തലമുറ മാറ്റത്തിന് പുതുപ്പള്ളി; അടിയൊഴുക്കുകള്‍ ഗതി നിര്‍ണയിക്കും
തലമുറ മാറ്റത്തിന് പുതുപ്പള്ളി; അടിയൊഴുക്കുകള്‍ ഗതി നിര്‍ണയിക്കും
പുതുപ്പള്ളി: അരനൂറ്റാണ്ടിന് ശേഷം പുതുപ്പള്ളിയില്‍ തലമുറ മാറ്റം തീരുമാനിക്കപ്പെട്ടതോടെ ഉമ്മന്‍ ചാണ്ടിക്കു ശേഷം തങ്ങളുടെ പ്രതിനിധി ആരെന്ന് തീരുമാനിക്കാന്‍ മണ്ഡലം ഇന്ന് പോളിങ് ബൂത്തിലേക്ക്. അടിയൊഴുക്കുകള്‍ വിധി നിര്‍ണയിക്കുമ്പോള്‍ പരാജയം ആരുടേതായാലും നിസാരമാകില്ല.
പ്രചാരണ രംഗത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ ഏറെ ഇടം പിടിച്ചെങ്കിലും പ്രധാനമായും തെരഞ്ഞെടുപ്പ് അജന്‍ഡ നിശ്ചയിച്ചത് അദൃശ്യസാന്നിധ്യമായ ഉമ്മന്‍ ചാണ്ടി തന്നെയാണ്. യു.ഡി.എഫിന്റെ പ്രതീക്ഷയും ഉമ്മന്‍ ചാണ്ടി തന്നെ. പുതുപ്പള്ളി ഇതുവരെ കാണാത്ത പ്രചാരണ തന്ത്രങ്ങളും മറുതന്ത്രങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലം ആര്‍ക്കൊപ്പമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍, വികസന ചര്‍ച്ചകള്‍, രാഷ്ട്രീയ വിവാദങ്ങള്‍, ഭരണപരാജയം തുടങ്ങിയവ മുന്നണികള്‍ കൊണ്ടും കൊടുത്തും ഇളക്കിമറിച്ച പുതുപ്പള്ളിയില്‍ ജനങ്ങളുടെ മനസ്സിലിരിപ്പ് വോട്ടാക്കി മാറ്റും. നിലവിലെ ഭരണത്തെ സ്വാധീനിക്കില്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലും നിര്‍ണായകമാണ്.
തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി ഒരു ഫാക്ടര്‍ തന്നെയാണെന്നും ഭൂരിപക്ഷം 33,000 വോട്ടുകള്‍ക്ക് മുകളിലായിരിക്കുമെന്നുമാണ് നിശബ്ദ പ്രചാരണത്തിനിടെ ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മന്‍ പറഞ്ഞത്. എന്നാല്‍, ഉമ്മന്‍ചാണ്ടി മത്സരിച്ചപ്പോഴുള്ള ജനപിന്തുണ ഇനി യു.ഡി.എഫിന് ലഭിക്കില്ലെന്നാണ് ഇടതു ക്യാംപിന്റെ കണക്കുകൂട്ടല്‍. ഇതിനിടെ നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ സ്ഥാനാര്‍ഥികള്‍ വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു. പരമാവധി വോട്ടര്‍മാരെയും നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിക്കാനായി രാവിലെ തന്നെ സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ സജീവമായി.
ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ട മണര്‍കാട്, പാമ്പാടി പഞ്ചായത്തുകളിലായിരുന്നു ചാണ്ടി ഉമ്മന്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണര്‍കാട്ട് ജെയ്ക് സി തോമസ് ഉമ്മന്‍ചാണ്ടിയെ പിന്നിലാക്കിയപ്പോള്‍ പാമ്പാടിയില്‍ 225 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത്. അക്കാരണത്താലാണ് ഈ രണ്ടു പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണം. മണര്‍കാട് അമ്പലത്തിലും സമീപ പ്രദേശങ്ങളിലെ പള്ളികളിലും ചാണ്ടി ഉമ്മന്‍ രാവിലെ തന്നെ എത്തി. കൊട്ടിക്കലാശത്തിന്റെ ദിവസവും മണര്‍കാട് നിന്നും മറ്റക്കര വരെ കാല്‍നടയാത്ര നടത്തിയതും ഇതിന്റെ ഭാഗമായിരുന്നു. ഈ രണ്ട് പഞ്ചായത്തുകളില്‍ തിരിച്ചുവരാന്‍ കഴിഞ്ഞാല്‍ അത് വലിയ ഭൂരിപക്ഷത്തിലേക്ക് എത്തിക്കുമെന്നാണ് ചാണ്ടി ഉമ്മന്റെയും യു.ഡി.എഫിന്റെയും വിലയിരുത്തല്‍.
കൊട്ടിക്കലാശത്തില്‍ ലഭിച്ച ജനപിന്തുണയുടെ ആവേശം തന്നെയാണ് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനും. ഇത്തവണയും മണര്‍ക്കാട്ടും പാമ്പാടിയിലും നേട്ടമുണ്ടാക്കിയാല്‍ മേല്‍ക്കൈ നേടാമെന്നാണ് ഇടതു നേതാക്കളുടെ വിലയിരുത്തല്‍. മീനടത്തും അകലകുന്നത്തും ജെയ്ക്കിന് പ്രതീക്ഷയുണ്ട്. നിശബ്ദ പ്രചാരണത്തില്‍ ഈ മേഖലകള്‍ കേന്ദ്രീകരിച്ച് തന്നെയായിരുന്നു ജെയ്ക്കിന്റെയും നീക്കങ്ങള്‍. യാക്കോബായ വോട്ടുകള്‍ ഇത്തവണയും ഉറപ്പിച്ച് നിര്‍ത്താനും ഇടതു കേന്ദ്രങ്ങളില്‍ ശക്തമായ ശ്രമങ്ങള്‍ ഉണ്ടായി.
മണ്ഡലത്തില്‍ സ്വാധീനമുള്ള ആളുകളെ നേരിട്ട് കണ്ടുള്ള നീക്കങ്ങളാണ് ബി.ജെ.പി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ നടത്തിയത്. കഴിഞ്ഞ തവണ ലഭിച്ച 11,694 വോട്ടുകളില്‍ കുറവ് ലഭിച്ചാല്‍ അത് ബി.ജെ.പിക്കും തിരിച്ചടിയാകും. ബി.ജെ.പിയുടെ വോട്ടുകളില്‍ കുറവുണ്ടായാല്‍ അത് യു.ഡി.എഫ്ബി.ജെ.പി ധാരണയിലാകുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയും ബി.ജെ.പിയെ ലക്ഷ്യമിട്ടായിരുന്നു. അയര്‍ക്കുന്നം, കൂരേപ്പട പഞ്ചായത്തുകളാണ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍. 1.76 ലക്ഷം വോട്ടര്‍മാരില്‍ ബി.ജെ.പിയും ആം ആദ്മി അടക്കമുള്ള പാര്‍ട്ടികളും നേടുന്ന വോട്ടുകള്‍ എകദേശം എത്രത്തോളം എത്തുമെന്ന ആശങ്ക എല്‍.ഡി.എഫും യു.ഡി.എഫും പുലര്‍ത്തുന്നുണ്ട്. നിശബ്ദ പ്രചാരണത്തില്‍ ആം ആദ്മി അടക്കമുള്ള പാര്‍ട്ടികളും സജീവമായിരുന്നു. മണ്ഡലത്തിലെ മുപ്പതിനായിരത്തോളം വരുന്ന ദലിത് ക്രിസ്ത്യന്‍ വോട്ടുകള്‍ ഏത് പെട്ടിയിലേക്ക് വീഴുമെന്നതും അടിയൊഴുക്കുകള്‍ക്ക് കാരണമാകും. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ മന്ത്രി വി.എന്‍ വാസവനാണ് എല്‍.ഡി.എഫ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ തൃക്കാക്കര മോഡലില്‍ എണ്ണയിട്ട യന്ത്രം പോലെയാണ് യു.ഡി.എഫിന്റെ നീക്കങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."