സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മഠത്തില്‍ നിന്ന് ഒഴിയണമെന്ന് ഹൈക്കോടതി
കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ഇപ്പോള്‍ താമസിക്കുന്ന കാരയ്ക്കാമല മഠത്തില്‍ നിന്നൊഴിയണമെന്ന് ഹൈക്കോടതി. മഠത്തില്‍ നിന്നു ഒഴിപ്പിക്കുന്നതിനെതിരേ പൊലിസ് സംരക്ഷണം തേടി ലൂസി നല്കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം. തെരുവിലേക്ക് വലിച്ചെറിയരുതെന്ന് സിസ്റ്റര്‍ ലൂസി കോടതിയോട് അഭ്യര്‍ഥിച്ചു. മഠത്തില്‍ നിന്നു ഒഴിപ്പിക്കുന്നതു സംബന്ധിച്ച് സിവില്‍ കോടതിയെ സമീപിക്കണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പൊലിസ് സംരക്ഷണം നല്‍കാമെന്നു വ്യക്തമാക്കി.
മഠത്തില്‍ നിന്നു പുറത്താക്കിയതിനെതിരേ വത്തിക്കാനില്‍ സമര്‍പ്പിച്ച ലൂസിയുടെ അപ്പീലും തള്ളിയതിനെ തുടര്‍ന്നാണ് മഠാധികാരികള്‍ ലൂസിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. ലൂസിയെ മഠത്തില്‍ നിന്നു പുറത്താക്കുന്നതിന് തടസമില്ലെങ്കിലും കുറച്ചുസമയം നല്‍കണമെന്നു കോടതി മുന്‍പു മഠാധികൃതരോട് വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.
മഠത്തില്‍ നിന്നു ഒഴിവാക്കുന്നതിനെതിരേ മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും ലൂസി കോടതിയെ അറിയിച്ചു. മുന്‍സിഫ് കോടതി പറയുന്നതുവരെ തന്നെ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും അവര്‍ വാദിച്ചു. മുന്‍സിഫ് കോടതി താന്‍ പുറത്തുപോകണമെന്നാണ് വിധിക്കുന്നതെങ്കില്‍ സന്തോഷപൂര്‍വം പുറത്തുപോകുമെന്നും അതുവരെ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും കോടതിയില്‍ വാദിച്ചു. ഹരജിക്കാരി ആരോപണം ഉന്നയിച്ചിരിക്കുന്നത് വികാരിക്കെതിരേയാണ്. ഹരജിക്കാരിക്ക് മഠത്തില്‍ നിന്ന് മോശപ്പെട്ട പെരുമാറ്റങ്ങളാണുണ്ടാകുന്നതെന്നു ഹരജിയില്‍ പറഞ്ഞിട്ടുണ്ടെന്നു വ്യക്തമാക്കിയ കോടതി പുറത്തുപോകുന്നതാണ് നല്ലതെന്നു ചൂണ്ടിക്കാട്ടി. പൊലിസ് സംരക്ഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍തന്നെ പുറത്തുപോകുന്നതാണ് നല്ലെതെന്നും കോടതി വ്യക്തമാക്കി.
കോടതി മുന്‍പുതന്നെ പൊലിസ് സംരക്ഷണം നല്‍കിയിരുന്നുവെങ്കിലും ലൂസിയെ മഠത്തില്‍ നിന്നു പുറത്താക്കുന്നതിനു വീണ്ടും ശ്രമങ്ങളാരംഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."