പോപുലർ ഫ്രണ്ട് ബന്ധം ; കണ്ണൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ്
കണ്ണൂർ • പോപുലർ ഫ്രണ്ട് ബന്ധം സംശയിച്ച് കണ്ണൂരിലെ വ്യാപാര സ്ഥാപനങ്ങളിലും കൂടാതെ വീടുകളിലും പൊലിസിൻ്റെ വ്യാപക റെയ്ഡ്. ചില വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് രേഖകളും കംപ്യൂട്ടറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോപുലർഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താനാണ് റെയ്‌ഡെന്നാണ് പൊലിസ് വിശദീകരണം. കണ്ണൂർ താണയിലെ ഒരു ഹൈപ്പർ മാർക്കറ്റ്, പ്രഭാത് ജങ്ഷനിലെയും റെയിൽവേ സ്റ്റേഷനിലെയും ടെക്‌സ്റ്റൈൽസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ ഒരേസമയം റെയ്ഡ് നടന്നത്.
ഇതേസമയം തന്നെ ജില്ലയിലെ വിവിധ പോപുലർഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും പൊലിസ് പരിശോധന നടത്തി. താണയിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് കംപ്യൂട്ടറും ഫോണും ചില രേഖകളും പൊലിസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂരിൽ നിന്ന് കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്ത ഒരു പോപുലർ ഫ്രണ്ട് പ്രവർത്തകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വൻതോതിൽ വിദേശപണം വന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ പോപുലർ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താനാണ് റെയ്‌ഡെന്നാണ് പ്രാഥമികവിവരം. കൂടാത, കഴിഞ്ഞ ദിവസം പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ വ്യാപക അക്രമം നടന്നിരുന്നു.
ഇതിലെ പ്രതികളെ കണ്ടെത്താനും കൂടിയാണ് നടപടിയെന്ന് സൂചനയുണ്ട്. കണ്ണൂർ ടൗണിൽ അഞ്ച് കടകളിലും വളപട്ടണത്ത് മൂന്നും മട്ടന്നൂരിലെ രണ്ട് സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. കണ്ണപുരം, വളപട്ടണം, പാപ്പിനിശേരി, കണ്ണൂർസിറ്റി, മട്ടന്നൂർ തുടങ്ങിയ പൊലിസ് സ്റ്റേഷൻ പരിധികളിലെ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.
സ്ഥാപനങ്ങളിലെ പരിശോധന ഇന്നും തുടരുമെന്നാണ് പൊലിസ് നൽകുന്ന സൂചന. അതേ സമയം റെയ്ഡിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."