കൊവിഡ്: ഇന്നും നാളെയും 3.75 ലക്ഷം പേരെ പരിശോധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്‌മെന്റഡ് ടെസ്റ്റിങ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഇന്നും നാളെയുമായി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇന്ന് 1.25 ലക്ഷം പേരെയും നാളെ 2.5 ലക്ഷം പേരെയും പരിശോധിക്കും. തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുന്നത്. ഇതിലൂടെ ലഭ്യമായ പരിശോധനാ ഫലങ്ങള്‍ വിശകലനം നടത്തി കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്‍ഫ്‌ളുവന്‍സ ലക്ഷണമുള്ള എല്ലാവരും ഗുരുതര ശ്വാസകോശ അണുബാധയുള്ളവര്‍, കൊവിഡ് രോഗ ലക്ഷണങ്ങളില്ലെങ്കിലും പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവര്‍, ജനക്കൂട്ടവുമായി ഇടപെടല്‍ നടത്തുന്ന 45 വയസിന് താഴെ പ്രായമുള്ളവര്‍, വാക്‌സിനെടുക്കാത്ത 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് ബാധിതരുമായി സമ്പര്‍ക്കമുള്ളവര്‍, ഒ.പിയിലെ എല്ലാ രോഗികളും, കൊവിഡേതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന രോഗികള്‍ (ഡോക്ടറുടെ നിര്‍ദേശ പ്രകാരം) എന്നിവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. അതേസമയം കൊവിഡ് മുക്തരായവരെ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിലവിലെ പരിശോധനാ കേന്ദ്രങ്ങളിലേക്കും മൊബൈല്‍ ലാബിലേക്കും ഈ സാമ്പിളുകള്‍ അയയ്ക്കും. ഇതുകൂടാതെ ടെസ്റ്റിങ് ക്യാംപുകളും സംഘടിപ്പിക്കും. പോസിറ്റിവാകുന്നവരെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് ഐസൊലേറ്റ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."