HOME
DETAILS

ഖാദർ കമ്മിറ്റി റിപ്പോർട്ട് ഉയർത്തുന്ന പ്രശ്‌നങ്ങൾ

  
backup
September 27 2022 | 04:09 AM

kader-committe-report-2022

അബദുള്ള വാവൂര്‍


ജനകീയ വിദ്യാഭ്യാസക്രമം നടപ്പാക്കുന്നതിന് പ്രീ സ്‌കൂൾ മുതൽ ഹയർസെക്കൻഡറിതലം വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നാനാവശങ്ങൾ പരിശോധിച്ചു നിർദേശങ്ങൾ സമർപ്പിക്കാനായി 19-10-2017ന് സർക്കാർ ഉത്തരവിലൂടെ നിലവിൽവന്ന ഖാദർ കമ്മിറ്റി നാലരവർഷങ്ങൾക്ക് ശേഷം അതിന്റെ റിപ്പോർട്ട് പൂർണമായും സമർപ്പിച്ചിരിക്കയാണ്. ഘടനാപരമായ പരിഷ്‌കാരങ്ങൾ നിർദേശിച്ച ഒന്നാംഭാഗം 2019 ജനുവരിയിൽ സമർപ്പിച്ചിരുന്നു. അതുയർത്തിയ പ്രതിഷേധങ്ങൾ ഇന്നും തുടരുന്നുണ്ട്. അക്കാദമിക പരിഷ്‌കാരങ്ങളടങ്ങിയ രണ്ടാംഭാഗം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു എന്നല്ലാതെ പൊതുസമൂഹത്തിന് ഇതുവരെയും ലഭ്യമാക്കിയിട്ടില്ല. സമർപ്പിച്ച വേളയിൽ പുറത്തുവന്ന നിർദേശങ്ങൾ കേരളീയ പൊതുസമൂഹത്തിൽ പുതിയൊരു സംവാദതലം തുറന്നിട്ടുണ്ട്.
സ്‌കൂൾ സമയമാറ്റമെന്ന നിർദേശമാണ് ഖാദർ കമ്മിറ്റി രണ്ടാം ഭാഗ റിപ്പോർട്ടിനെ ഇപ്പോൾ സജീവ ചർച്ചയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സ്‌കൂൾ സമയം ക്രമീകരിക്കണം എന്നാണ് കമ്മിറ്റി നിർദേശിക്കുന്നത്. അധ്യാപക യോഗ്യതയിലെ സമഗ്രമാറ്റം, മൂല്യനിർണയ രീതിയിലെ പരിഷ്‌കാരം, എയ്ഡഡ് അധ്യാപക നിയമനത്തിന് പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് മുതലായ നിർദേശങ്ങളും രണ്ടാം ഭാഗത്തിലുണ്ട്.


നാളിതുവരെ കേരളം പിന്തുടർന്നുവരുന്ന സ്‌കൂൾ പ്രവൃത്തിസമയം മാറ്റുന്നത് കുട്ടികൾക്ക് ഗുണകരമാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത് വിശദമായ ചർച്ചയ്ക്ക് വിഷയീഭവിക്കണമെന്നും പറയുന്നുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ടുവരുന്ന പ്രവണതയാണ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കമ്മിഷനുകളും കമ്മിറ്റികളുമൊക്കെ സമർപ്പിക്കുന്ന റിപ്പോർട്ടിൽ വളരെ ആസൂത്രിതമായി സ്‌കൂൾ സമയമാറ്റം എന്ന നിർദേശം കടന്നുവരുന്നത്. ഇടതു സർക്കാർ കാലത്താണ് ഇത് കാണുന്നത്. 2007ൽ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി തയാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ് 2007) സമയമാറ്റം എന്ന നിർദേശംവച്ചിട്ടുണ്ട്. പ്രസ്തുത ചട്ടക്കൂടിലെ നൂറാമത്തെ പേജിൽ പറയുന്നു; 'പഠനം രാവിലെ ആരംഭിക്കുന്നതാണ് ഉചിതം. രാവിലെയുള്ള സമയം പഠനത്തിന് ഏറ്റവും ഉചിതമാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്'.


