പേവിഷവിമുക്ത കേരളം സാധ്യമാക്കാൻ
ഡോ. എം. മുഹമ്മദ് ആസിഫ്
പൊതുജനാരോഗ്യത്തിന് എക്കാലത്തും വലിയ വെല്ലുവിളിയുയർത്തുന്ന ജന്തുജന്യരോഗമായ പേവിഷബാധ(റാബീസ്) പ്രതിരോധത്തെ പറ്റിയുള്ള ഓർമപെടുത്തലുമായി ഇന്ന് ലോക പേവിഷബാധ ദിനമായി ആചരിക്കുകയാണ്. പേവിഷ പ്രതിരോധത്തിൽ പരസ്പരസഹകരണത്തോടെയുള്ള പ്രവർത്തനങ്ങളുടെ പ്രസക്തി ഓർമിപ്പിച്ചുകൊണ്ട് 'പേവിഷബാധ ഏകാരോഗ്യത്തിലൂടെ മരണങ്ങൾ പൂർണമായും തടയാം' ( Rabies: One Health, Zero Deaths) എന്ന പ്രധാന പ്രമേയവുമായാണ് ഈ വർഷം പേവിഷദിനം ആചരിക്കപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന ജന്തുജന്യരോഗമാണ് പേവിഷബാധ. പേവിഷബാധയ്ക്ക് കാരണം റാബ്‌ഡോ വൈറസ് കുടുംബത്തിലെ ലിസ്സ റാബീസ് എന്നയിനം ആർ.എൻ.എ വൈറസുകളാണ്. ഉഷ്ണരക്തം ശരീരത്തിലോടുന്ന ഏതൊരു സസ്തനി മൃഗത്തെയും രോഗബാധിതമാക്കാനുള്ള ശേഷി റാബീസ് വൈറസിനുണ്ട്.
മറക്കരുത് പ്രതിരോധ പാഠങ്ങൾ
മൃഗങ്ങളിൽനിന്ന് കടിയോ പോറലോ ഏൽക്കുകയോ ഉമിനീർ മുറിവിൽ പുരളുകയോ ചെയ്യുമ്പോൾ ആദ്യമിനിറ്റുകളിൽ ചെയ്യേണ്ടത് മുറിവേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുകയാണ്. പെപ്പിൽനിന്ന് വെള്ളം മുറിവിൽ നേരിട്ട് പതിപ്പിച്ച് സോപ്പ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് പത്ത്-പതിനഞ്ച് മിനിറ്റെങ്കിലും സമയമെടുത്ത് കഴുകണം. മുറിവ് വൃത്തിയാക്കാൻ വേണ്ടിയല്ല, മറിച്ച് മുറിവിൽ പുരണ്ട ഉമിനീരിൽ മറഞ്ഞിരിക്കുന്ന അതിസൂക്ഷ്മ വൈറസുകളെ നിർവീര്യമാക്കാൻ വേണ്ടിയാണ് ഇങ്ങനെ കഴുകുന്നത്. റാബീസ് വൈറസിൻ്റെ പുറത്തുള്ള കൊഴുപ്പ് തന്മാത്രകൾ ചേർന്ന ഇരട്ട ആവരണത്തെ അലിയിപ്പിച്ച് കളഞ്ഞ് മുറിവിൽ നിക്ഷേപിക്കപ്പെട്ട 90-95 ശതമാനത്തോളം വൈറസുകളെ നിർവീര്യമാക്കാനുള്ള ശേഷി സോപ്പിൻ്റെ രാസഗുണത്തിലുണ്ട്. ഈ രീതിയിൽ യഥാസമയത്ത് ചെയ്യേണ്ട പ്രഥമശുശ്രൂഷയുടെ അഭാവമാവാം ഒരുപക്ഷേ പേവിഷ പ്രതിരോധ വാക്‌സിൻ സ്വീകരിച്ച ചിലരിൽ രോഗബാധയുണ്ടാകാൻ ഇടയാക്കിയത്. പലപ്പോഴും തല, കൺപോള, ചെവി പോലുള്ള ഭാഗങ്ങളിൽ കടിയേറ്റാൽ പലരും പേടികാരണം കൃത്യമായി കഴുകാറില്ല, ഇത് അപകടം വിളിച്ചുവരുത്തും. പേവിഷ വൈറസിന്റെ ലക്ഷ്യസ്ഥാനമായ മസ്തിഷ്‌ക്കത്തോട് അടുത്തുകിടക്കുന്ന തല, മുഖം, കഴുത്ത് എന്നിവിടങ്ങളിൽ കടിയേറ്റാൽ അഞ്ചു മിനിറ്റിനകം തന്നെ പരമാവധി സമയം സോപ്പുപയോഗിച്ച് കഴുകണം. കഴുകിയതിന് ശേഷം മുറിവിൽ സ്പിരിറ്റോ അയഡിൻ അടങ്ങിയ ആന്റി സെപ്റ്റിക് ലേപനങ്ങളോ പുരട്ടാവുന്നതാണ്. കടിയേറ്റ മുറിവുകളിൽ തണുപ്പോ ചൂടോ ഏൽപ്പിക്കുക, മണ്ണോ ഉപ്പോ മഞ്ഞളോ മറ്റോ പുരട്ടുക തുടങ്ങിയവയെല്ലാം തീർച്ചയായും ഒഴിവാക്കണം. ഇതെല്ലാം മുറിവുകളിൽ പേശികളോടെ ചേർന്നുള്ള നാഡീതന്തുക്കളെ ഉത്തേജിപ്പിക്കുകയും റാബീസ് വൈറസിന് പേശികളിലെ നാഡീതന്തുക്കളിലേക്ക് കടന്നുകയറാനുള്ള വഴിയും വേഗവും എളുപ്പമാക്കുകയും ചെയ്യും. പ്രഥമശുശ്രൂഷ കഴിഞ്ഞാലുടൻ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടണം. മുറിവോ മറ്റു പോറലുകളോ ഇല്ലെങ്കിൽ പേവിഷ പ്രതിരോധത്തിനായുള്ള വാക്‌സിൻ (ഐ.ഡി.ആർ.വി) എടുക്കേണ്ടതില്ല. തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയുണ്ടെങ്കിൽ വാക്‌സിനെടുക്കണം.
വാക്‌സിനെടുക്കാൻ വിമുഖത വേണ്ട
വളർത്തുമൃഗങ്ങളായ പൂച്ചകളെയും നായ്ക്കളെയും കൃത്യമായ പ്രായത്തിൽ പേവിഷബാധ പ്രതിരോധ വാക്‌സിൻ നൽകി റാബീസ് വൈറസിൽ നിന്ന് സുരക്ഷിതമാക്കാൻ മറക്കരുത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ പേവിഷബാധയേറ്റ് മരിച്ച ഇരുപത്തിയൊന്ന് പേരിൽ ആറുപേർക്കും രോഗബാധയേറ്റത് വളർത്തുനായ്ക്കളിൽ നിന്നായിരുന്നു. ഈയൊരു സാഹചര്യത്തിൽ വളർത്തുനായ്ക്കളുടെയും പൂച്ചകളുടെയും പ്രതിരോധ വാക്‌സിനേഷന് വലിയ പ്രാധാന്യമുണ്ട്. വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും മൂന്ന് മാസം (12 ആഴ്ച / 90-100 ദിവസം) പ്രായമെത്തുമ്പോൾ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവയ്പ്പ് നൽകണം. പിന്നീട് നാല് ആഴ്ചകൾക്ക് ശേഷം (16 ആഴ്ച) ബൂസ്റ്റർ കുത്തിവയ്പ്പ് നൽകണം. തുടർന്ന് വർഷാവർഷം പ്രതിരോധ കുത്തിവയ്പ്പ് ആവർത്തിക്കണം. പൂർണസമയം വീട്ടിനകത്ത് തന്നെയിട്ട് വളർത്തുന്ന അരുമകൾക്ക് വാക്‌സിനേഷൻ വേണോ എന്ന് ചിന്തിക്കുന്നവരുണ്ട്. അരുമകൾ അകത്തായാലും പുറത്തായാലും വാക്‌സിൻ എടുക്കുന്നതിൽ വിമുഖത അരുത്. വാക്‌സിൻ നൽകിയ രേഖകൾ കൃത്യമായി സൂക്ഷിക്കണം.
