തെക്കേ ഭരതന്‍ ബാങ്ക് മുതല്‍ മുംബൈ ഭാരതീയന്‍സ് വരെ; ഇന്ത്യയുടെ പേര് മാറ്റം ട്രോളാക്കി സോഷ്യല്‍ മീഡിയ
തെക്കേ ഭരതന്‍ ബാങ്ക് മുതല്‍ മുംബൈ ഭാരതീയന്‍സ് വരെ; ഇന്ത്യയുടെ പേര് മാറ്റം ട്രോളാക്കി സോഷ്യല്‍ മീഡിയ
ഇന്ത്യയുടെ പേരുമാറ്റി ഭാരത് എന്നാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ സജീവമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയും കേന്ദ്ര നീക്കത്തിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമാവുകയും ചെയ്യുന്നതിനിടെ പേരുമാറ്റം ട്രോളാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ട്രോളന്മാര്‍ പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും പേരുകളില്‍ വരുന്ന മാറ്റങ്ങളാണ്. ഭാരത് പ്രീമിയര്‍ ലീഗ് മുതല്‍, എയര്‍ ഭാരതും മുംബൈ ഭാരതീയന്‍സുംവരെ ട്രോളുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിനെ തെക്കേ ഭരതന്‍ ബാങ്കാക്കിയിരിക്കുന്നു ഇവര്‍.
ജി20 രാജ്യങ്ങളിലെ നേതാക്കളെ അത്താഴവിരുന്നിന് ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക കത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഇതുവരെയുള്ള രാഷ്ട്രപതിയുടെ രേഖകളില്‍ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നാണ് ഉള്‍പ്പെടുത്തിയിരുന്നത്. പിന്നാലെ മോദിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനവുമായി എത്തിയ കുറിപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എന്നത് പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നാക്കി.
അമൃത്കാലിലേക്ക് രാജ്യം കടക്കുകയാണെന്നും അതിനാല്‍ ഭാരത് എന്ന പേരാണ് ഉചിതമെന്ന അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മയുടെ കുറിപ്പും വാര്‍ത്തക്ക് പിന്നാലെ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ, ഇന്ത്യ എന്ന രാജ്യത്തിന്റെ പേര് മാറ്റി ഭാരത് എന്നാക്കി മാറ്റാനുള്ള മോദി സര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമായാണിതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപ്പെട്ടപ്പോള്‍ തന്നെ 'ഇന്‍ഡ്യ' മോദിയുടെ കണ്ണിലെ കരടായിരുന്നു. 'അവര്‍ ഇന്‍ഡ്യയെന്ന പേരിനെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എല്ലാറ്റിലും ഇന്ത്യ ഉണ്ട്. ഇന്ത്യ എന്ന പേരുപയോഗിക്കുന്നതു കൊണ്ടുമാത്രം ഒരര്‍ത്ഥവും ഉണ്ടാകണമെന്നില്ല' എന്നൊക്കെയായിരുന്നു മോദിയുടെ വിമര്‍ശനം. ഇന്ത്യയില്‍ നിന്ന് ഭാരതിലേക്കുള്ള മാറ്റം യു.എസ് മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു.
സാമ്പത്തികമായി വലിയ ചെലവ് തന്നെ പേരുമാറ്റത്തിന് വേണ്ടിവരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ താഴെ തലം മുതല്‍ പേരുമാറ്റത്തിന്റെ ഭാഗമായി വ്യത്യാസങ്ങള്‍ വരുത്തേണ്ടി വരും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വരെ ഇതിന്റെ ചെലവ് വഹിക്കേണ്ടി വരും. രാജ്യത്തിന്റെ പേരു മാറുമ്പോള്‍ മാപ്പുകള്‍, റോഡ് നാവിഗേഷന്‍ സംവിധാനം, ലാന്‍ഡ്മാര്‍ക്ക് തുടങ്ങിയവയിലെല്ലാം മാറ്റങ്ങളുണ്ടാവും.
കണക്കുകളനുസരിച്ച് ഇന്ത്യക്ക് പേരുമാറ്റത്തിനായി 14,304 കോടിയാവും ചെലവഴിക്കേണ്ടി വരിക. കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷ പദ്ധതിക്കായി പ്രതിവര്‍ഷം 14,000 കോടിയാണ് ചെവഴിക്കുന്നത്. രാജ്യത്തെ 80 കോടി ജനങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇതിന് തുല്യമായ തുകയായിരിക്കും പേരുമാറ്റത്തിനായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുക.
ഇന്ത്യക്ക് മുമ്പ് മറ്റ് പല രാജ്യങ്ങളും ഇത്തരത്തില്‍ പേരുമാറ്റിയിട്ടുണ്ട്. 1972ല്‍ ശ്രീലങ്ക സിലോണ്‍ എന്ന പേര് ഔദ്യോഗിക രേഖകളില്‍ നിന്ന് മാറ്റിയിരുന്നു. 2018ല്‍ സ്വാസിലാന്‍ഡിലെ രാജവംശം രാജ്യത്തിന്റെ പേര് ഈസ്!വതിനി എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. ഇതിന് വന്ന ചെലവ് അഭിഭാഷകനായ ഡാരന്‍ ഒലിവര്‍ അന്ന് കണക്കാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."