ഇപ്പോൾ നടക്കാനിരിക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ മുന്നോടിയായി ചട്ടക്കൂട് രൂപീകരിക്കാൻ പുറത്തിറക്കിയ ചർച്ചാ കുറിപ്പിൽ സമയമാറ്റ വിഷയമുണ്ട്. കുറിപ്പിന്റെ പതിനെട്ടാം പേജിൽ മുപ്പത്തിമൂന്നാമത്തെ പോയിന്റിൽ പറയുന്നു; 'കുട്ടികൾക്ക് പ്രായത്തിനനുഗുണമായ വിദ്യാഭ്യാസം ലഭിക്കുന്നതോടൊപ്പം അവരുടെ കഴിവുകൾക്കനുഗുണമായ വിദ്യാഭ്യാസവും ലഭിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ നിലവിലുള്ള സ്‌കൂൾ സമയത്തിൽ മാറ്റങ്ങൾ അനിവാര്യമാകും'. ഇപ്പോൾ ഖാദർ കമ്മിറ്റിയും സമയമാറ്റം നിർദേശിക്കുന്നു. ഇതെല്ലാം ചേർത്തുവായിക്കുമ്പോൾ സ്‌കൂൾ സമയമാറ്റം സർക്കാർ ഉദ്ദേശിക്കുന്നു എന്ന് വിവക്ഷിക്കാനാകും.


ഇനി 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻ.സി.എഫ് ) ഇത് സംബന്ധമായി സ്വീകരിച്ച നിലപാടും നാം പരിശോധിക്കണം. എൻ.സി.എഫ് മുന്നോട്ടുവയ്ക്കുന്ന നിർദേശം ഇങ്ങനെയാണ്; 'സ്‌കൂൾ സമയം ഒരു വിശേഷ വിഭവമാണ്. അയവുള്ള രീതിയിൽ അത് ഉപയോഗിക്കണം. സ്‌കൂൾ പ്രവർത്തന കലണ്ടറും സ്‌കൂൾ സമയവും പ്രാദേശികമായി നിശ്ചയിക്കാം. വിദ്യാലയ പ്രവൃത്തിദിവസത്തിന്റെ സമയക്രമം സ്‌കൂൾതലത്തിൽ ഗ്രാമപഞ്ചായത്തുകളുമായി ചർച്ച ചെയ്തു നിർണയിക്കാവുന്നതാണ്. അപ്പോൾ സ്‌കൂളിലെത്താൻ കുട്ടികൾക്ക് എത്ര ദൂരം യാത്ര ചെയ്യേണ്ടിവരുമെന്ന കാര്യംകൂടി പരിഗണിക്കേണ്ടതാണ്. ഈ പരിഗണന വിദ്യാലയത്തിൽ കുട്ടിയുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ വേണ്ടിയാണ് '(എൻ.സി.എഫ് 2005). അപ്പോൾ എൻ.സി.എഫ് മുന്നോട്ടുവച്ച നിർദേശംപോലും സമയമാറ്റ വിഷയത്തിൽ ഖാദർ കമ്മിറ്റി പരിഗണിച്ചില്ലെന്ന് വ്യക്തം.

സ്‌കൂൾ സമയമാറ്റം കുട്ടികളെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്നത് വലിയ പ്രാധാന്യമുള്ള വിഷയമാണ്. മതപഠനം കേരളത്തിൽ പതിറ്റാണ്ടുകളായി വ്യവസ്ഥാപിതമായി നിലനിന്നുപോരുന്ന സംവിധാനമാണ്. കൊളോണിയൽ ഭരണനാളുകളിൽ പോലും മതപഠനത്തിന് തടസ്സമില്ലാതെ സ്‌കൂൾ സമയം ക്രമീകരിച്ചിരുന്നു. ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ മാപ്പിള സ്‌കൂളുകൾ സ്ഥാപിച്ചു മതപഠനത്തിന് തടസ്സമാകാതെ സ്‌കൂൾ സമയം ക്രമീകരിച്ചിരുന്നു. ഇപ്പോഴും മലബാറിൽ 10നും 10:30നും സ്‌കൂൾ സമയമുണ്ട്. മതപഠനത്തിനുശേഷം കുട്ടികൾക്ക് സ്‌കൂളിലെത്താൻ സൗകര്യപ്രദമായ രീതിയിലാണ് ഈ സമയക്രമം. ഈ രീതിയോട് പൊതുസമൂഹവും അനുകൂല നിലപാടാണ് ഇതുവരെ എടുത്തത്. സമയമാറ്റം എന്ന നിർദേശത്തിലൂടെ മതപഠനത്തിന്റെ കടയ്ക്കൽ കത്തിവച്ചു സാമൂഹിക അസ്വസ്ഥത സൃഷ്ടിക്കുന്നത് ശരിയായ സമീപനമല്ല. സമയമാറ്റം പ്രൈമറിതലത്തിലെ കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കാനിടവരുത്തും. പൊതുവെ വൈകി എഴുന്നേൽക്കുന്ന കുട്ടികൾക്ക് എട്ടു മണിക്ക് സ്‌കൂളിൽ എത്താൻ ധ്യതിപ്പെട്ട് ഒരുങ്ങേണ്ടിവരും. പ്രഭാതകൃത്യങ്ങൾ ആശ്വാസപൂർവം നിർവഹിക്കാൻ കഴിയാതെ വരും. ഇത് കുട്ടികളിൽ സ്‌കൂളിൽ പോകുന്നതിനോട് വിരസതയുണ്ടാക്കും.


കേരളത്തിന്റെ ഭൂപ്രകൃതി പരിഗണിച്ചാൽ എട്ട് മണിക്കുള്ള സ്‌കൂൾ പ്രവർത്തനസമയം അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് കാണാം. മലയോര മേഖലകൾ, ഒറ്റപ്പെട്ട തുരുത്തുകൾ, ഉൾനാടൻ ഗ്രാമങ്ങൾ, ആദിവാസി ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടെ പ്രാന്തവൽകൃത വിഭാഗങ്ങൾ താമസിക്കുന്ന ഇടങ്ങൾ, ഇവിടുന്നൊക്കെയുള്ള കുട്ടികൾക്ക് എട്ടു മണിക്കുള്ള സ്‌കൂൾ പഠനത്തിന് എത്താൻ കഴിയുമെന്ന് തോന്നുന്നില്ല. പൊതുഗതാഗതം തന്നെ വിരളമായ ഇത്തരം മേഖലകളിൽ ഈ നിർദേശത്തിന്റെ സാധ്യത പരിശോധിക്കപ്പെടണം. ആദിവാസിഗോത്ര വിഭാഗത്തിലെയും പട്ടികജാതി വിഭാഗത്തിലെയും കുട്ടികളുടെ എൻറോൾമെൻ്റ് കുറെ വർഷങ്ങളായി കുറഞ്ഞുവരികയാണ്. 2018-19ൽ 75003 കുട്ടികൾ പട്ടിക വർഗത്തിൽനിന്നും 387082 കുട്ടികൾ പട്ടികജാതിയിൽ നിന്നും സ്‌കൂളുകളിൽ പഠിക്കുന്നുണ്ട്. എന്നാൽ അത് 2017-18ൽ യഥാക്രമം 76275ഉം 390030ഉം ആയിരുന്നു. സമയമാറ്റ സാഹചര്യം കൂടിയായാൽ ഈ മേഖലയിലെ കൊഴിഞ്ഞുപോക്ക് വർധിക്കാനിടവരും. കേരളത്തിലെ ജനസംഖ്യയുടെ ഗണ്യ വിഭാഗമായ മധ്യവർഗവും സാധാരണക്കാരും രാവിലെ കുട്ടികളെ സ്‌കൂളിൽ അയച്ചു ജോലിക്ക് പോകുന്നവരും കുട്ടികൾ തിരിച്ചെത്തുന്ന സമയത്ത് വീട്ടിൽ എത്തുന്നവരുമാണ്. എട്ടു മുതൽ ഒന്നുവരെ ആയാൽ നേരത്തെ തിരിച്ചെത്തുന്ന കുട്ടികൾ തനിച്ചു വീട്ടിൽ നിൽക്കുന്ന സാഹചര്യമുണ്ടാകും. ആ കുട്ടികളുടെ സുരക്ഷ പ്രശ്‌നം തന്നെയാകും.
അധ്യാപകരെയും സമയമാറ്റം കാര്യമായി ബാധിക്കും. അധ്യാപകരിൽ നല്ലൊരു ശതമാനം ദിവസവും ജോലിസ്ഥലത്ത് പോയിവരുന്നവരാണ്. രണ്ടും മൂന്നും മണിക്കൂർ പൊതുഗതാഗതത്തെ ആശ്രയിച്ചു യാത്ര ചെയ്ത് സ്‌കൂളിൽ എത്തുന്ന ഇവർക്ക് ഇപ്പോഴുള്ള സമയത്ത് എത്താൻ തന്നെ നേരത്തെ പുറപ്പെടുകയാണ് ചെയ്യുന്നത്. സ്ഥിരമായി ട്രെയിനിൽ സീസൺ ടിക്കറ്റിൽ ദീർഘദൂരം യാത്ര ചെയ്ത് വരുന്ന അധ്യാപകർ നിരവധിയുണ്ട്. മറ്റൊന്ന് സമയമാറ്റം അഞ്ചുമുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ ഒന്നിനുശേഷം നാലുവരെ പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് നീക്കിവയ്ക്കണം എന്ന് പറയുന്നു. ഇത് അധ്യാപകർക്ക് അമിതഭാരമുണ്ടാക്കും. ഇപ്പോൾ പത്തു മുതൽ നാലു വരെ ആറ് മണിക്കൂറാണ് ജോലി. അത് എട്ട് മണിക്കൂർ ആകുമ്പോൾ അവർ പ്രധിഷേധമുയർത്തും.


