HOME
DETAILS

വ്യാപാരികളെ സര്‍ക്കാര്‍ അനുഭാവപൂര്‍വം കേള്‍ക്കണം

  
backup
July 15 2021 | 21:07 PM

961752543651-2111

കൊവിഡിനെത്തുടര്‍ന്നു വ്യാപാരി സമൂഹം നേരിടുന്ന പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും പ്രശ്‌നപരിഹാരത്തിനുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ഇന്നു മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയാണ്. മൂന്നുദിവസം മുന്‍പ് കോഴിക്കോട്ടെ വ്യാപാരികള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറക്കാനെത്തിയപ്പോള്‍ പൊലിസ് തടഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നു പൊലിസ് വ്യാപാരികളില്‍ ചിലരെ അറസ്റ്റുചെയ്തു. ഇതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്തെ എല്ലാ കടകളും ഇന്നലെ മുതല്‍ പെരുന്നാള്‍ വരെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തീരുമാനം അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകോപിതനായി, സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് കടകള്‍ തുറന്നാല്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നും അറിഞ്ഞു കളിച്ചാല്‍ മതിയെന്നും വ്യാപാരികളെ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയില്‍നിന്നുണ്ടായ പ്രകോപനപരമായ പ്രതികരണത്തിനെതിരേ വിവിധ തലങ്ങളില്‍ നിന്നു വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന് മനസിലാക്കി സി.പി.എം നേതൃത്വം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുമായി ബന്ധപ്പെട്ട് അനുരഞ്ജനത്തിന്റെ വഴി കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചതും വ്യാപാരികള്‍ സമരത്തില്‍ നിന്നു പിന്മാറി അതിനു സന്നദ്ധരാവുകയും ചെയ്തത്.

ഒന്നര വര്‍ഷമായി തുടരുന്ന കൊവിഡ് ലോക്ക്ഡൗണ്‍ കാരണം വ്യാപാരി സമൂഹം പ്രതിസന്ധിയിലാണെന്നത് നിസ്തര്‍ക്കമാണ്. കഴിഞ്ഞ അറുപത് ദിവസമായി ഒന്നിടവിട്ട ദിവസങ്ങളില്‍ ചില പ്രദേശങ്ങളിലും മറ്റു സ്ഥലങ്ങളില്‍ സമ്പൂര്‍ണമായും കടകളടച്ചു കഴിയേണ്ടി വരുന്ന വ്യാപാരി സമൂഹം സങ്കീര്‍ണമായ ജീവിത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ചെറുകിട കച്ചവടക്കാര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. പലരും പട്ടിണിയിലാണ്. കടമുറികളില്‍ വ്യാപാരം നടത്തുന്നവര്‍ക്കാകട്ടെ മുറി വാടകയും വൈദ്യുതി ബില്ലും കനത്ത ബാധ്യതയായിരിക്കുകയാണ്. ഉപയോഗിക്കാത്ത വൈദ്യുതിക്ക് പണം അടക്കേണ്ടി വരുന്നില്ലെങ്കിലും, ഫിക്‌സഡ് ചാര്‍ജ് ഒടുക്കേണ്ടി വരുന്നു. ഇതൊഴിവാക്കിത്തരണമെന്ന് വ്യാപാരി സമൂഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടുപോരുന്നുണ്ടെങ്കിലും അനുകൂല പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്നത്തെ ചര്‍ച്ചയില്‍ വ്യാപാരികളുടെ വൈദ്യുതി കുടിശ്ശിക ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടാകേണ്ടതാണ്. കടകള്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുമ്പോഴാണ് തിരക്കുകള്‍ കുറയുകയെന്നും ഇടവിട്ടുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് തിരക്ക് കൂടുന്നതെന്നും ഇതുവഴി രോഗവ്യാപനം വര്‍ധിക്കുകയാണെന്നും ഇന്നു പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുവേണം കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ചും ഇളവുകളെക്കുറിച്ചും സര്‍ക്കാര്‍ ഇനി തീരുമാനമെടുക്കേണ്ടത്.

