ആര്യാടന് വിടചൊല്ലി ജന്മനാട്: ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം
നിലമ്പൂർ • മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന് ജന്മനാട് വിട നൽകി. നിലമ്പൂർ മുക്കട്ട വലിയ ജുമാമസ്ജിദിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. മൃതദേഹം വീട്ടിൽനിന്ന് പള്ളിയിലേക്ക് എടുക്കുന്നത് വരെ നേതാവിനെ ഒരു നോക്ക് കാണാൻ വൻ തിരക്കായിരുന്നു.
രാഹുൽ ഗാന്ധിക്ക് പുറമേ മന്ത്രിമാരും സ്പീക്കറും ഉൾപ്പെടെ കേരള രാഷ്ട്രീയത്തിലെ പ്രധാന നേതാക്കളും പൗരപ്രമുഖരും അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. ആറ് പതിറ്റാണ്ടിലേറെ കാലം നിലമ്പൂരിനെ മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തെ വരെ കൈവെള്ളയിലൊതുക്കിയ പ്രിയങ്കരനായ നേതാവിന്റെ ഭൗതിക ശരീരം ഒരുനോക്കു കാണുവാൻ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും സ്ത്രീ പുരുഷ ഭേദമന്യേ പ്രവർത്തകരും ആര്യാടൻ വസതിയിലേക്ക് ഒഴുകിയെത്തി. രാവിലെ എട്ടരയോടെ ബന്ധുക്കൾക്കെല്ലാം ഒരിക്കൽ കൂടി കാണാൻ അവസരം നൽകി. മന്ത്രിമാരായ എൻ.കെ ശശിധരൻ, വി. അബ്ദുറഹിമാൻ എന്നിവരുടെ സാന്നിധ്യത്തിൽ വീട്ടുമുറ്റത്ത് ഔദ്യോഗിക ബഹുമതികൾ നൽകി.
നിലമ്പൂർ പഴയ മുനിസിപ്പൽ കെട്ടിടത്തിനു സമീപമുള്ള ആര്യാടന്റെ വീട്ടിൽ നിന്നും ഒന്നര കിലോമീറ്ററർ ദൂരം നടന്നാണ് വിലാപയാത്രയോടു കൂടി മൃതദേഹം മുക്കട്ട വലിയ ജുമാമസ്ജിദിലേക്ക് എത്തിച്ചത്. ഒമ്പതരയോടെ മയ്യിത്ത് നമസ്‌കാരത്തിന് മരുമകൻ ഡോ. ഉമ്മർ നേതൃത്വം നൽകി. തുടർന്ന് ഖബർ ഒരുക്കിയിടത്ത് തന്നെ പൊലിസിന്റെ ഗാർഡ് ഓഫ് ഹോണർ നൽകി ബഹുമതികളോടെ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."