അധ്യാപകരുടെ നിലവിലുള്ള യോഗ്യതയിൽ സമൂലമാറ്റം കമ്മിറ്റി നിർദേശിക്കുന്നുണ്ട്. ഈ നിർദേശം ഏറെക്കുറെ വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താൻ സഹായകമാകും. നിലവിൽ പ്ലസ്ടുവും ഡി.എൽ.എഡും (ടി.ടി.സി) യോഗ്യതയാണ് പ്രൈമറിതലത്തിൽ. അത് അടിസ്ഥാന യോഗ്യത ബിരുദമാകും. അഞ്ചുവർഷ ഉദ്ഗ്രഥിത കോഴ്‌സ് നടപ്പായാൽ അധ്യാപക യോഗ്യത കൂടുതൽ പ്രൊഫഷണലൈസ് ചെയ്യപ്പെടും. അഞ്ചുമുതൽ ഏഴുവരെ സബ്‌ജെക്റ്റ് ടീച്ചർ കൺസെപ്റ്റും നടപ്പാക്കണം. ഇപ്പോൾ സോഷ്യൽ സയൻസ് ഡിഗ്രിയുള്ളയാൾക്ക് യു.പിതലത്തിൽ ഗണിതം പഠിപ്പിക്കാം എന്നതാണ് അവസ്ഥ. അധ്യാപക യോഗ്യതയിലെ മാറ്റം എൻ.സി.ടി.ഇ കൂടി അംഗീകരിക്കേണ്ടതുണ്ട്. അതിനനുസരിച്ചു അധ്യാപക പരിശീലന സ്ഥാപനങ്ങളുടെ പരിവർത്തനവും നടക്കണം. നിലവിലെ അധ്യാപകരെ സംരക്ഷിച്ചുകൊണ്ട് ഒരു നിശ്ചിത സമയം മുതൽ പുതിയ രീതി അവലംബിക്കാവുന്നതേയുള്ളൂ.


മൂല്യനിർണയം ഇന്നത്തെ രീതിയിൽ തുടരണോ എന്നത് ഗൗരവമായി ചർച്ച ചെയ്യണം. 2005 മുതൽ നടപ്പാക്കിവരുന്ന നിരന്തര മൂല്യനിർണയം ഇപ്പോൾ വെറും വഴിപാട് മാത്രമാണ്. അതിന്റെ അന്തസ്സത്ത ചോർന്നുപോയിട്ടുണ്ട്. എഴുത്ത് പരീക്ഷക്ക് ഇനിയും വലിയ പ്രാധാന്യം കൊടുക്കാതെ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ നിരന്തര വിലയിരുത്തലിന് വിധേയമാക്കി ഗ്രേഡ് കൊടുക്കുന്ന രീതി സ്വീകരിക്കാം. ഖാദർ കമ്മിറ്റി റിപ്പോർട്ട് നിലവിലെ രീതിയിൽ മാറ്റം നിർദേശിക്കുന്നുണ്ട്.


ഒന്നാം ഭാഗ റിപ്പോർട്ട് ഇപ്പോഴും കോൾഡ് സ്റ്റോറേജിൽ തന്നെയാണ്. അതിൽപറയുന്ന ഘടനമാറ്റം ഉയർന്ന തലത്തിൽ മാത്രമേ നടന്നിട്ടുള്ളൂ. ഹയർ സെക്കൻഡറി തലത്തിലെ അധ്യാപകർ ഇപ്പോഴും അതിനെതിരിൽ സമരത്തിലാണ്. സ്‌കൂൾ സമയമാറ്റമടക്കമുള്ള വിവാദ നിർദേശങ്ങളിൽ തട്ടി അക്കാദമിക മേഖലയിൽ മികവ് നേടാനുള്ളപ്രവർത്തനങ്ങൾ നിന്നുപോകുമോ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago