എ.കെ.ജി സെന്റർ ആക്രമണം: ജിതിൻ റിമാൻഡിൽ
തിരുവനന്തപുരം • എ.കെ.ജി സെന്റർ ആക്രമണ കേസിൽ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അടുത്തമാസം ആറുവരെ റിമാൻഡ് ചെയ്തു.
തെളിവെടുപ്പ് പൂർത്തിയായതിനാൽ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. അക്രമം നടത്തിയ ദിവസം ധരിച്ചിരുന്ന ഷൂസ് കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജിതിൻ ധരിച്ചിരുന്ന ഷർട്ട് കണ്ടെടുക്കാനായില്ല. വേളി കായലിൽ എറിഞ്ഞതായാണ് ജിതിൻ മൊഴി നൽകിയതെന്നും ജിതിൻ ടീ ഷർട്ട് വാങ്ങിയ കടയിൽ തെളിവെടുപ്പ് നടത്തിയതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജിതിന്റെ അഭിഭാഷകൻ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വാദം നടക്കും.
സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഇന്നലെ പുലർച്ചെയാണ് ജിതിനുമായി ക്രൈംബ്രാഞ്ച് എ.കെ.ജി സെന്ററിൽ തെളിവെടുപ്പ് നടത്തിയത്. പൊലിസ് വാഹനം ഒഴിവാക്കിയായിരുന്നു പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മറ്റിടങ്ങളിൽ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.
അതേ സമയം, ആക്രമണത്തിനായി ജിതിൻ എത്തിയ സ്കൂട്ടറിനെക്കുറിച്ച് ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചിട്ടുണ്ട്. മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നു പൊലിസ് പറയുന്നു.
സംഭവത്തിനുശേഷം വാഹനം വനിതാ നേതാവിനു കൈമാറിയതായും പൊലിസ് കരുതുന്നു. വനിതാ നേതാവിനെ ചോദ്യം ചെയ്യാനാണ് പൊലിസ് നീക്കം. എന്നാൽ ഇവർ ഒളിവിലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."