പൊലിസിൽ പി.എസ്.സി നിയമനമാണ് അഭികാമ്യമെന്ന് സർക്കാർ
കണ്ണൂർ • പി.എസ്.സി നിയമനങ്ങൾ സുതാര്യവും അഴിമതി രഹിതവുമായതിനാൽ പൊലിസ് സേനയിലേക്കുള്ള നിയമനത്തിനു നിലവിലെ രീതി തുടരുന്നതാണ് അഭികാമ്യമെന്ന് ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. പൊലിസ് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. പൊലിസ് സേനയിലേക്കാണു പി.എസ്.സി കൂടുതൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതെന്ന കാര്യം പരിഗണിച്ച് സീനിയർ റാങ്കിലുള്ള രണ്ടു പൊലിസ് ഉദ്യോഗസ്ഥരെ 21 അംഗ പി.എസ്.സിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചില്ല.
പി.എസ്.സി നടത്തുന്ന യോഗ്യതാ പരീക്ഷ പാസായ ശേഷം കായിക, ആരോഗ്യനിലവാര പരിശോധനകൾ കഴിഞ്ഞ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികളുടെ പൊലിസ് വെരിഫിക്കേഷനും സ്വഭാവ പരിശോധനയും നടത്താറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
യോഗ്യരായ ഉദ്യോഗാർഥികളാണു നിലവിൽ നിയമനം നേടുന്നത്. പൂർണമായും പി.എസ്.സി മാനദണ്ഡങ്ങൾ പാലിച്ചാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് അപാകതയോ ക്രമക്കേടോ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാർക്കെതിരേ നിയമനടപടികൾ സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെക്കുറിച്ച് സ്‌പെഷൽ ബ്രാഞ്ച് മുഖേനയും അന്വേഷണം നടത്തും.
പി.എസ്.സിയിൽ വിജിലൻസ് വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയുണ്ടെങ്കിൽ പി.എസ്.സി വിജിലൻസിനു സമർപ്പിക്കാവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയം സർക്കാരിന്റെ നയപരമായ കാര്യമായതിനാൽ കമ്മിഷൻ ഇടപെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."