ന്യൂനപക്ഷസ്‌കോളര്‍ഷിപ്പ് അനുപാതംവെട്ടിക്കുറച്ചു, മുസ്‌ലിംകള്‍ക്ക് 59 ശതമാനം മാത്രം
തിരുവനന്തപുരം: സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് നടപ്പിലാക്കി വന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം വെട്ടിക്കുറച്ച് സര്‍ക്കാര്‍. 59 ശതമാനമായിട്ടാണ് വെട്ടിക്കുറച്ചത്. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇത് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിലാണ് അനുപാതത്തില്‍ മാറ്റം വരുത്തിയത്. സെന്‍സസ് അനുസരിച്ച് മുസ്‌ലിം 26.56 ശതമാനം, ക്രിസ്ത്യന്‍ 18.38 ശതമാനം, ബുദ്ധര്‍ 0.01 ശതമാനം, ജൈന്‍ 0.01 ശതമാനം, സിഖ് 0.01 ശതമാനം എന്നിങ്ങനെയാണ് ജനസംഖ്യ. ഇതുപ്രകാരം സ്‌കോളര്‍ഷിപ്പ് വീതിക്കുമ്പോള്‍ മുസ്‌ലിം വിഭാഗത്തിന് 21 ശതമാനത്തിന്റെ കുറവായിരിക്കും വരിക.
സര്‍ക്കാര്‍ തീരുമാനത്തിലൂടെ കേരളത്തിലെ മുസ്‌ലിം സമുദായത്തിന് വന്‍ നഷ്ടമാണുണ്ടായിട്ടുള്ളത്. 59 ശതമാനം മാത്രമായിരിക്കും ഇനി മുസ്‌ലിംകള്‍ക്കു ലഭിക്കുക. അതേസമയം 40.87 ശതമാനം ക്രൈസ്തവര്‍ സ്‌കോളര്‍ഷിപ്പിന്റെ ഗുണഭോക്താക്കളായി മാറും.
ഇക്കഴിഞ്ഞ മെയ് 28നാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 80 ശതമാനം മുസ്‌ലിം സമുദായംഗങ്ങള്‍ക്കും 20 ശതമാനം ലാറ്റിന്‍, പരിവര്‍ത്തിത ക്രൈസ്തവ സമുദായംഗങ്ങള്‍ക്കുമെന്ന രീതി ഹൈക്കോടതി റദ്ദാക്കിയത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസംഘടനകളുടെയും അഭിപ്രായം ആരാഞ്ഞിരുന്നു.
ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
പാലോളി കമ്മിറ്റി ശുപാര്‍ശയനുസരിച്ചുള്ള സ്‌കോളര്‍ഷിപ്പ് മുസ്‌ലിം സമുദായത്തിന് മാത്രമായി നല്‍കുകയും മറ്റുള്ളവര്‍ക്ക് സമാന രീതിയില്‍ മറ്റു പദ്ധതികള്‍ നടപ്പാക്കാമെന്ന നിര്‍ദേശം സമിതി അംഗങ്ങളില്‍ ചിലര്‍ മുന്നോട്ടു വച്ചെങ്കിലു ഇത് നിയമ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രിസഭാ യോഗം തള്ളുകയായിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സച്ചാര്‍ കമ്മിറ്റി സ്‌കീം ഇംപ്ലിമെന്റേഷന്‍ സെല്‍ എന്ന പേരിലോ സമാനമായ മറ്റെന്തെങ്കിലും പേരിലോ പ്രത്യേക വിഭാഗമുണ്ടാക്കി മുസ്‌ലിം സമുദായത്തിനുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍ദേശം വച്ചിരുന്നെങ്കിലും അതും സര്‍ക്കാര്‍ അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."