യുവതിയുടെ ഹരജി സുപ്രിംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: മുനിസിപ്പല്‍ കൗണ്‍സിലര്‍ പദവി നിലനിര്‍ത്താന്‍ മൂന്നാമത്തെ കുട്ടിയെ തള്ളിപ്പറഞ്ഞ യുവതിയുടെ ഹരജി സുപ്രിംകോടതി തള്ളി. മൂന്നാമതൊരു കുട്ടിയുണ്ടെന്ന് കണ്ടെത്തിയതിന് മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട യുവതിയുടെ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്.
2017ല്‍ സോലാപൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട അനിത രാമദാസ് മഗാറാണ് ഹരജിക്കാരി. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ കൗണ്‍സിലറാകുന്നത് വിലക്കി 2001ല്‍ നിയമം കൊണ്ടുവന്നിരുന്നു. 2004ല്‍ മൂന്നാമതായി പെണ്‍കുട്ടി ജനിച്ചെങ്കിലും ഇതു മറച്ചുവച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എതിര്‍സ്ഥാനാര്‍ഥി കീഴ്ക്കോടതിയെ സമീപിക്കുകയായിരുന്നു.
കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളുടെ സ്ഥാനത്ത് അനിതാ മഗാറിന്റെയും ഭര്‍ത്താവ് ദത്താത്രേയയുടെയും പേരാണുണ്ടായിരുന്നതെന്നും കുട്ടി ജനിച്ച് എട്ടുവര്‍ഷത്തിനു ശേഷം 2012ല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളുടെ പേരില്‍ തിരുത്തലുകള്‍ വരുത്തിയതായും കോടതി കണ്ടെത്തി.
മൂന്നാമത്തെ കുട്ടി പൂനം തങ്ങളുടേതല്ലെന്നും ഭര്‍ത്താവിന്റെ സഹോദരന്റെയും ഭാര്യയുടേതുമാണെന്ന വാദം കോടതി തള്ളി. പിന്നാലെ കൗണ്‍സിലറെ അയോഗ്യയാക്കുകയും ചെയ്തു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിട്ടും ഫലംകാണാതെയാണ് സുപ്രിംകോടതിയിലെത്തിയത്. മുനിസിപ്പല്‍ രേഖയിലും സ്കൂള്‍ രേഖകളിലുമെല്ലാം മാതാപിതാക്കള്‍ അനിതയും ദത്താത്രേയയുമാണെന്നും പിന്നീട് ഇതു തിരുത്തിയതാണെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇത് ജസ്റ്റിസുമാരായ എസ്.കെ കൗള്‍, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ശരിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."