സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് സൂചന
ചണ്ഡിഗഢ്: പഞ്ചാബ് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നുവെന്ന് സൂചന. മുതിര്‍ന്ന നേതാവ് നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാകുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സിദ്ദുവുമായുള്ള പ്രശ്നങ്ങള്‍ തീര്‍പ്പാക്കുന്നതിന് ഹൈക്കമാന്‍ഡ് ഈ ഫോര്‍മുലയാണ് മുന്നോട്ടുവച്ചിരിക്കുന്നതെന്നു നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസിനെ വലച്ചിരുന്നു. പാര്‍ട്ടി നേതൃസ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും അമരീന്ദര്‍ സിങ് വിഭാഗം കൈവശംവച്ചതിനെതിരേ സിദ്ദുവിന്റെ നേതൃത്വത്തില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് സിദ്ദുവുമായും അമരീന്ദര്‍ സിങ്ങുമായും രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, സിദ്ദുവിനെ പാര്‍ട്ടി അധ്യക്ഷാനാക്കുകയെന്ന നിര്‍ദേശം അമരീന്ദര്‍ സിങ് നേരത്തെ അംഗീകരിച്ചിരുന്നില്ലെന്നാണ് വിവരം. ഇതിനു പിന്നാലെ അമരീന്ദര്‍ സിങ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിദ്ദുവിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. രണ്ടു വര്‍ക്കിങ് പ്രസിഡന്റുമാര്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.
നേരത്തെ, താന്‍ എ.എ.പിയിലേക്കു പോകുമെന്ന സൂചന നല്കി സിദ്ദു ട്വീറ്റ് ചെയ്തത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."