യുവേഫ നേഷന്‍സ് ലീഗ്: ഇറ്റലി, ക്രൊയേഷ്യ, നെതര്‍ലന്‍ഡ് സെമിയില്‍
ലിസ്ബണ്‍: യുവേഫ നേഷന്‍സ് ലീഗില്‍ ഇറ്റലി, ക്രൊയേഷ്യ, നെതര്‍ലന്‍ഡ് ടീമുകള്‍ സെമിയില്‍ കടന്നു. അവശേഷിക്കുന്ന ഏക സെമിഫൈനല്‍ ബെര്‍ത്തിനായി പോര്‍ച്ചുഗലും സ്പെയിനും ഇന്ന് കൊമ്പുകേര്ക്കും. ചൊവ്വാഴ്ച രാത്രി 12.15നാണ് ഗ്രൂപ്പ് പോരാട്ടങ്ങള്‍.
അതേസമയം, ജര്‍മനിയോട് സമനില വഴങ്ങിയതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഒരു ജയംപോലുമില്ലാതെയാണ് ഇംഗ്ലണ്ട് ഈ സീസണ് അവസാനിപ്പിച്ചത്. ലോകകപ്പ് ഫുട്ബോള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടീമുകളുടെ പ്രകടനത്തിന് ഏറെ പ്രാധാന്യമുണ്ട്. സൂപ്പര്‍ പോരില്‍ ഇംഗ്ലണ്ടും ജര്‍മനിയും മൂന്ന് ഗോളുകള്‍ വീതം നേടി. രണ്ടാംപകുതിയിലാണ് ആറ് ഗോളുകളും പിറന്നത്. ആദ്യം രണ്ടു ഗോളുകള്‍ നേടി ആധിപത്യമുറപ്പിച്ച ശേഷമാണ് ജര്‍മനി സമനില വഴങ്ങിയത്. കായ് ഹാര്വെര്ട്ട്സ് രണ്ടു ഗോളും ഇകായ് ഗുണ്ടോഗന് ഒരു ഗോളും നേടി. ഇംഗ്ലണ്ടിനു വേണ്ടി ലൂക്ക് ഷോ, മാസണ് മൗണ്ട്, ഹാരി കെയ്ന്‍ എന്നിവര്‍ ഗോളുകള്‍ നേടി.
ഹംഗറിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇറ്റലി അവസാന നാലില്‍ ഇടം ഉറപ്പാക്കിയത്. ഗ്രൂപ്പില്‍ 11 പോയിന്റുമായി ഇറ്റലി ഒന്നാമതെത്തി. 10 പോയിന്റുമായി ഹംഗറിയാണ് രണ്ടാംസ്ഥാനത്ത്.
ഇന്നത്തെ സ്പെയിന്-പോര്‍ച്ചുഗല്‍ മല്‍സരം ജീവന്മരണ പോരാട്ടമാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് സമനില ലഭിച്ചാലും സെമിയിലെത്താം. സ്പെയിന് എട്ട് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മല്‍സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് തോറ്റതിനാല്‍ ഇന്ന് ജയം അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."