സംഗീത പരിപാടിക്കിടെ തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു
സ്വന്തം ലേഖിക
കൊച്ചി • സംഗീത പരിപാടിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. പരിപാടി കാണാനെത്തിയയാൾ ലൈറ്റിങ് യൂനിറ്റ് ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മട്ടാഞ്ചേരി പനയപ്പള്ളി അമ്മൻകോവിൽപറമ്പ് ചെല്ലമ്മ വീട്ടിൽ രാധാകൃഷ്ണൻ്റെ മകൻ എം.ആർ രാജേഷാണ്(24) മരിച്ചത്. ശനിയാഴ്ച രാത്രി കലൂരിൽ നടന്ന സംഗീതപരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പരിപാടി കാണാനെത്തിയ യുവതിയോട് പ്രതി അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിലുണ്ടായ വൈരാഗ്യമാണ് രാജേഷിനെ കൊലപ്പെടുത്താൻ കാരണമെന്ന് പൊലിസ് പറഞ്ഞു. പരിപാടിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞു.
കാസർകോട് സ്വദേശിയായ പ്രതിക്കും ഒപ്പമുണ്ടായിരുന്ന ഇയാളുടെ സുഹൃത്തിനുംവേണ്ടി അന്വേഷണം ഊർജിതമാക്കി. ഒരു ഓട്ടോറിക്ഷ ഡ്രൈവർ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ പറഞ്ഞതനുസരിച്ച് പ്രതി വാടകയ്ക്ക് താമസിക്കുന്ന ആലുവയിലെ ഫ്ളാറ്റിൽ പൊലിസ് എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ വയനാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസ് സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്.
സംഗീതപരിപാടി കാണാനെത്തിയ യുവതിയോട് പ്രതി അപമര്യാദയായി പെരുമാറിയത് ശ്രദ്ധയിൽപെട്ട സംഘാടകർ ചോദ്യം ചെയ്യുകയും പാസ് ഇല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രതിയെ പുറത്താക്കുകയുമായിരുന്നു.
തുടർന്ന് പരിപാടി കഴിഞ്ഞശേഷം രാത്രി 12 മണിയോടെ സംഘാടകരും ജീവനക്കാരും ലൈറ്റുകളും മറ്റും വാഹനങ്ങളിലേക്ക് കയറ്റുന്ന സമയത്ത് സുഹൃത്തിനൊപ്പം ഇവിടെ തിരിച്ചെത്തിയ പ്രതി ബഹളമുണ്ടാക്കി. അതിനിടെ രാജേഷിനെ കത്തിപോലുള്ള ആയുധംകൊണ്ട് കുത്തിയ ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു. രാജേഷിനെ ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ 5.30ഓടെ മരിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."