സി.പി.എം നേതാക്കൾക്കെതിരേ കുറിപ്പെഴുതി ഗൃഹനാഥൻ ജീവനൊടുക്കി
പത്തനംതിട്ട • വെയ്റ്റിങ് ഷെഡ് നിർമിക്കാൻ സ്ഥലം ബലമായി പിടിച്ചെടുത്തതിന് സി. പി.എം നേതാക്കൾക്കെതിരേ കുറിപ്പെഴുതി ഗൃഹനാഥന്‍ ജീവനൊടുക്കി. പെരുനാട് കൂനംകര മേലേതിൽ എം. എസ് ബാബു(64) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ പുലര്‍ച്ചെ വീടിനടുത്തുള്ള റബര്‍ മരത്തില്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി റോബിന്‍ കെ. തോമസ്, വാര്‍ഡ് അംഗം എന്നിവര്‍ക്കെതിരേയാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ളത്. ബാബു വെയിറ്റിങ് ഷെഡ് നിര്‍മാണത്തിനായി നേരത്തെ കുറച്ച് സ്ഥലം പഞ്ചായത്തിന് നല്‍കിയിരുന്നു. ഇത് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് രണ്ടേകാല്‍ സെന്റ് സ്ഥലം കൂടി വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പെടുകയും താലൂക്ക് സര്‍വേയറെ എത്തിച്ച് അളക്കുകയും ചെയ്തു. പി.എസ് മോഹനൻ അടക്കമുള്ളവർ മാനസികമായി പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു. സ്ഥലം നൽകിയില്ലെങ്കിൽ വീടിനോട് ചേർന്നുള്ള കിണറിന് സമീപം പൊതു കക്കൂസ് പണിയുമെന്നും അത് ഒഴിവാക്കാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള പെരുന്നാട് സർവിസ് സഹകരണ ബാങ്കിൽ 20 ലക്ഷം രൂപ നിക്ഷേപിക്കാനും പി. എസ് മോഹനൻ അടക്കമുള്ള സി.പി.എം നേതാക്കൾക്ക് പണം നൽകാനും ആവശ്യപ്പെട്ടു. മോഹനന് മൂന്ന് ലക്ഷം രൂപയും റോബിനും മറ്റൊരു പാർട്ടി പ്രവർത്തകനായ ശ്യാം എന്ന വിശ്വനും ഒരോ ലക്ഷം രൂപ വീതവും നൽകണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബാബുവിൻ്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
കുടുംബത്തെ സമ്മർദത്തിലാക്കാൻ ചില സാമുഹ്യ വിരുദ്ധർക്ക് മദ്യവും മറ്റും നൽകി വീടിന് മുമ്പിൽ നിരന്തരം അസഭ്യവർഷം നടത്തിയതായും പരാമർശമുണ്ട്. താനൊരു സി. പി.എം പ്രവർത്തകനാണെന്നും ബാബുവിന്റെ കുറിപ്പിലുണ്ട്. വെയിറ്റിങ് ഷെഡ് നിര്‍മാണത്തിനായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ബലം പ്രയോഗിച്ച് സ്ഥലം അളന്നെടുത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ബാബുവിന്റെ ഭാര്യ കുസുമകുമാരി ആരോപിച്ചു. കുറിപ്പിൽ പരാമർശമുള്ള മൂന്നുപേർക്കും എതിരേ കുസുമകുമാരി പെരുനാട് പൊലിസിൽ പരാതി നൽകി. അതേസമയം, മരണവുമായി പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ ബന്ധമില്ലെന്ന് ആരോപണവിധേയർ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."