'ബി.ജെ.പിയില്‍ തുടരുകയെന്നത് അസാധ്യം' നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു
'ബി.ജെ.പിയില്‍ തുടരുകയെന്നത് അസാധ്യം' നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന് ചന്ദ്രകുമാര്‍ ബോസ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. നേതാജിയുടെ ആശയങ്ങള്‍ക്ക് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തില്‍ നിന്നോ ബംഗാള്‍ നേതൃത്വത്തില്‍ നിന്നോ പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി. 'നേതാജി സുഭാഷ് ചന്ദ്രബോസ് മുന്നോട്ട് വെച്ച, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയവുമായി മുന്നോട്ടുപോകാമെന്നായിരുന്നു ബി.ജെ.പിയില്‍ ചേരുമ്പോള്‍ നേതൃത്വം എനിക്ക് വാഗ്ദാനം നല്‍കിയത്. എന്നാല്‍, അത്തരത്തിലുള്ള യാതൊന്നും നടക്കുന്നില്ല. നേതാജിയുടെ ആശയം ബി.ജെ.പിയില്‍ നിന്നുകൊണ്ട് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനായിരുന്നു എന്റെ നീക്കം.
എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കുക എന്ന നേതാജിയുടെ ആശയം പ്രചരിപ്പിക്കുന്നതിനായി ആസാദ് ഹിന്ദ് മോര്‍ച്ച എന്ന സംഘടന രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. മതവും ജാതിയും നോക്കാതെ ആളുകളെ ഉള്‍ക്കൊള്ളുന്നതായിരുന്നു ഇത്. എന്നാല്‍ എന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നോ സംസ്ഥാന ബി.ജെ.പിയില്‍ നിന്നോ ഒരു പിന്തുണയും ലഭിച്ചില്ല. ബംഗാളിലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരു പദ്ധതിയും ഞാന്‍ മുന്നോട്ടുവെച്ചിരുന്നു. ഇതും അവഗണിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ ബി.ജെ.പിയില്‍ തുടരുകയെന്നത് അസാധ്യമായിരിക്കുന്നു.' ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡക്ക് നല്കിയ രാജിക്കത്തില്‍ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. 2016ലാണ് ചന്ദ്രകുമാര്‍ ബോസ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."