ഓപറേഷൻ പി ഹണ്ട്: രജിസ്റ്റർ ചെയ്തത് 1,363 കേസുകൾ; കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ വർധിക്കുന്നു
തിരുവനന്തപുരം • കേരള പൊലിസിന്റെ സൈബർഡോമിനു കീഴിൽ പ്രവർത്തിക്കുന്ന കേരള പൊലിസ് സി.സി.എസ്.ഇ (കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ) ടീമിന്റെ ഓപറേഷൻ പി ഹണ്ടിനു കീഴിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 1,363 കേസുകൾ.
ഇവയിലേറെയും വാട്‌സ്ആപ്, ടെലഗ്രാം തുടങ്ങിയവ വഴി നടന്ന കുറ്റകൃത്യങ്ങളാണ്. 315 പേർ അറസ്റ്റിലായി.
കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ വർധിച്ചതോടെയാണ് പി ഹണ്ട് എന്ന പേരിൽ പ്രത്യേക ഓപറേഷൻ സംസ്ഥാന പൊലിസ് ആരംഭിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങളുടെ പ്രവർത്തനം കൃത്യമായി സൈബർ ഡോം നിരീക്ഷിക്കുന്നുണ്ട്.
പരിശോധനയിൽ കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്ന 3,794 കേന്ദ്രങ്ങൾ കണ്ടെത്തി.
ഇതു സംബന്ധിച്ച വിവരങ്ങൾ സൈബർ സെല്ലുകളിലെ അംഗങ്ങൾ, സാങ്കേതിക വിദഗ്ധർ, വനിതാ വിഭാഗം എന്നിവരടങ്ങുന്ന ജില്ലാ പൊലിസ് മേധാവിയുടെ കീഴിലുള്ള 280 ടീമുകൾക്ക് കൈമാറി. ജില്ലാ പൊലിസ് മേധാവികളുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡുകളിൽ രജിസ്റ്റർ ചെയ്ത 1,363 കേസുകളിലായി 2,425 ഉപകരണങ്ങൾ പിടിച്ചെടുത്തു.
ഇതിൽ കുട്ടികളുടെ നിയമവിരുദ്ധ വിഡിയോകൾ, ചിത്രങ്ങൾ എന്നിവ സൂക്ഷിച്ചിട്ടുള്ള മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്‌കുകൾ, മെമ്മറി കാർഡുകൾ, ലാപ്‌ടോപുകൾ, കംപ്യൂട്ടറുകൾ മുതലായവ ഉൾപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."