സര്‍ക്കാരിന്റെ പുതിയ തീരുമാനം ഭരണഘടനാ വിരുദ്ധം, നഷ്ടം പിന്നോക്ക മുസ്‌ലിം ജനവിഭാഗത്തിന്
പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് നിയമവിദഗ്ധര്‍. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച സച്ചാര്‍ കമ്മിറ്റിയേയും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റിയേയും പൂര്‍ണമായും തള്ളിക്കളയുന്ന തരത്തിലാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
സ്‌കോളര്‍ഷിപ്പ് അനുപാതം പുനഃക്രമീകരിക്കുന്നതോടെ ഇരു കമ്മിറ്റികളുടേയും ശുപാര്‍ശകള്‍ സംസ്ഥാനത്ത് അപ്രസക്തമാവുമെന്നും വിദഗ്ധര്‍ പറയുന്നു.
ഇരു കമ്മിറ്റികളും നിര്‍ദേശിച്ച എല്ലാ ആനുകൂല്യങ്ങളും 59:41 ശതമാനത്തില്‍ മറ്റു വിഭാഗങ്ങള്‍ക്ക് കൂടി വീതിച്ചു നല്‍കേണ്ടിയും വരും. കേന്ദ്ര സര്‍ക്കാര്‍ സച്ചാര്‍ കമ്മിറ്റിയെയും സംസ്ഥാന സര്‍ക്കാര്‍ പാലോളി കമ്മിറ്റിയെയും നിയോഗിച്ചത് മുസ്‌ലിം വിഭാഗത്തിന്റെ പൂര്‍ണമായും പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാനാണ്.
അല്ലാതെ ന്യൂനപക്ഷ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാനല്ല. അത്‌കൊണ്ട് തന്നെ ഈ രണ്ട് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം നിലവില്‍ പിന്നോക്ക മുസ്‌ലിം ജന വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്. സ്‌കോളര്‍ഷിപ്പുകളടക്കം എല്ലാ ആനുകൂല്യങ്ങളും നൂറു ശതമാനം മുസ്‌ലിം വിഭാഗത്തിന് നല്‍കണമെന്ന് രണ്ടു റിപ്പോര്‍ട്ടുകളും പറയുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ നോക്കുകുത്തിയാക്കുന്ന വിധത്തിലാണ് ഇപ്പോള്‍ പുതിയ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. സര്‍ക്കാരിന്റെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് നിയമവിദഗ്ധനും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. വി.കെ ബീരാന്‍ സുപ്രഭാതത്തോട് പറഞ്ഞു.
കൂടാതെ പാലോളി കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ മുസ്‌ലിം ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ നിലവാരം ക്രിസ്ത്യാനികളേയും മറ്റു പാരമ്പര്യ ജാതിക്കാരേയും അപേക്ഷിച്ച് വളരെ താഴെയാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് കൂടുതല്‍ ആനുകൂല്യങ്ങളും സ്‌കോളര്‍ഷിപ്പുകളും നല്‍കാന്‍ പാലോളി കമ്മിറ്റി തീരുമാനിച്ചത്. എന്നാല്‍ ഇതിലേക്ക് ന്യൂനപക്ഷം എന്ന ലേബല്‍ കൊണ്ടു വന്ന് പിന്നാക്ക മുസ്‌ലിം ജനവിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കാനാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുസ്‌ലിം ജനവിഭാഗം ന്യൂനപക്ഷവും അതുപോലെ തന്നെ പിന്നാക്കവുമാണ്. അത്‌കൊണ്ട് ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കണമെന്ന് പറയുന്ന ആനുകൂല്യവും പിന്നാക്കക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യവും ഒരു പോലെ മുസ്‌ലിം ജനവിഭാഗത്തിന് ലഭിക്കേണ്ടതാണ്. എന്നാല്‍ പുതിയ തീരുമാനത്തോടെ ഇതെല്ലാം ചോദ്യചിഹ്നമായി മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."