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തുകയുണ്ടായി. ഇപ്പോഴത്തെ നിയന്തണങ്ങള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുകയെന്നും കടകള്‍ എല്ലാ ദിവസവും തുറക്കണമെന്നും ഐ.എം.എ സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഇനിയും അവസാനിക്കാതിരിക്കുകയും മൂന്നാം തരംഗം വരാനിരിക്കുകയും ചെയ്യുന്ന ഒരു സന്ദര്‍ഭത്തില്‍ രോഗ പ്രതിരോധരംഗത്ത് തുടരുന്ന അശാസ്ത്രീയ നിലപാടുകള്‍ രോഗവ്യാപനം കൂട്ടുകയേയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊവിഡ് ഒന്നോ രണ്ടോ വര്‍ഷം നീണ്ടുനില്‍ക്കാനാണ് സാധ്യതയെന്ന് ഐ.എം.എ വിലയിരുത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. ലോക്ക്ഡൗണ്‍ ശാസ്ത്രീയമായി പുനരാവിഷ്‌ക്കരിച്ചാല്‍ മാത്രമേ കൊവിഡിനൊപ്പം ജീവിക്കുക എന്ന നയം നടപ്പാകൂ. ആള്‍ക്കൂട്ടങ്ങളാണ് രോഗവ്യാപനത്തിന് കാരണമായിത്തീരുന്നതെന്ന് വ്യക്തമായ സ്ഥിതിക്ക് വ്യാപാര സ്ഥാപനങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ ആളുകളുടെ തിരക്ക് ഒഴിവാക്കാന്‍ പ്രായോഗികവും ശാസ്ത്രീയവുമായ നടപടികളാണ് ഉണ്ടാകേണ്ടത്. ദിവസവും കടകള്‍ ഒരു നിശ്ചിത സമയം വരെ തുറന്നു പ്രവര്‍ത്തിക്കുക എന്നതുതന്നെയാണ് പോംവഴി.

ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഒരവസ്ഥയില്‍ കടകള്‍ തുറക്കുകയല്ലാതെ തങ്ങള്‍ക്ക് മുന്‍പില്‍ വേറെ വഴികളില്ലെന്ന വ്യപാരി സമൂഹത്തിന്റെ ആവലാതി ന്യായയുക്തമാണ്. എത്രയോ ഹോട്ടലുകളും കടകളും ഇതിനകം പൂട്ടി. ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഉള്ള ഇരുപതിനായിരം വ്യാപാര സ്ഥാപനങ്ങളാണ് ഇതിനകം സംസ്ഥാനത്ത് അടച്ചുപൂട്ടിയത്. വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ നികുതി പിരിവ് ഊര്‍ജിതമാക്കിയതും വ്യാപാരികള്‍ക്ക് മറ്റൊരു പ്രഹരമായി. തദ്ദേശ സ്ഥാപന മേഖലയിലെ ടി.പി.ആര്‍ നിരക്ക് കണക്കാക്കുന്നത് ശാസ്ത്രീയമല്ലെന്ന പരാതി വ്യാപകമാണ്. ഒരു പഞ്ചായത്തിലെ കട അടക്കുമ്പോള്‍ തൊട്ടടുത്ത കട അടുത്ത പഞ്ചായത്തിന്റെ അതിര്‍ത്തിയിലായിരിക്കും. അത്തരം കടകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

വ്യാപാരികള്‍ മാത്രമല്ല അശാസ്ത്രീയ നിയന്ത്രണങ്ങള്‍ കാരണം കഷ്ടപ്പെടുന്നത്. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കയറ്റിറക്ക് തൊഴിലാളികള്‍, മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗുഡ്‌സ് ഓട്ടോ തൊഴിലാളികള്‍ എന്നിവരെല്ലാം പ്രയാസത്തിലാണ്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിനു നാനാതുറകളില്‍ നിന്നും വ്യാപകമായ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു വേളയില്‍ തന്നെയാണ് സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ചു വ്യാപാരികളുമായി ഇന്ന് ചര്‍ച്ച നടത്തുന്നതെന്നത് നല്ല കാര്യമാണ്. ഏറ്റുമുട്ടലിന്റെ സ്വരം മാറ്റിയ സര്‍ക്കാര്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ അനുഭാവപൂര്‍വം കേട്ട്, ഇരു വിഭാഗങ്ങള്‍ക്കും തൃപ്തികരമാകുന്ന തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago