ഗെലോട്ടിനെ തള്ളി
രാജസ്ഥാൻ നാടകത്തിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി
അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല
കെ.എ സലിം
ന്യൂഡൽഹി • മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനു പിന്തുണ നൽകാൻ അശോക് ഗെലോട്ട് പക്ഷത്തുള്ള 90 എം.എൽ.എമാർ വിസമ്മതിച്ചതിനു പിന്നാലെ രാജസ്ഥാൻ പ്രതിസന്ധിയിൽ പരിഹാരം തേടി ഹൈക്കമാൻഡ്. ഗെലോട്ടിനെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് കോൺഗ്രസ് നേതൃത്വം എത്തിയിരിക്കുന്നതെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല.
നിരീക്ഷകരായ മല്ലികാർജുർ ഖാർഗെയും അജയ് മാക്കനും ഇന്നലെ ഡൽഹിയിലെത്തി സോണിയയെ കണ്ടു. നിർദേശങ്ങളടങ്ങുന്ന റിപ്പോർട്ട് സോണിയക്ക് നൽകും.
ഗെലോട്ടിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന നിർദേശമാണ് ഇരുവരും മുന്നോട്ടു വച്ചിട്ടുള്ളതെന്നാണ് വിവരം. ഇടഞ്ഞു നിൽക്കുന്ന എം.എൽ.എമാരുമായി ഒറ്റയ്ക്ക് സംസാരിക്കാൻ മല്ലികാർജുർ ഖാർഗെയും അജയ് മാക്കനും ശ്രമിച്ചെങ്കിലും അവർ തയാറായില്ല. തുടർന്ന് ഗെലോട്ട് പക്ഷക്കാരായ ശാന്തി ധരിവാൾ, സി.പി ജോഷി, പ്രതാപ് കച്ച് റിയാവാസ് എന്നിവരുമായി ഇരുവരും സംസാരിച്ചു. മൂന്ന് എം.എൽ.എമാരും മൂന്ന് നിർദേശങ്ങൾ മുന്നോട്ടുവച്ചെങ്കിലും തങ്ങൾക്കു സ്വീകാര്യമായില്ലെന്ന് അജയ് മാക്കൻ പറഞ്ഞു.
ഒക്ടോബർ 19ന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാൻഡിന് നൽകി പ്രമേയം പാസാക്കണമെന്നതായിരുന്നു ഇതിൽ ആദ്യത്തേത്. ഗെലോട്ട് ജയിച്ചാൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഗെലോട്ടിന് തന്നെയാണ് വരികയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം നിരസിച്ചത്. ഗെലോട്ട് പക്ഷ എം.എൽ.എമാരോട് ഒറ്റയ്‌ക്കൊറ്റയ്ക്ക് സംസാരിക്കാൻ പാടില്ല, ഗെലോട്ട് പക്ഷത്തുള്ള 102 എം.എൽ.എമാരിൽ നിന്നൊരാളെ മുഖ്യമന്ത്രിയാക്കണം എന്നിവയാണ് മറ്റു രണ്ടു നിർദേശങ്ങൾ.ഇക്കാര്യങ്ങൾ സോണിയ തീരുമാനിക്കുമെന്ന് അജയ് മാക്കൻ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു ഗെലോട്ടിന് പകരം ഉയർന്നുവരുന്നത് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, മല്ലികാർജുർ ഖാർഗെ, ദിഗ് വിജയ് സിങ്, മുകുൾ വാസ്‌നിക് എന്നിവരുടെ പേരുകളാണ്. വെള്ളിയാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഗെലോട്ടിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പ്രവർത്തക സമിതി അംഗങ്ങളും സോണിയ ഗാന്ധിയെ ഉപദേശിച്ചിട്ടുണ്ട്.പാർട്ടിയെ ഒറ്റക്കെട്ടായി നിലനിർത്തുന്നതിന് അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് നിരീക്ഷകരിലൊരാളായ മല്ലികാർജുർ ഖാർഗെ പറഞ്ഞു. ധരിവാളിന്റെ വീട്ടിൽ എം.എൽ.എമാർ സമാന്തര യോഗം ചേർന്നത് അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കനും കുറ്റപ്പെടുത്തി. നടപടിക്ക് ശുപാർശ നൽകുമെന്ന സൂചനയും അജയ് മാക്കൻ നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."