കാര്യവട്ടത്ത് കളി കാര്യമാവും; അങ്കക്കലിയാരവത്തിന് അരങ്ങൊരുങ്ങി
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അങ്കക്കലിയാരവത്തിന് അരങ്ങൊരുങ്ങി. ബുധനാഴ്ച നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 മല്‍സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂന്നു വര്‍ഷത്തിനു ശേഷം ആദ്യമായാണ് കേരളം അന്താരാഷ്ട മല്‍സരത്തിന് ആതിഥ്യമരുളുന്നത്.
കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന്റെ അമിട്ട്പൊട്ടിച്ച് ഇന്നലെ ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്ത് വിമാനമിറങ്ങി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. പരിശീലകന് മാര്‍ക്ക് ബൗച്ചര്‍, ക്യാപ്റ്റന്‍ തെംബ ബാവുമയുടെ നേതൃത്വത്തിലുള്ള 18 അംഗ ടീം തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘം കോവളം ലീല റാവിസ് ഹോട്ടലിലാണ് തമ്പടിക്കുന്നത്. ഇന്ന് കാര്യവട്ടം സ്റ്റേഡിയത്തില്‍ ടീം പരിശീലനം നടത്തും. റണ്ണൊഴുകുന്ന പിച്ചിലാണ് മല്‍സരം.
ഇന്ത്യന്‍ ടീം തിങ്കളാഴ്ച വൈകീട്ട് 4.30ന് തലസ്ഥാനത്തെത്തും. ബുധനാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് മല്‍സരം ആരംഭിക്കുക. 38,000 പേര്‍ക്കാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. 75 ശതമാനത്തോളം ടിക്കറ്റ് വിറ്റഴിഞ്ഞു. മല്‍സരത്തിന് മുമ്പായി മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിയുമെന്ന് ഇതോടെ ഉറപ്പായി. പേടിഎംഇന്സൈഡര്ഡോട്ട്.ഇന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. അക്ഷയകേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."