പേവിഷവിമുക്ത കേരളത്തിലേക്ക് ഇനിയെത്ര ദൂരം
ദൈവത്തിന്റെ സ്വന്തം നാട് എന്ന സുപ്രസിദ്ധി തെരുവുനായ്ക്കളുടെ നാട് എന്ന കുപ്രസിദ്ധിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ആശങ്കയുയർത്തുന്ന സാഹചര്യമാണ് നിലവിൽ കേരളം നേരിടുന്നത്. പുതിയ കണക്കുകൾ പ്രകാരം രണ്ടരലക്ഷത്തിലധികമാണ് കേരളത്തിൽ തെരുവുനായ്ക്കളുടെ ഏകദേശ എണ്ണം. തെരുവുനായ്ക്കളും പേവിഷബാധയും ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്ന വിഷയങ്ങളാണ്. ഇവയുടെ ഫലപ്രദമായ നിയന്ത്രണവും പ്രതിരോധ കുത്തിവയ്പ്പ് പേവിഷബാധ നിർമാർജനത്തിന്റെ ആദ്യ പടിയാണ്. തെരുവുനായ്ക്കളെ കൂട്ടമായി കൊന്നുതള്ളുന്നത് പോലുള്ള കണ്ണില്ലാത്ത ക്രൂരതകളിലൂടെ അവയുടെ നിയന്ത്രണം സാധ്യമാവില്ല. നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയയിലൂടെ മാത്രമേ അവയുടെ ഫലപ്രദവും ശാസ്ത്രീയവുമായ നിയന്ത്രണം സാധ്യമാവൂ.
തെരുവുനായ്ക്കളുടെ പെരുപ്പത്തിൻ്റെ അടിസ്ഥാനകാരണങ്ങൾ കണ്ടെത്തി തിരുത്താനുള്ള അടിയന്തരനടപടികൾ വേണം. നിരത്തുകളിൽ സുലഭമായി ലഭ്യമായ ഭക്ഷണാവശിഷ്ടം നായകളുടെ പെരുപ്പത്തിന് മൂലകാരണമാണ്. കേരളത്തിൽ പേവിഷ വൈറസിന്റെ നിശബ്ദ കാരിയർമാരായ കീരികളുടെ പെരുപ്പത്തിന്റെ കാരണവും ഇതുതന്നെ. കോഴിഫാമുകളും അറവുശാലകളും അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന മാലിന്യം, ഹോട്ടൽ മാലിന്യം, വീടുകളിൽ നിന്ന് പുറത്തേക്ക് എറിയുന്ന ഭക്ഷണമാലിന്യം, ആഘോഷാവസരങ്ങളിൽ ഉണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങി പൊതുസ്ഥലത്ത് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ വരെ നായകളുടെ എണ്ണം ഉയർത്തുന്നതിൽ പങ്കുവഹിക്കുന്നു. ഇത്തരം വിഷയങ്ങളിൽ നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കപ്പെടണം. ശാസ്ത്രീയമായി സംസ്‌കരിക്കാതെ പൊതുയിടങ്ങളിൽ ഭക്ഷണമാലിന്യങ്ങൾ പുറന്തള്ളുന്നവർക്കെതിരേ കർശന നടപടികൾ വേണം. തദ്ദേശസ്ഥാപനങ്ങൾ പൊതുയിടങ്ങളിൽ നിന്നുള്ള മാലിന്യനീക്കം ശക്തിപ്പെടുത്തണം.
