'ആശയത്തെ അധികാരം കൊണ്ടല്ല നേരിടേണ്ടത്; പോപുലർ ഫ്രണ്ടിന്റെ നിരോധനം ജനാധിപത്യ വിരുദ്ധം'- എം.എൻ കാരശ്ശേരി
മലപ്പുറം: പോപുലർ ഫ്രണ്ടിന്റെ നിരോധനം ജനാധിപത്യ വിരുദ്ധമെന്ന് എം.എൻ കാരശ്ശേരി. അധികാരം കൊണ്ടോ ആയുധം കൊണ്ടോ ഒരു ആശയത്തെയും ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്നോട്ട് വെക്കുന്ന ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
'പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തത്വത്തോടും പ്രയോഗത്തോടും തീർത്തും എതിർപ്പുള്ളയാളാണ് ഞാൻ. പക്ഷേ, ആ സംഘടനയെ എന്നല്ല, ഏത് സംഘടനയെ നിരോധിക്കുന്നതും ജനാധിപത്യ വിരുദ്ധമായ ഒരു നിലപാടാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുക, അധികാരം കൊണ്ടോ ആയുധം കൊണ്ടോ നേരിടാൻ പാടില്ല. ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആർ.എസ്.എസിനെ നിരോധിച്ചിരുന്നു, അതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടായോ. അടിയന്തിരാവസ്ഥ കാലത്ത് വീണ്ടും നിരോധിച്ചു. വല്ല പ്രയോജനവും ഉണ്ടായോ ?' അദ്ദേഹം ചോദിച്ചു. പി.എഫ്.ഐ നിരോധനത്തെ കുറിച്ച് മീഡിയവൺ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഇവിടെ ഹിന്ദു തീവ്രവാദമുണ്ട് അതിന് മറുപടിയായി മുസ്‌ലിം തീവ്രവാദം എന്നതാണ് പോപുലർ ഫ്രണ്ടിന്റെ തത്വം. ഹിന്ദു തീവ്രവാദത്തിന് മറുപടിയായി ജനാധിപത്യമാണ് ഉണ്ടാകേണ്ടത്.' അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് ആശയത്തിനും പ്രചരിക്കാനും പ്രചരിപ്പിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നും അതിനെ ആശയപരമായാണ് നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും കൂടെ കേന്ദ്രം നിരോധിച്ചിട്ടുണ്ട്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കാണ് പോപ്പുലർ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. അഞ്ച് വർഷത്തെ നിരോധനം തന്നെയാണ് ഈ സംഘടനകൾക്കും ഏർപ്പെടുത്തിയിട്ടുള്ളത്. എസ്.ഡി.പി.ഐ നിരോധിക്കാനുള്ള നീക്കം നടക്കുന്നതായും റിപ്പോർട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."