂര്‍ സര്‍വകലാശാലയിലും ഇതുപോലുള്ള ശ്രമം അവര്‍ നടത്തിയിരുന്നു.
രാഷ്ട്രീയ നേതാക്കളുടെ ഭാര്യമാരെ യോഗ്യതയില്ലാഞ്ഞിട്ടും സര്‍വകലാശാലകളില്‍ അധ്യാപകരായി അനധികൃത നിയമനം നടത്താന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുവെന്നുവേണം ഇത്തരം സംഭവങ്ങളില്‍ നിന്നു മനസിലാക്കാന്‍. യു.ജി.സി ശമ്പള നിരക്കുള്ള സര്‍വകലാശാലകളില്‍ ലക്ഷങ്ങളാണ് അധ്യാപകര്‍ ശമ്പളമായി വാങ്ങുന്നത്. അതുമൊരു ആകര്‍ഷണമാണ്. വാങ്ങുന്ന ശമ്പളത്തിനനുസരിച്ചുള്ള അധ്യാപനമോ അക്കാദമിക് പ്രാഗത്ഭ്യമോ ഇത്തരം അധ്യാപകരില്‍നിന്ന് ഉണ്ടാകാത്തതിനു കാരണം പഠിപ്പിക്കുന്ന വിഷയങ്ങളില്‍ വൈദഗ്ധ്യമില്ലാത്തതിനാലാണ്. ഇവര്‍ പുറംവാതിലിലൂടെ വന്നവരുമായിരിക്കും. രാഷ്ട്രീയ നേതാക്കള്‍ അക്കാദമിക് യോഗ്യതയില്ലാത്ത അവരുടെ ഭാര്യമാരെയും മക്കളെയും ബന്ധുക്കളെയും സ്വാധീനം ചെലുത്തി അധ്യാപകരായി നിയമിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
സര്‍ക്കാര്‍ കോളജുകളില്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍മാരേക്കാള്‍ കഴിവും പ്രാഗത്ഭ്യവുമുള്ള എത്രയോ അധ്യാപകരുണ്ടെന്നത് യാഥാര്‍ഥ്യമാണ്. വിദേശങ്ങളില്‍ തൊഴില്‍ തേടിപ്പോകുന്ന യുവാക്കള്‍ അവരുടെ യൂനിവേഴ്‌സിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തൊഴില്‍ ദാതാക്കളെ കാണിക്കുമ്പോള്‍ അവര്‍ മുഖം തിരിക്കുകയാണെന്ന് എത്രയോ ഉദ്യോഗാര്‍ഥികള്‍ സങ്കടപ്പെടുന്നുണ്ട്. സര്‍വകലാശാലകളുടെ ഈ വിശ്വാസ തകര്‍ച്ചയും മൂല്യച്യുതിയും സംഭവിക്കുന്നത് രാഷ്ട്രീയ നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഭാര്യമാരെയും മക്കളെയും പുറംവാതിലിലൂടെ അധ്യാപകരായി തള്ളിക്കയറ്റുന്നതിനാലാണ്. ഇത് അവസാനിപ്പിക്കാതെ നമ്മുടെ സര്‍വകലാശലകള്‍ക്ക് നിലവാര തകര്‍ച്ചയില്‍ നിന്നു കരകയറാനാവില്ല. യൂനിവേഴ്‌സിറ്റികളുടെ നിലവാരമുയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥന്റെ ഭാര്യയുടെ അനധികൃത നിയമനം റദ്ദാക്കിക്കൊണ്ട് ഗവര്‍ണര്‍ നാന്ദി കുറിക്കുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."