വീണ്ടും മഖ്ബറ തകര്‍ത്തു ഹിന്ദുത്വവാദികള്‍; ഉത്തരാഖണ്ഡില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തകര്‍ത്തത് മൂന്ന് ദര്‍ഗകള്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിന്ദുത്വസംഘടനയായ ദേവ്ഭൂമി രക്ഷ അഭിയാന്‍ രണ്ട് ദര്‍ഗകള്‍ കൂടി തകര്‍ത്തു. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ സംഘടന തകര്‍ത്ത ദര്‍ഗകളുടെ എണ്ണം മൂന്നായി. ഋഷികേശിലാണ് തകര്‍ക്കപ്പെട്ട മൂന്നു ദര്‍ഗകളും സ്ഥിതിചെയ്തിരുന്നത്. ജയ് ശ്രീ റാം വിളികളോടെ ഹാമറുകളും മണ്‍വെട്ടികളും ഇരുമ്പുദണ്ഡുകളുമായി ഹിന്ദുത്വ അക്രമിസംഘം ദര്‍ഗ തകര്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തകര്‍ത്ത ശേഷം ബുള്‍ഡോസര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കുന്നതും കാണാം.
ഇത് ദേവ് ഭൂമിയാണ്, ദര്‍ഗ ഭൂമിയല്ലെന്ന് അക്രമികളിലൊരാള്‍ വിളിച്ചുപറയുന്നത് കേള്‍ക്കാം. എല്ലാ 'നിയമവിരുദ്ധ' മഖ്ബറകളും തകര്‍ക്കുമെന്നും മറ്റൊരാള്‍ ഉറക്കെ പറയുന്നുണ്ട്. മഖ്ബറക്കുള്ളിലുണ്ടായിരുന്നയാളെ ഞങ്ങള്‍ പുറത്തെറിഞ്ഞു. ഇത്തരം ദര്‍ഗകള്‍ക്കുള്ളിലുള്ള എല്ലാവരെയും തൂത്തെറിയുമെന്ന് മറ്റൊരാളും വിളിച്ചുപറയുന്നത്‌വിഡിയോയില്‍ കേള്‍ക്കാവുന്നതാണ്. പൊലിസിന്റെ സാന്നിധ്യത്തിലാണ് അക്രമികള്‍ ഇവ തകര്‍ക്കുന്നത്.
ഋഷികേശിലെ ഈ ഭാഗത്ത് 30 ഓളം ദര്‍ഗകളാണുള്ളത്. ഇവയെല്ലാം തകര്‍ക്കുമെന്ന് ദേവ് രക്ഷ അഭിയാന്‍ പ്രസിഡന്റ് സ്വാമി ദര്‍ശന്‍ ഭാരതി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ദര്‍ഗ കമ്മിറ്റിയുടെ പരാതിയില്‍ പരമാവധി അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ,പി.സിയിലെ 505 വകുപ്പ് പ്രകാരം കേസെടുത്തു. എന്നാല്‍ ആരെയും ചോദ്യംചെയ്യുകയോ അറസ്റ്റ്‌ചെയ്യുകയോ ഉണ്ടായിട്ടില്ല.
Members of Hindutva outfit raze shrines in Uttarakhand
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."