തെരുവുനായ്ക്കൾ ഉൾപ്പെടെ ഒരു പ്രദേശത്തെ എഴുപത് ശതമാനം നായ്ക്കൾക്കും വർഷാവർഷം പേവിഷ പ്രതിരോധ വാക്‌സിൻ നൽകാൻ കഴിഞ്ഞാൽ നായ്ക്കളിലെ പേവിഷബാധ നിർമാർജനം ചെയ്യാൻ കഴിയുമെന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതാണ്. മാത്രമല്ല, മനുഷ്യരിൽ രോഗബാധക്കുള്ള സാധ്യത ഏകദേശം പൂർണമായും തന്നെ തടയാൻ കഴിയും. എഴുപതു ശതമാനം നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്‌സിൻ നൽകാൻ കഴിഞ്ഞാൽ ബാക്കി നായ്ക്കൾ പേവിഷ വൈറസിനെതിരേ ആർജിത പ്രതിരോധം കൈവരിക്കുകയും ഹെർഡ് ഇമ്യൂണിറ്റി അഥവാ കൂട്ട പ്രതിരോധം എന്ന ലക്ഷ്യം നേടുകയും ചെയ്യും. പേവിഷ വൈറസിന്റെ വഹിക്കാൻ പിന്നെ നായ്ക്കൾക്കാവില്ല. ഗോവ, ജയ്പൂർ,നീലഗിരി ഉൾപ്പെടെ അതിന്റെ തെളിയിക്കപ്പെട്ട മാതൃകകളും നമുക്ക് മുന്നിൽ വഴികാട്ടിയായുണ്ട്.
തെരുവുനായ്ക്കളുടെ ആന്റി റാബീസ് വാക്‌സിനേഷന് സർക്കാർ തുടക്കം കുറിച്ചത് സ്വാഗതാർഹമാണ്. തെരുവുനായ്ക്കളിൽ നടത്തുന്ന അതി തീവ്ര ആന്റി റാബീസ് വാക്‌സിനേഷൻ യജ്ഞത്തിന് ശേഷം വാക്‌സിൻ നായ്ക്കളുടെ ശരീരത്തിലുണ്ടാക്കിയ ഫലത്തെപ്പറ്റി പ്രാദേശിക പഠനങ്ങൾ വെറ്ററിനറി സർവകലാശാല നടത്തണം. തെരുവുനായ്ക്കളുടെ വംശവർധനവ് തടയുന്നതിനായുള്ള ആനിമൽ ബർത്ത് കണ്ട്രോൾ(എ.ബി.സി) ആന്റി റാബീസ് വാക്‌സിനേഷൻ(എ.ആർ) പദ്ധതി ഇടവേളകളില്ലാതെ നടപ്പാക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതുവരെ കാണിച്ച ഉദാസീനത തിരുത്തി കാര്യക്ഷമമായ എ.ബി.സി -എ.ആർ പദ്ധതി നടക്കണം. കാര്യക്ഷമമായ എ.ബി.സി- എ.ആർ പദ്ധതി നടപ്പാക്കുന്നതിനായി ഒരു സമഗ്ര ആരോഗ്യ മിഷൻ തന്നെ സർക്കാരിന് വിഭാവനം ചെയ്യാവുന്നതാണ്. വളർത്തുനായ്ക്കളുടെ ബ്രീഡിങ്ങുമായി ബന്ധപ്പെട്ട് നിലവിലുള്ള കേന്ദ്ര നിയമങ്ങൾ കർശനമായി കേരളത്തിൽ നടപ്പാക്കണം.
ലൈസൻസും വാക്‌സിനേഷനുമില്ലാതെ നായ്ക്കളെ പരിപാലിക്കുന്നവർക്കും അനധികൃത നായപ്രജനനകേന്ദ്രങ്ങൾ നടത്തുന്നവർക്കും കനത്ത പിഴശിക്ഷ തന്നെ വേണ്ടതുണ്ട്. തെരുവ് നായ്ക്കളെ പിടികൂടി പ്രജനനനിയന്ത്രണ പ്രവർത്തനങ്ങളും പ്രതിരോധകുത്തിവയ്പും കാര്യക്ഷമമായി നടപ്പിലാക്കാൻ സ്ഥിരം സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ദീർഘവീക്ഷണമുള്ള പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കാത്തിടത്തോളം കാലം പേവിഷവിമുക്ത നാട് എന്ന കേരളത്തിന്റെ ലക്ഷ്യം സ്വപ്നം മാത്രമായി ചുരുങ്ങുമെന്നത് തീർച്ചയാണ്.
(മൃഗസംരക്ഷണവകുപ്പിൽ വെറ്ററിനറി ഡോക്ടറാണ് ലേഖകൻ )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."